എല്ലാം നഷ്ടമായ മനുഷ്യർക്ക് തണലൊരുക്കുന്ന സിപിഐ എം കരുതലിന്റെ മാതൃകയാണ് കൂട്ടിക്കൽ
‘ഇപ്പോൾ ഞങ്ങളെല്ലാം ഹാപ്പിയാ, എല്ലാ സൗകര്യവുമുണ്ട് ' ; എൽ ഡി എഫ് ഒരുക്കി സ്നേഹക്കൂടുകൾ

കൂട്ടിക്കൽ ദുരന്തബാധിതർക്കായി സിപിഐ എം കോട്ടയം ജില്ലാകമ്മിറ്റി നിർമിച്ച വീടിനുമുന്നിൽ ലീലാമ്മ
ജിതിൻ ബാബു
Published on Aug 01, 2025, 03:00 AM | 1 min read
കോട്ടയം
‘വർഷങ്ങളോളം കൂലിപ്പണിചെയ്ത പൈസ കൂട്ടിവച്ചും കടംവാങ്ങിയും ഞങ്ങൾ വച്ച വീടാ അന്ന് മണ്ണിനടിയിലായത്. എല്ലാം അവസാനിച്ചിടത്തുനിന്നാ ഇവിടെ ഈ പുതിയ തണല് കിട്ടിയത്’– ലീലാമ്മയുടെ വാക്കുകളിൽ ആശ്വാസത്തിന്റെ പുഞ്ചിരി. കൂട്ടിക്കൽ ദുരിതബാധിതർക്കായി തേൻപുഴയിൽ സിപിഐ എം കോട്ടയം ജില്ലാകമ്മിറ്റി നിർമിച്ചുനൽകിയ വീട്ടിൽ പുതിയ സ്വപ്നങ്ങൾ നെയ്യുകയാണ് ലീലാമ്മയെപോലുള്ള നൂറോളം പേർ.
‘ഇപ്പോൾ ഞങ്ങളെല്ലാം ഹാപ്പിയാ. വെള്ളവും വൈദ്യുതിയും റോഡും എല്ലാ സൗകര്യവുമുണ്ട്. ഏറെനാൾ ക്യാമ്പിലും പിന്നീട് വാടകവീട്ടിലുമായിരുന്ന ജീവിതത്തിന് ഇപ്പോൾ സമാധാനമുണ്ട്’– അതിജീവനത്തിന്റെ തണലിലിരുന്ന് ഹലീമയും ഷേർലിയും ഒരേ മനസ്സോടെ പറഞ്ഞു. ഇവരെ പോലെ 25 കുടുംബങ്ങളാണ് തേൻപുഴയിൽ സുരക്ഷിതമായി അന്തിയുറങ്ങുന്നത്.

കൂട്ടിക്കൽ
ദുരന്തബാധിതർക്കായി
സിപിഐ എം കോട്ടയം
ജില്ലാകമ്മിറ്റി നിർമിച്ച വീടിനുമുന്നിൽ ഹലീമയും ഷേർലിയും
2021 ഒക്ടോബറിലാണ് കോട്ടയത്തെ വിറപ്പിച്ച കൂട്ടിക്കൽ ദുരന്തം. 11 പേരെ മരണം കവർന്നു. നിരവധി വീടുകൾ ഒലിച്ചുപോയി. ഇനി വീടെന്നത് സ്വപ്‌നംകാണാൻ പറ്റാത്തിടത്തുനിന്നവരെ സിപിഐ എം ചേർത്തുപിടിച്ചു. വീട് നിർമാണത്തിനായി കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി രണ്ട് ഏക്കർ 10 സെന്റ് വാങ്ങി. ജില്ലയിലെ മുഴുവൻ പാർടി അംഗങ്ങൾ, വർഗ ബഹുജന സംഘടനാ പ്രവർത്തകർ, സർവീസ് സംഘടനാ പ്രവർത്തകർ എന്നിവരിൽനിന്നും ഫണ്ട് സ്വരൂപിച്ചു. 2022 ഫെബ്രുവരിയിൽ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ വീടുകൾക്ക് കല്ലിട്ടു. രണ്ടു കിടപ്പുമുറിയും അടുക്കളയും ശുചിമുറിയും ഹാളും സിറ്റൗട്ടും ഉൾപ്പെടുന്ന 25 വീടുകൾ ഉയർന്നു. 2023 നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീടുകളുടെ താക്കോൽ കൈമാറി.
റോഡും കുടിവെള്ളവും ജില്ലാ പഞ്ചായത്തും വൈദ്യുതിലൈൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും ഒരുക്കി. എല്ലാ നഷ്ടമായ മനുഷ്യർക്ക് തണലൊരുക്കുന്ന സിപിഐ എം കരുതലിന്റെ മാതൃകയാണ് കൂട്ടിക്കൽ.









0 comments