ഏഷ്യാനെറ്റിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം അവസാനിപ്പിക്കണം: കെയുഡബ്ല്യുജെ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ഓൺലൈനിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം ഏറെ പ്രതിഷേധകരമാണെന്ന് കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് (കെയുഡബ്ല്യുജെ). തൊഴിലാളികളിൽ വലിയൊരു വിഭാഗത്തെ പിരിച്ചുവിടാനുള്ള നീക്കം അടിയന്തരമായി അവസാനിപ്പക്കണമെന്നാവശ്യപ്പെട്ട് ഏഷ്യാനെറ്റ് ചെയർമാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖരന് കെയുഡബ്ല്യുജെ കത്ത് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓൺലൈൻ വിഭാഗത്തിലെ ജീവനക്കാരിൽ വലിയൊരു വിഭാഗത്തെ കൂട്ടത്തോടെ പിരിച്ചുവിടാൻ നടപടി തുടങ്ങിയെന്ന വിവരം ഏറെ ഞെട്ടിപ്പിക്കുന്നതും പ്രതിഷേധകരവുമാണ്. ഔദ്യോഗികമായി നിഷേധിക്കപ്പെടുമ്പോഴും തൊഴിലാളികളെ പുകച്ചു പുറത്തു ചാടിക്കാനുള്ള നീക്കങ്ങൾ പല വിധത്തിൽ കൊണ്ടുപിടിച്ചു നടക്കുന്നതായും അറിയുന്നു. ജീവനക്കാരുടെ പെർഫോമൻസിലോ സ്ഥാപനത്തിൻ്റെ സാമ്പത്തികാവസ്ഥയിലോ പ്രശ്നങ്ങളില്ലാതിരിക്കെയാണ് ഈ നീക്കമെന്നത് അങ്ങേയറ്റം ഉത്കണ്ഠാജനകമാണെന്നും കത്തിൽ കെയുഡബ്ല്യുജെ പറയുന്നു.
അടിക്കടി അധികാരികൾ വർധിപ്പിച്ചു നൽകുന്ന ടാർജറ്റുകളെല്ലാം അത്യധ്വാനം ചെയ്തു സാക്ഷാത്കരിച്ചുകൊണ്ടിരിക്കുന്ന ജീവനക്കാരെയാണ് പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഒഴിവാക്കാൻ നീക്കം തുടങ്ങിയിരിക്കുന്നത്. ഇത്തരമൊരു മനുഷ്യത്വ രഹിതവും തൊഴിലാളി വിരുദ്ധവുമായ നടപടി സ്ഥാപനത്തിനു തന്നെ ചീത്തപ്പേര് ഉണ്ടാക്കാനേ ഉപകരിക്കൂ. കേരളത്തിലെ വർക്കിങ് ജേർണലിസ്റ്റുകളുടെ ഏക സംഘടനയായ കേരള പത്രപ്രവർത്തക യൂണിയൻ ഈ നീക്കത്തിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ഏഷ്യാനെറ്റ് ഓൺലൈനിൽ തന്നെ ഞങ്ങൾക്ക് 25ഓളം അംഗങ്ങളുണ്ട്. പിരിച്ചുവിടൽ നീക്കം അടിയന്തരമായി അവസാനിപ്പിക്കുന്നതിനും സ്ഥാപനത്തിലെ തൊഴിലാളി സൗഹൃദാന്തരീക്ഷം വീണ്ടെടുക്കുന്നതിനും അടിയന്തരമായി ഇടപെടണമെന്ന് അഭ്യർഥിക്കുന്നു. തീർത്തും അന്യായമായ പിരിച്ചുവിടൽ നീക്കത്തിനെതിരെയും അംഗങ്ങളായ തൊഴിലാളികളുടെ തൊഴിൽ സംരക്ഷണത്തിനും യൂണിയൻ ഏതുവിധ ശ്രമങ്ങളുമായും മുന്നിലുണ്ടാവുമെന്നും അറിയിക്കുന്നു.– കെയുഡബ്ല്യുജെ വ്യക്തമാക്കി.









0 comments