ഭൂ വിനിയോഗ അവകാശം യാഥാർഥ്യമാക്കി ജനകീയ സർക്കാർ ; ആറര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം

കെ ടി രാജീവ്
Published on Aug 28, 2025, 01:45 AM | 2 min read
ഇടുക്കി
ഭൂപതിവ് നിയമഭേദഗതിക്കൊപ്പം ചട്ടവും പ്രാബല്യത്തിലായതോടെ ആറര പതിറ്റാണ്ടിലേറെ നിലനിന്ന മലയോര മേഖലയിലെ ഭൂവിനിയോഗ കുരുക്കുകൾക്ക് അറുതി. പതിറ്റാണ്ടുകളായി മണ്ണിലധ്വാനിക്കുന്നവർക്ക് ഭൂമിയുടെ പൂർണമായ അവകാശാധികാരങ്ങൾ ലഭിക്കുന്നതോടെ കർഷകർ കൂടുതൽ സ്വതന്ത്രരാകും. 2023 സെപ്‌തംബർ 14ന് നിയമസഭ പാസാക്കിയ ബില്ലിന്റെ ഭാഗമായി രൂപീകരിച്ച ചട്ടങ്ങളും അംഗീകരിച്ചതോടെ കുടിയേറ്റ ജനതയുടെ സ്വപ്നവും യാഥാർഥ്യമായി. ഒപ്പം ജനകീയ സർക്കാരിന്റെ ഓണസമ്മാനവും. 1964 -ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്ത് പുതിയ ചട്ടങ്ങൾ രൂപീകരിച്ചാണ് പുതിയ ഭൂപതിവ് നിയമവും ചട്ടവും യാഥാർഥ്യമായത്.
കൃഷി, വീട് നിർമാണം എന്നിവയ്‍ക്ക് അനുവദിച്ച ഭൂമിയിൽ നടത്തിയ മറ്റ് വിനിയോഗം ക്രമപ്പെടുത്താനുള്ള അധികാരം കർഷകർക്ക് ലഭിക്കും. വനോപാധികൾക്കായി നടത്തിയ ചെറുനിർമാണങ്ങളും കാർഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ബിൽ ചട്ട പ്രകാരം ക്രമീകരിക്കപ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ ഉൾപ്പെടെ പൊതു കെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിക്കും വിധത്തിലാണ് ചട്ടം വരുന്നത്.
അഴിച്ചത് കോൺഗ്രസ് സർക്കാരുകളുടെ കുരുക്കുകൾ
മലയോര ജില്ലയിലെ കർഷകർ പതിറ്റാണ്ടുകളായി നേരിടുന്ന ബുദ്ധിമുട്ടുകൾക്കാണ് എൽഡിഎഫ് സർക്കാർ പരിഹാരം കണ്ടത്. ആർ ശങ്കർ മുഖ്യമന്ത്രിയായിരിക്കെ 1964ൽ നടപ്പാക്കിയ കേരളാ ഭൂപതിവ് ചട്ടത്തിലെ നാലാംചട്ടമാണ് ജില്ലയിലെ നിർമാണ മേഖലയിലെ സ്തംഭനാവസ്ഥയ്‍ക്ക് കാരണമായത്. കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ കൊണ്ടുവന്ന 1993ലെ വനഭൂമിയിലെ കുടിയേറ്റം ക്രമീകരിക്കൽ പ്രത്യേക ചട്ടങ്ങളും ഭൂപ്രശ്‌നങ്ങൾ സങ്കീർണമാക്കി. പതിച്ചുകിട്ടുന്ന ഭൂമി കൃഷിക്കും വീട് നിർമാണത്തിനും മാത്രമേ ഉപയോഗിക്കാൻ പാടുള്ളു എന്ന വ്യവസ്ഥ കഠിനമാക്കി. 1964ലെ ഭൂപതിവ് ചട്ടത്തിലെ എട്ടാം വ്യവസ്ഥ പ്രകാരം ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ പട്ടയം റദ്ദാക്കാനുള്ള അധികാരം കൂട്ടിച്ചേർത്തത് കർഷകർക്ക് കൂടുതൽ തിരിച്ചടിയായി. യുപിഎ, യുഡിഎഫ് സർക്കാരുകളും കപട–പരിസ്ഥിതി സംഘടനകളും സങ്കീർണമാക്കിയ ഭൂവിഷയങ്ങളിലെ കുരുക്കുകൾ ഇതോടെ ഇല്ലാതായി.
എൽഡിഎഫിന്റെ ഓണസമ്മാനം: ജോസ് കെ മാണി
ഭൂപതിവ് നിയമഭേദഗതി അംഗീകരിച്ച മന്ത്രിസഭാ തീരുമാനം കേരളീയർക്ക്, പ്രത്യേകിച്ച് മലയോര കർഷകർക്കുള്ള എൽഡിഎഫ് സർക്കാരിന്റെ ഓണസമ്മാനമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരള കോൺഗ്രസ് എം മുന്നണിയിൽ ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട വിഷയമാണിത്. ഭൂമി കൈവശമുണ്ടായിട്ടും കേരളത്തിലെ മലയോര കർഷകർ അനുഭവിച്ച ദുരിതങ്ങളും നിയമക്കുരുക്കുകളും ചില്ലറയല്ല. അവയ്ക്കെല്ലാം ശാശ്വത പരിഹാരമുണ്ടാകാൻ പോകുകയാണ്. ഉപാധിരഹിത സർവസ്വതന്ത്ര ഭൂമി എന്ന കേരള കോൺഗ്രസ് എമ്മിന്റെ നിലപാടിന്റെ അംഗീകാരം കൂടിയാണിതെന്നും ജോസ് കെ മാണി പറഞ്ഞു.









0 comments