ഒറ്റവരിക്കഥയിൽനിന്ന് 'കുട്ടിസ്രാങ്ക്' വന്നു; പി എഫ് മാത്യൂസ് എഴുതുന്നു

‘കുട്ടിസ്രാങ്കി’ന്റെ കഥ ഒറ്റവരിയിലാണ് ഷാജി എൻ കരുൺ പറഞ്ഞത്. സിനിമയ്‌ക്ക് നിർമാതാവായിട്ടില്ല, ബാക്കി താൻ എഴുതിക്കോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രം എന്നും പറഞ്ഞു. മുൻ മുഖ്യമന്ത്രി നായനാരുടെ മകൻ കൃഷ്‌ണകുമാറാണ് ഷാജി എൻ കരുണിനെ കാണണമെന്ന് നിർദേശിച്ചത്. ചവിട്ടുനാടകം പശ്ചാത്തലമായ സിനിമയ്ക്കുവേണ്ടി പ്രാമാണികരേഖകൾ ലഭ്യമല്ലാത്തതിനാൽ പഴയ ചവിട്ടുനാടക കലാകാരന്മാരെ നേരിൽക്കണ്ടു. ചവിട്ടുനാടകവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ചു. കൂടെയുള്ള സാങ്കേതികപ്രവർത്തകർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാവുന്ന വിശാലത അദ്ദേഹത്തിനുണ്ടായിരുന്നു. സാധ്യതകൾ തുറന്നുതന്നു. അതാണ് എനിക്ക് ലഭിച്ച വലിയ അനുഭവം.
ചവിട്ടുനാടകത്തിന്റെ ആദ്യകാലങ്ങളിൽ (പൊതുവിൽ നാടകങ്ങളിലും) പുരുഷന്മാർതന്നെയാണ് സ്‌ത്രീവേഷം കെട്ടിയിരുന്നത്. പിന്നീട് സ്‌ത്രീകൾ അഭിനയിക്കാൻ തുടങ്ങി. മോളി കണ്ണമാലിയൊക്കെ അങ്ങനെ അഭിനയിച്ചവരാണ്. അങ്ങനെയൊരു കഥാപാത്രത്തെ കുട്ടിസ്രാങ്കിൽ സൃഷ്‌ടിച്ചു. ബംഗാളി നടി കമാലിനി മുഖർജിയാണ് ആ വേഷം ചെയ്‌തത്. ഛായാഗ്രഹണത്തിന് അഞ്ജലി ശുക്ലയെ ഏൽപ്പിച്ചതും സ്‌ത്രീപക്ഷ കാഴ്‌ചപ്പാടിലായിരുന്നു. ആദ്യ സ്‌ക്രിപ്‌റ്റിൽ യഥാർഥ ഇമേജുകൾ കൊണ്ടുവന്നുവെങ്കിലും അത് പ്രയോഗത്തിൽ വരുത്താൻ വലിയ പ്രയാസമായിരുന്നു.
നദിയുടെ നടുവിൽ ആകാശത്തുവച്ചുള്ള യുദ്ധമൊക്കെ എഴുതിയെങ്കിലും പിന്നീട് അതിന്റെ കാമ്പുമാത്രം എടുത്തു. ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ സംഗീതവും ചിത്രത്തിന് മുതൽക്കൂട്ടായി. തമിഴ് കലർന്ന പാട്ടുകൾ ജനകീയമായ സംഗീതത്തിൽ ചിട്ടപ്പെടുത്തണമെന്ന് ഷാജി എൻ കരുൺ വ്യക്തമാക്കിയിരുന്നു. ഒരുവർഷമെടുത്ത് ചിത്രീകരിച്ച സിനിമയ്‌ക്ക് 2009ലെ മികച്ച ചിത്രം, ഛായാഗ്രഹണം (അഞ്ജലി ശുക്ല), തിരക്കഥ (പി എഫ് മാത്യൂസ്, ഹരികൃഷ്ണൻ), വസ്ത്രാലങ്കാരം (ജയകുമാർ) എന്നിവയ്‌ക്ക് ദേശീയ അവാർഡുകൾ ലഭിച്ചു.
(എഴുത്തുകാരനായ ലേഖകൻ കുട്ടിസ്രാങ്കിന്റെ തിരക്കഥാരചനയിൽ പങ്കാളിയായിരുന്നു)









0 comments