വീണ്ടും മണ്ണിടിഞ്ഞു; താമരശേരി ചുരം അടച്ചു

താമരശേരി ചുരത്തില്‍ ലക്കിടി വ്യൂ പോയിന്റിനു സമീപം വ്യാഴാഴ്ച ഉച്ചയോടെ വീണ്ടും മണ്ണിടിഞ്ഞപ്പോള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തടസ്സം നീക്കുന്നു- ഫോട്ടോ: ബിനുരാജ്

സ്വന്തം ലേഖകൻ
Published on Aug 29, 2025, 12:29 AM | 1 min read
കൽപ്പറ്റ: ഒമ്പതാം വളവ് വ്യൂ പോയിന്റിൽ വീണ്ടും മണ്ണിടിഞ്ഞതോടെ താമരശേരി ചുരം അടച്ചു. ദുരന്തനിവാരണ നിയമപ്രകാരമാണ് ഗതാഗതം നിരോധിച്ചത്. ചൊവ്വാഴ്‌ച രാത്രി ഇടിഞ്ഞ മണ്ണ് 26 മണിക്കൂർ തീവ്രശ്രമത്തിൽ നീക്കി ബുധൻ രാത്രി ഒമ്പതോടെ ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ വ്യാഴാഴ്‌ച പകൽ പതിനൊന്നോടെ മണ്ണും പാറക്കല്ലുകളും ഇടിഞ്ഞിറങ്ങിയതാണ് വീണ്ടും തടസമായത്. ചൊവ്വാഴ്‌ച രാത്രി ഏഴോടെയാണ് 30 മീറ്ററോളം ഉയരത്തിൽനിന്ന് മണ്ണിടിഞ്ഞത്. ഇതിലൂടെ രൂപപ്പെട്ട നീർച്ചാലിനുമുകളിലൂടെ വീണ്ടും മണ്ണിടിയുകയായിരുന്നു.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് വൻ അപകടം ഒഴിവായത്. ശക്തമായ മഴയും മഞ്ഞുമാണ് ചുരത്തിൽ. മണ്ണിടിഞ്ഞ സ്ഥലത്ത് വ്യാഴാഴ്‌ച വിദഗ്‌ധ പരിശോധന നിശ്ചയിച്ചിരുന്നെങ്കിലും കനത്ത മഴയും കോടയും തടസ്സമായി. ആംബുലൻസ്, ആശുപത്രി, പാൽ, പത്രം, ഇന്ധനം തുടങ്ങിയ അടിയന്തര സർവീസ് വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല. കോഴിക്കോട് ഭാഗത്തുനിന്ന് ചുരംവഴി പോകുന്ന വാഹനങ്ങളെല്ലാം കുറ്റ്യാടി ചുരംവഴി തിരിച്ചുവിട്ടു. ക്യുറ്റാടി ചുരത്തിലും വൈകിട്ട് നേരിയ മണ്ണിടിച്ചിലുണ്ടായെങ്കിലും വേഗം ഗതാഗതം പുനഃസ്ഥാപിച്ചു.
വടക്കൻ കേരളത്തിൽ അതിശക്ത മഴ
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ വടക്കൻ കേരളത്തിൽ അതിശക്ത മഴ തുടരുന്നു. മധ്യ കേരളത്തിലും ശക്തമായ മഴയുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, എറണാകുളം, തൃശൂർ ജില്ലകളിലാണ് അതിശക്ത മഴ.
വെള്ളിയാഴ്‌ചകൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിക്കാൻ പോകരുത്.









0 comments