താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ: ഗതാഗതം നിരോധിച്ചു

താമരശേരി: താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. രണ്ടുവശത്തുനിന്നും ഗതാഗതം പൂർണമായും നിരോധിച്ചു. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണ ഭാഗത്താണ് വീണ്ടും അപകടം. തുടർച്ചയായ മണ്ണിടിച്ചിലുണ്ടാകുന്നതിനാൽ ചുരം വഴി ഗതാഗതം പൂർണമായും നിരോധിച്ചതായി താമരശേരി പൊലീസ് അറിയിച്ചു. അടിവാരത്തും, ലക്കിടിയിലും വാഹനങ്ങൾ തടയും.
വയനാട് ചുരം വ്യൂ പോയിന്റിലാണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തത്. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായ രീതിയിൽ താഴേക്ക് പൊട്ടിയിറങ്ങിയത്. ഏകദേശം 30 മീറ്ററോളം ഉയരത്തിൽ നിന്നാണ് പാറയും മണ്ണും മരങ്ങളും ഒലിച്ചിറങ്ങിയത്. റോഡിൽ അടിങ്ങ പാറകൾ കംപ്രസർ, ഹിറ്റാച്ചി ബ്രെക്കർ ഉപയോഗിച്ച് കഷ്ണങ്ങളാക്കിയാണ് റോഡിൽ നിന്നും നീക്കം ചെയ്തത്.
മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി - മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തിയിരുന്നു. പ്രദേശത്ത് ഇനിയും മണ്ണിടിച്ചിൽ ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായാൽ തടയാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താൻ വിദഗ്ധ സമിതി പ്രദേശം സന്ദർശിക്കുമെന്നും അധികൃതർ അറിയിച്ചു. ഇന്നലെ രാത്രിയോടെ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചിരുന്നു. എന്നാൽ മണ്ണിടിച്ചിൽ തുടരുന്നതിനാൽ ചുരം വഴി രാവിലെ ഗതാഗതം പൂർണമായും നിർത്തിവച്ചു.









0 comments