കോൺഗ്രസ് നേതൃത്വത്തിൽ പൂർണ അതൃപ്തി ; ലീഗിനെ മുന്നണിയിൽ അവഗണിക്കുന്നു
നേതാക്കൾ കടിച്ചുകീറുന്നു ; കോൺഗ്രസിനെതിരെ ലീഗ്

സി പ്രജോഷ്‌കുമാർ
Published on Oct 04, 2025, 03:43 AM | 1 min read
മലപ്പുറം
സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ പൂർണ അതൃപ്തി പ്രകടിപ്പിച്ച് മുസ്ലിംലീഗ്. അവസരം കിട്ടിയാൽ പരസ്‌പരം കടിച്ചുകീറുന്ന നേതാക്കളെ വിശ്വസിച്ച് യുഡിഎഫിന് മുന്നോട്ട് പോകാനാകില്ല. പ്രശ്നം തീർക്കാൻ നോക്കുന്ന ലീഗിനെയും മുന്നണിയിൽ അവഗണിക്കുകയാണ്. ഇൗ സംവിധാനവുമായി തെരഞ്ഞെടുപ്പിലേക്ക് പോകാനാകില്ല. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരിട്ട് ഇടപെടണമെന്നും കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേർന്ന ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിൽ ആവശ്യമുയർന്നു. ഇക്കാര്യങ്ങളെല്ലാം കോൺഗ്രസ് ഹൈക്കമാൻഡിനെ ഉടൻ അറിയിക്കാനും യോഗം തീരുമാനിച്ചു.
നിർണായക തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുന്പോഴും കോൺഗ്രസിന്റെ സംഘടനാ പ്രശ്‌നം പരിഹരിക്കാനാവുന്നില്ലെന്ന് മുതിർന്ന ലീഗ് നേതാവ് ചൂണ്ടിക്കാട്ടി. കെപിസിസി പ്രസിഡന്റുമാരെ അടിക്കടി മാറ്റി. സണ്ണി ജോസഫ് എത്തിയിട്ടും മാറ്റമൊന്നുമില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ കണ്ടെത്താൻപോലും നേതൃത്വത്തിന് കഴിയുന്നില്ല. അയ്യപ്പസംഗമ വിഷയത്തിൽ എൻഎസ്‌എസും എസ്‌എൻഡിപിയും സർക്കാരിനൊപ്പം ചേർന്നത് വൻ തിരിച്ചടിയാണ്. കോൺഗ്രസ് നേതാക്കളുമായി സമുദായ നേതാക്കൾ ചർച്ചയ്‌ക്കുപോലും വഴങ്ങിയില്ല. ഇത് കാര്യങ്ങളെ ഗൗരവത്തിൽ സമീപിക്കാൻ കോൺഗ്രസിന് കഴിയാത്തതുകൊണ്ടാണ്. വടക്കൻ ജില്ലകളിൽ ഇടതുപക്ഷത്തിന് സ്വതവേ ശക്തിയുണ്ട്. സമുദായസംഘടനകളുടെ നിലപാട് തെക്കൻ ജില്ലകളിലും സഹായകമാകും. ഇൗ സ്ഥിതിയിലേക്ക് തള്ളിവിട്ടത് നേതൃത്വത്തിന്റെ കഴിവുകേടാണ്. കോൺഗ്രസിന്റെ ശക്തി ക്ഷയിച്ച സാഹചര്യത്തിൽ കൂടുതൽ സീറ്റ് വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
എം എം ഹസ്സനെ മാറ്റി അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറാക്കിയിട്ടും കാര്യമുണ്ടാകുന്നില്ല. മുന്നണി യോഗം സമയത്ത് ചേരുന്നില്ല. കെട്ടുറപ്പിനെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടുന്നുമില്ല.
തദ്ദേശ തെരഞ്ഞെടുപ്പിൽ തെക്കൻ ജില്ലകളിൽ റിബലുകളെ വച്ച് ലീഗ് സ്ഥാനാർഥികളെ തോൽപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗിന്റെ സീറ്റുകളിൽ കോൺഗ്രസ് പ്രാദേശിക നേതൃത്വം വിട്ടുനിന്നു. ഇത്തരം പ്രശ്നങ്ങളെല്ലാം അടിയന്തിരമായി പരിഹരിക്കാൻ ഹൈക്കമാൻഡ് വരണമെന്നും ലീഗ് തുറന്നടിച്ചു.









0 comments