പത്തനംതിട്ടയിൽ 6 ആശുപത്രികളിൽ ദേശീയ നിലവാരത്തിൽ ലക്ഷ്യ ലേബർ റൂമുകൾ

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ 5 ആശുപത്രികളിൽ കൂടി ദേശീയ ലക്ഷ്യ നിലവാരത്തിലുള്ള ലേബർ റൂമുകൾ സജ്ജമായി വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അടൂർ ജനറൽ ആശുപത്രിക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ അടുത്തിടെ ലഭ്യമായിരുന്നു. ഇത് കൂടാതെ കോന്നി മെഡിക്കൽ കോളേജിൽ 3.5 കോടി രൂപ ചെലവിൽ ലക്ഷ്യ ലേബർ റൂം നിർമാണം പൂർത്തിയാക്കി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ലക്ഷ്യ ലേബർ റൂം സജ്ജമാണ്. കോന്നി താലൂക്ക് ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ലക്ഷ്യ നിലവാരത്തിലുള്ള ലേബർ റൂമുകളുടെ നിർമാണം പുരോഗമിക്കുന്നു. ഗർഭിണികളായ സ്ത്രീകൾക്കും നവജാത ശിശുക്കൾക്കും മികച്ച പരിചരണം ഉറപ്പുവരുത്താനായി അത്യാധുനിക സംവിധാനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യ നിലവാരത്തിലൂടെ ലക്ഷ്യമിടുന്നത്. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, താലൂക്കാശുപത്രികൾ എന്നിവയിലാണ് ലക്ഷ്യ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 14 ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. കൂടുതൽ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കോന്നി മെഡിക്കൽ കോളേജിൽ ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലക്ഷ്യ ലേബർ റൂം സജ്ജമാക്കിയത്. നിലവിൽ ഗൈനക്കോളജി ഒപി പ്രവർത്തിക്കുന്നുണ്ട്. ഈ വിഭാഗത്തിൽ നിരവധി പേർ പ്രതിദിനം ചികിത്സ തേടിയെത്താറുണ്ട്. ലക്ഷ്യ ലേബർ റൂം ഉൾപ്പെടെ പ്രവർത്തനസജ്ജമാകുന്നതോടെ ഗൈനക്കോളജി വിഭാഗത്തിൽ മികച്ച സേവനം ലഭ്യമാകും. കോന്നി മെഡിക്കൽ കോളേജിൽ 27,922 ചതുരശ്ര അടി വിസ്തീർണത്തിലാണ് ലേബർ റൂം സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. പുതിയ ഒപി വിഭാഗം, അൾട്രാ സൗണ്ട് സ്‌കാനിംഗ് റൂം, ട്രയേജ് ഏരിയ, ഗൈനക് മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, മൈനർ ഓപ്പറേഷൻ തീയറ്റർ, സെപ്റ്റിക് മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, 2 എൽഡിആർ സ്യൂട്ടുകൾ, പ്രസവത്തിനായി എത്തുന്നവരുടെ ആദ്യ, രണ്ടാം, മൂന്നാം ഘട്ട ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ, റിക്കവറി റൂമുകൾ, വാർഡുകൾ, ഡെമോ റൂം, എച്ച്ഡിയു, ഐസിയു, ഐസൊലേഷൻ യൂണിറ്റുകൾ എന്നിവ സജ്ജമാണ്.
ഈ കാലത്ത് പത്തനംതിട്ടയിലെ ആരോഗ്യ മേഖലയിൽ വലിയ വികസനമാണുണ്ടായത്. കോന്നി മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കി. നിലവിൽ മൂന്ന് ബാച്ചുകളിലായി 300 വിദ്യാർഥികൾ പഠനം നടത്തുന്നു. കിഫ്ബി മുഖേന 351.72 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി. 200 കിടക്കകൾ കൂടിയുള്ള ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 26 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കി ഉയർത്തി. ഇതുകൂടാതെ സാമൂഹിക ആരോഗ്യ കേന്ദ്രം തുമ്പമൺ, പ്രാഥമികാരോഗ്യ കേന്ദ്രം വള്ളിക്കോട് എന്നീ ആരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കി ഉയർത്തി. ജില്ലാ ആശുപത്രി കോഴഞ്ചേരി, ജനറൽ ആശുപത്രി അടൂർ, താലൂക്ക് ആശുപത്രികളായ റാന്നി, മല്ലപ്പള്ളി എന്നീ ആരോഗ്യ സ്ഥാപനങ്ങൾക്ക് 93.84 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി.
നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി ജനറൽ ആശുപത്രി പത്തനംതിട്ട, സാമൂഹിക ആരോഗ്യ കേന്ദ്രം എഴുമറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായ കൂടൽ, മലയാലപ്പുഴ എന്നീ ആരോഗ്യ സ്ഥാപനങ്ങൾക്ക് 44.41 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 8 കോടി രൂപ മുതൽ മുടക്കി കാത്ത് ലാബ് സ്ഥാപിച്ചു. ഇതുകൂടാതെ കാത്ത് ലാബിന്റെ ശാക്തീകരണത്തിനായി 2 കോടി രൂപ അനുവദിച്ചു. 23.75 കോടി രൂപയുടെ ക്രിട്ടിക്കൽ കെയർ ബ്ലോക്ക്, ഒപി ബ്ലോക്ക് എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
അടൂർ ജനറൽ ആശുപത്രിയിൽ മദർ ആൻഡ് ചൈൽഡ് ബ്ലോക്ക് നിർമിക്കുന്നതിനായി 13 കോടി രൂപ അനുവദിച്ചു. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ മെഡിക്കൽ ഓക്‌സിജൻ സ്വയംപര്യാപ്തത ഉറപ്പുവരുത്തുന്നതിനായി ജില്ലയിലെ പ്രധാന ആശുപത്രികളിൽ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ് ആരംഭിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങളായ ഓതറ, ചെന്നീർക്കര, ഓമല്ലൂർ, കോയിപ്രം ചന്ദനപ്പള്ളി, ഏഴംകുളം, വടശ്ശേരിക്കര, ആനിക്കാട്, നഗര കുടുംബാരോഗ്യ കേന്ദ്രം തിരുവല്ല, ജനറൽ ആശുപത്രി അടൂർ എന്നീ സ്ഥാപനങ്ങൾക്ക് ഗുണനിലവാരത്തിനുള്ള ദേശീയ അംഗീകാരമായ എൻക്യുഎഎസ് ലഭിച്ചു.









0 comments