അധ്യാപികയുടെ ശമ്പള വിതരണത്തിൽ വീഴ്ച: മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ട സെന്റ് ജോസഫ് എച്ച് എസ് നാറാണംമൂഴിയിലെ അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ പിഎ എൻ ജി അനിൽകുമാർ, സൂപ്രണ്ട് എസ് ഫിറോസ്, സെക്ഷൻ ക്ലർക്ക് ആർ ബിനി എന്നിവരെയാണ് അന്വേഷണ വിധേയമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തത്. സ്കൂളിലെ പ്രധാന അധ്യാപികയെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്റിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശ പ്രകാരമാണ് നടപടി.
പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയിലുള്ള നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്കൂളിലെ അധ്യാപികയുടെ യുപിഎസ്ടി തസ്തികയിലെ നിയമനം ഉപാധികളോടെ അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി 2024 നവംബർ 26ന് ഉത്തരവിറക്കിയിരുന്നു. അധ്യാപികയുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും മൂന്നു മാസത്തിനുള്ളിൽ വിതരണം ചെയ്യാനാണ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകിയത്. ചട്ടപ്രകാരം നടപടി സ്വീകരിക്കണെന്ന് ജനുവരി 17ന് ജില്ലാ ഓഫീസർക്ക് സർക്കാരും നിർദേശം നൽകി. എന്നാൽ ഉത്തരവിൽ തീരുമാനമെടുക്കാതെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പി എ സൂപ്രണ്ട്, സെക്ഷൻ ക്ലർക്ക് എന്നിവർ വീഴ്ച വരുത്തിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.









0 comments