ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കും , മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വ്യവസ്ഥകളോടെ അനുമതി , യാഥാർഥ്യമാകുന്നത് എൽഡിഎഫിന്റെ പ്രധാന വാഗ്‌ദാനം
പൂവണിയുന്നു മലയോര സ്വപ്‌നം ; ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങളായി

തിരുവനന്തപുരം
മലയോര ജനത പതിറ്റാണ്ടുകളായി നേരിടുന്ന ഭൂപ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്ന ഭൂപതിവ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. ഭൂമിയുടെ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കാനും പതിച്ചുനല്‍കിയ ആവശ്യങ്ങള്‍ക്കല്ലാതെ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കാനും ഭേദഗതി സഹായിക്കും. എല്‍ഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനംകൂടിയാണ് ഇതോടെ യാഥാര്‍ഥ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പ റഞ്ഞു.
കേരള ഭൂപതിവ് നിയമത്തിനുകീഴിലെ വിവിധ ചട്ടങ്ങള്‍ പ്രകാരം പതിച്ചുകിട്ടിയ ഭൂമി പലരും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും കൈമാറ്റം ചെയ്യുകയുമുണ്ടായി. പട്ടയവ്യവസ്ഥകള്‍ക്ക് അനുസൃതമല്ലാത്ത നിര്‍മാണവും കൈമാറ്റവും പല ബുദ്ധിമുട്ടുകള്‍ക്കും കാരണമായി.
കോടതിയുടെ ഇടപെടലുകളും കര്‍ശന നിയന്ത്രണങ്ങളുമുണ്ടായി. തുടർന്നാണ് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ 2023 സെപ്‌തംബര്‍ 14ന് ഭൂപതിവ് നിയമഭേദഗതി നിയമസഭ പാസാക്കിയത്.
താമസിക്കാൻ വീട് നിര്‍മിക്കുന്നതിന് നല്‍കിയ ഭൂമി മറ്റൊരാവശ്യത്തിന് വിനിയോഗിച്ചെങ്കില്‍ മാത്രമേ ക്രമീകരണം ആവശ്യമുള്ളൂ. ഉടമസ്ഥരുടെ താമസത്തിനുള്ള എല്ലാ വീടുകളും അപേക്ഷാഫീസ് ഈടാക്കി ക്രമീകരിക്കും. വ്യാപാരാവശ്യത്തിന് വിനിയോഗിക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള കോമ്പൗണ്ടിങ് ഫീസ് എല്ലാ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്കും ഒഴിവാക്കും.
പട്ടയഭൂമി നിശ്ചിത സമയപരിധിക്കുശേഷമേ മറ്റൊരാള്‍ക്ക് കൈമാറാനാകൂ. ഇത് ലംഘിച്ചുള്ള കൈമാറ്റങ്ങളിൽ ഭൂമി ലഭിച്ച ഉടമസ്ഥര്‍ക്ക് ന്യായവിലയുടെ നിശ്ചിത ശതമാനം ഫീസ് ഈടാക്കി ക്രമപ്പെടുത്തി നല്‍കും. കൈമാറ്റംവഴി ലഭിച്ച ഭൂമി മുന്‍കൂര്‍ അനുമതിയോടെ വകമാറ്റി ഉപയോഗിക്കാന്‍ വീണ്ടും ചട്ടം രൂപീകരിക്കും.
ക്രമീകരിക്കുന്നതിന് ഉടമസ്ഥർ ഉടമസ്ഥാവകാശ രേഖകള്‍മാത്രം സമര്‍പ്പിച്ചാല്‍ മതി. അപേക്ഷ കൈകാര്യംചെയ്യാൻ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഏര്‍പ്പെടുത്തും. അപേക്ഷ സമര്‍പ്പിക്കാന്‍ ഒരു വര്‍ഷംവരെ സമയമനുവദിക്കും. ആവശ്യമെങ്കില്‍ നീട്ടി നല്‍കും. പട്ടയവ്യവസ്ഥ ലംഘിച്ച് എത്ര അളവ് ഭൂമി മറ്റാവശ്യത്തിന് വിനിയോഗിച്ചിട്ടുണ്ടോ ആ ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗം മാത്രമാണ് ക്രമീകരിക്കുക. ബാക്കിയുള്ള ഭൂമി നേരത്തെയുള്ള പട്ടയവ്യവസ്ഥയ്‌ക്ക് വിധേയമായിരിക്കും. ഇവിടെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാൻ പ്രത്യേക അനുമതി തേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.









0 comments