സുതാര്യതയുടെ 9 വർഷം ; അഴിമതി ഒന്നുമില്ല

തിരുവനന്തപുരം
എൽഡിഎഫ് 2016ൽ അധികാരത്തിലെത്തി ഒമ്പത് വർഷം പിന്നിടുമ്പോൾ രാഷ്‌ട്രീയ അഴിമതി തുടച്ചുനീക്കുന്നതിൽ റെക്കോഡ് നേട്ടം. ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരുകളിലെ മന്ത്രിമാർക്കെതിരെ കഴമ്പുള്ള ഒരു അഴിമതിയാരോപണംപോലും തെളിയിക്കാൻ പ്രതിപക്ഷത്തിനോ മാധ്യമങ്ങൾക്കോ കഴിഞ്ഞില്ല. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ആരോപണങ്ങൾ കോടതികൾതന്നെ കുട്ടയിലിട്ടു.
മുഖ്യമന്ത്രിയെ ലക്ഷ്യംവച്ച് കൊണ്ടുവന്ന സ്വർണക്കടത്തുകേസ് വഴിതിരിച്ച് ബിരിയാണിച്ചെമ്പിലും ഖുറാനിലും ഈന്തപ്പഴത്തിലുമായി കഥകൾ മെനഞ്ഞെങ്കിലും പിന്നെ മിണ്ടാട്ടമില്ലാതായി. സിഎംആഎൽ കേസിലും ഒന്നും കണ്ടെത്താനായില്ല.
ആരോപണങ്ങളും വസ്തുതയും
പിപിഇ കിറ്റ് ക്രമക്കേട്
ഡോക്ടർമാരുൾപ്പെടെ കോവിഡ് പോരാളികളെ സംരക്ഷിക്കാൻ അടിയന്തര സാഹചര്യത്തിൽ ഉയർന്ന തുക നൽകി പിപിഇ കിറ്റ് വാങ്ങി. ലോകയുക്തയിൽ സർക്കാർ മറുപടി നൽകി. അഴിമതി കണ്ടെത്താനായില്ല.
എഐ കാമറ ഇടപാട്
റോഡ് അപകടംകുറയ്ക്കാനും കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കാനും സ്ഥാപിച്ച എഐ ക്യാമറ ഇടപാടിൽ വി ഡി സതീശനും രമേശ് ചെന്നിത്തലയും അഴിമതിയാരോപിച്ചു. ക്യാമറ സ്ഥാപിച്ച കെൽട്രോണിന് തുക കൊടുക്കരുതെന്ന് പറഞ്ഞ് ഇരുവരും നൽകിയ ഹർജി നിലനിൽക്കുന്നതല്ലെന്നും തുക നൽകാമെന്നും- ഹൈക്കോടതി പറഞ്ഞു.
കിഫ്‌ബി മസാല ബോണ്ട്
കിഫ്‌ബി മുഴുവൻ അഴിമതിയാണെന്നും മസാല ബോണ്ട് നിയമവിരുദ്ധമാണെന്നും പ്രതിപക്ഷം ആരോപിച്ചു. അഴിമതിയാരോപണങ്ങൾക്ക് തെളിവില്ലായിരുന്നു. മസാല ബോണ്ട് നിയമപരമാണെന്നും ആർബിഐ യുടെ അംഗീകാരത്തോടെയുള്ളതാണെന്നും കോടതി വ്യക്തമാക്കി.
പാലക്കാട് സ്പിരിറ്റ് ലോബി
പാലക്കാട് എഥനോൾ നിർമാണ പ്ലാന്റിന് അനുമതി നൽകിയതിനെതിരെ പ്രതിപക്ഷ നേതാക്കൾ ആരോപണമുയർത്തി. കർണാടകയിലെ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലുള്ള സ്പിരിറ്റ് ലോബിക്കായാണ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതെന്ന് തെളിഞ്ഞു. ഇതോടെ ആരോപണങ്ങളിൽനിന്ന് പിന്മാറി.
അംബാനിക്കായി കെഎഫ്‌സി നിക്ഷേപം
അനിൽ അംബാനിയുടെ റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻഷ്യൽ ലിമിറ്റഡിന് അനുകൂലമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ അനധികൃതമായി നിക്ഷേപം നടത്തിയെന്ന് ആരോപണം. ഫിനാൻഷ്യൽ കോർപറേഷന് ചട്ടം അനുസരിച്ച് നിക്ഷേപം നടത്താനുള്ള അനുവാദമുണ്ട്. എ എ’ റേറ്റിങ്ങുള്ള സ്ഥാപനങ്ങളിൽനിന്ന് പലിശ സംബന്ധിച്ച് ക്വട്ടേഷൻ വിളിച്ചുവേണം നിക്ഷേപം നടത്താനെന്ന നിബന്ധന കെഎഫ്‌സി പാലിച്ചിട്ടുണ്ട്. ഇത് തെളിഞ്ഞതോടെ ആരോപണം ഉപേക്ഷിച്ചു.
കെ ഫോൺ ടെണ്ടർ അഴിമതി
കെ ഫോൺ പദ്ധതിക്കായി ടെണ്ടർ വിളിച്ചതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ടെണ്ടർ തടയണമെന്നും ഇതുസംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഹർജി ആവശ്യമില്ലാത്തതെന്നും ടെണ്ടറുമായി മുന്നോട്ടു പോകാമെന്നും ഹെെക്കോടതി വ്യക്തമാക്കി.









0 comments