കുമ്പിച്ചൽക്കടവ് പാലം യാഥാർത്ഥ്യമാകുന്നു; സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലം

Kumpichelkadavu Bridge.png

PHOTO: PRD

വെബ് ഡെസ്ക്

Published on Aug 19, 2025, 04:42 PM | 1 min read

നെയ്യാറ്റിൻകര: തിരുവനന്തപുരം അമ്പൂരി നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമായ കുമ്പിച്ചൽക്കടവ് പാലം യാഥാർത്ഥ്യമാകുന്നു. കിഫ്ബി ഫണ്ടിൽ നിന്ന് 24 കോടി 71 ലക്ഷം രുപ ചെലവിൽ നിർമിച്ചിരിക്കുന്ന പാലത്തിന്റെ ഉദ്‌ഘാടനം താമസിയാതെ നടക്കും. സംസ്ഥാനത്ത് ഒരു നദിക്കു കുറുകേ നിർമിച്ച ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലമാണിത്.


ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത്‌ ഭരണാനുമതി ലഭിച്ച പാലം 253.4 മീറ്റർ നീളത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. 36.2 മീറ്റർ വീതം അകലത്തിലുള്ള ഏഴ് സ്പാനുകളുള്ള പാലത്തിൻ്റെ രണ്ട് സ്പാനുകൾ കരയിലും ബാക്കിയുള്ളവ ജലസംഭരണിയിലുമാണ്. 11 മീറ്റർ വീതിയുള്ള പാലത്തിൽ 8 മീറ്റർ റോഡും രണ്ട് വശത്തായി നടപ്പാതയുമുണ്ട്. അമ്പൂരി പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ മുൻനിർത്തി ഭൂനിരപ്പിൽ നിന്നും 12.5 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന പാലത്തിനടിയിലൂടെ നെയ്യാർഡാമിൽ നിന്നും വിനോദസഞ്ചാരികളുമായി വരുന്ന ബോട്ടിന് കടന്നുപോകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.


Kumpichelkadavu Bridge 2.pngPHOTO: PRD

അമ്പൂരിയിൽ കഴിയുന്ന ആദിവാസി മേഖലയിലെ ജനവിഭാഗങ്ങൾക്കാണ്‌ കുമ്പിച്ചൽക്കടവ് പാലം ഏറ്റവും കൂടുതൽ ഉപകാരപ്രദമാവുക. നെയ്യാർ ഡാമിൻ്റെ ജലസംഭരണി നിർമ്മാണത്തെ തുടർന്ന് അഗസ്ത്യമലയുടെ താഴ്‌വരയിൽ കരിപ്പയാറിന് നടുവിൽ തുരുത്തായി മാറിയതാണ് തൊടുമല ഗ്രാമം. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ ഈ തുരുത്തിൽ ഒറ്റപ്പെട്ടുപോയ പതിനൊന്നു ആദിവാസി ഊരുകൾക്കും പുറംലോകത്തേക്കെത്താൻ പഞ്ചായത്ത് ഏർപ്പാടാക്കിയ കടത്ത് വള്ളം മാത്രമായിരുന്നു ഏക ആശ്രയം. പാലം യാഥാർഥ്യമാവുന്നതോടെ ഇ‍ൗ പ്രശ്നത്തിന്‌ കൂടെയാണ്‌ ഇപ്പോൾ പരിഹാരമാവുന്നത്‌.


കാരിക്കുഴി, ചാക്കപ്പാറ, ശങ്കുംകോണം, കയ്പൻപ്ലാവിള, തൊടുമല, തെന്മല, കുന്നത്തുമല, തുടങ്ങി പതിനൊന്നോളം ആദിവാസി ഊരുകളിൽ താമസിക്കുന്ന ആയിരത്തിലധികം കുടുംബങ്ങളുടെയും അമ്പൂരി നിവാസികളുടെയും ഏറെ നാളത്തെ സ്വപ്നമാണ് കുമ്പിച്ചൽക്കടവ് പാലം യാഥാർത്ഥ്യമാകുന്നതോടെ സഫലമാകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home