കുടുംബശ്രീ യൂണിറ്റിന്റെ കിടിലൻ എൻട്രി; ട്രെൻഡിയാക്കാം ചുവരുകൾ

nettipattom
avatar
സി ജെ ഹരികുമാർ

Published on Apr 12, 2025, 02:52 PM | 2 min read

പത്തനംതിട്ട : വെള്ളി നിറമുള്ള നെറ്റിപ്പട്ടങ്ങൾ കണ്ടിട്ടുണ്ടോ, ഗുരുവായൂരപ്പനും അയ്യപ്പനും എല്ലാം നെറ്റിപ്പട്ടങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്‌ കാണണോ. നെറ്റിപ്പട്ട നിർമാണത്തിൽ പുത്തൻ ട്രെൻഡുകൾ പരീക്ഷിച്ച്‌ വ്യത്യസ്‌തയാവുകയാണ്‌ തിരുവല്ല കാവുംഭാഗം ശ്രീവല്ലഭ നെറ്റിപ്പട്ടം കുടുംബശ്രീ സംഘം. കാവുംഭാഗം വെസ്‌റ്റ്‌ സിഡിഎസിന്‌ കീഴിൽ വ്യക്‌തിഗത യൂണിറ്റായാണ്‌ നെറ്റിപ്പട്ടനിർമാണം പുരോഗമിക്കുന്നത്‌. കാവുംഭാഗം കാവിൽവീട്ടിൽ (ഐശ്വര്യയിൽ) സി എൻ ശോഭകുമാരിയും ഭർത്താവ്‌ പി കെ രമേഷ്‌ പണിക്കരുമാണ്‌ ഇവ നിർമിക്കുന്നത്‌.


പ്രവാസിയായിരുന്ന രമേഷ്‌ പണിക്കരും ഭാര്യ ശോഭയും ഒഴിവുസമയം കളയാനാണ്‌ നെറ്റിപ്പട്ട നിർമാണം ആരംഭിച്ചത്‌. കരകൗശല വസ്‌തുക്കൾ നിർമിക്കുന്നതിൽ പ്രാവീണ്യമുള്ള രമേഷ്‌ പണിക്കർ നാട്ടിലെത്തിയ ശേഷം കച്ചിയുപയോഗിച്ച്‌ നിർമിച്ച കരകൗശല വസ്‌തുക്കൾ ദുബായിലുള്ള സുഹൃത്തുക്കൾക്ക്‌ നൽകിയിരുന്നു. ദമ്പതികളുടെ മകൾ പ്രിയങ്ക ആർട്ടിസ്‌റ്റാണ്‌. ഗെയിം ആർട്ടിസ്‌റ്റായി ജോലി നോക്കിയിരുന്ന മകളാണ്‌ നെറ്റിപ്പട്ട നിർമാണത്തിലേക്ക്‌ കടക്കാൻ പ്രചോദനമായത്‌. മകൻ പ്രഷീൽ വിദേശത്താണ്‌. യൂട്യൂബിൽ നോക്കി നിർമാണം പഠിച്ചു. ആദ്യം സമ്മാനം നൽകാനാണ്‌ നെറ്റിപ്പട്ടം നിർമിച്ചത്‌.


കുടുംബശ്രീ അംഗമായതിനാൽ വിൽപ്പനസാധ്യത തിരിച്ചറിഞ്ഞ്‌ സിഡിഎസ്‌ സഹായത്തോടെ വായ്‌പയെടുത്ത്‌ വ്യക്‌തിഗത യൂണിറ്റായി നിർമാണം തുടങ്ങി. ഉപഭോക്‌താക്കളുടെ ആവശ്യാനുസരണം നിർമിക്കുന്ന നെറ്റിപ്പട്ടങ്ങളാണ്‌ ഇവരുടെ പ്രത്യേകത. ആവശ്യാനുസരണം നെറ്റിപ്പട്ടങ്ങൾക്ക്‌ നടുവിൽ ഫോട്ടോ പതിച്ച്‌ നൽകാൻ തുടങ്ങി. അരയടി മുതൽ ആറടി വരെയുള്ള നെറ്റിപ്പട്ടങ്ങൾ നിർമിച്ചു. കാവുംഭാഗത്തെ ഫ്ലാറ്റിലാണ്‌ നിർമാണം.


ആറടി നീളമുള്ള നെറ്റിപ്പട്ടമാണ്‌ ഏറ്റവും വലുത്‌. വില 17,000 രൂപ. ഒരാഴ്‌ചയെടുത്തായിരുന്നു നിർമാണം. ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ ആവശ്യപ്രകാരം അയ്യപ്പക്ഷേത്രത്തിലേക്കാണ്‌ നെറ്റിപ്പട്ടം നിർമിച്ചത്‌. വ്യത്യസ്‌തതയ്‌ക്കായാണ്‌ വെള്ളി കുമിളകൾ ഉപയോഗിച്ച്‌ നെറ്റിപ്പട്ടം നിർമിച്ചത്‌. ആകർഷണത്തിനായി വ്യത്യസ്‌ത നൂലുകൾ ഉപയോഗിച്ചു. ചെങ്ങന്നൂർ നടന്ന സരസ്‌ മേളയിൽ ഇത്‌ ഹിറ്റായി. ആവശ്യക്കാർ മേളയിൽ കാത്തുനിന്ന്‌ ഇതുഉണ്ടാക്കി വാങ്ങിയതായി ശോഭകുമാരി പറയുന്നു.


വിഷു സ്‌പെഷ്യൽ ആലവട്ടം ഹിറ്റ്‌


വിഷുവിന്‌ സ്‌പെഷ്യലായി നിർമിച്ച മയിൽപ്പീലി ഉപയോഗിച്ചുള്ള ആലവട്ടം വിപണിയിൽ ഹിറ്റായി. തടി കൃത്യമായ അളവിൽ മുറിച്ച്‌ തുണി ഒട്ടിച്ച്‌ മയിൽപ്പീലിയും ഗുരുവായൂരപ്പന്റെ ചിത്രവുമടങ്ങുന്നതാണ്‌ ആലവട്ടം. മയിൽപ്പീലി കൃത്യമായ അളവിൽ വെട്ടിയാണ്‌ ഒരുക്കിയിരിക്കുന്നത്‌. തടി ഉപയോഗിക്കാത്ത വട്ടത്തിലുള്ള ആലവട്ടങ്ങളും തയ്യാറാക്കാറുണ്ട്‌. ആവശ്യക്കാരുടെ അഭിപ്രായമനുസരിച്ച്‌ നിറത്തിലും ഫോട്ടോയിലും മാറ്റം വരുത്തും. 4000 രൂപ മുതലാണ്‌ ആലവട്ടത്തിന്റെ വിലയീടാക്കുന്നത്‌. കഥകളി മുഖം, വള്ളത്തിൽ മഞ്ചാടിക്കുരുക്കൾക്ക്‌ നടുവിലുള്ള കൃഷ്‌ണൻ (ബോട്ട്‌ കൃഷ്‌ണ), വാഹനങ്ങളിൽ അലങ്കരിക്കുന്ന സാധനങ്ങളും ശോഭകുമാരിയും ഭർത്താവും നിർമിക്കുന്നുണ്ട്‌.


ഗ്യാരന്റിയിൽ വിട്ടുവീഴ്ചയില്ല


സാധനങ്ങൾക്ക്‌ വാറന്റി തരാൻ മടിക്കുന്ന കാലത്ത്‌ പത്ത്‌ വർഷം ഗ്യാരന്റിയാണ്‌ ശോഭകുമാരി നെറ്റിപ്പട്ടങ്ങൾക്ക്‌ പറയുന്നത്‌. കളർ പോകുകയോ കുമിളകൾ മങ്ങിപ്പോവുകയോ പെയിന്റ്‌ പോകുകയോ ചെയ്‌താൽ പുതിയ നെറ്റിപ്പട്ടം ഉടമയ്‌ക്ക്‌ തരും. സാധനങ്ങളുടെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്‌ചയുമില്ല. തൃശൂരിൽ നിന്നാണ്‌ കൂടുതലും സാധനങ്ങൾ വാങ്ങുന്നത്‌. കുറച്ച്‌ വസ്‌തുക്കൾ ഓൺലൈനിലും വാങ്ങും. വെൽവെറ്റ്‌ തുണിയിൽ ക്യാൻവാസ്‌ തുണിയൊട്ടിച്ച്‌ സ്വർണം, വെള്ളി നിറത്തിലുള്ള തുണിയുപയോഗിച്ചാണ്‌ പ്രാഥമികഘട്ട നിർമാണം. ഇത്‌ ശരിക്കും ഉണങ്ങിയ ശേഷമാണ്‌ കല്ലുകളും മുത്തുകളും ഒട്ടിക്കുന്നത്‌. ഗുണമേന്മയുള്ള പശയാണ്‌ നിർമാണത്തിലെ പ്രധാനഘടകം. കുടുംബശ്രീ മേളകളിലും സർക്കാരിന്റെ മേളകളിലും സ്‌റ്റാളുകൾ ഇടാറുണ്ട്‌. ശബരിമല സീസണിൽ പന്തളം പ്രീമിയം കഫേയിൽ ഒന്നരമാസക്കാലം സ്‌റ്റാൾ പ്രവർത്തിച്ചിരുന്നു. കോഴിക്കോട്‌ മെയ്യിൽ നടക്കുന്ന സരസ്‌മേളയ്‌ക്കുള്ള തയ്യാറെടുപ്പിലാണ്‌ ദമ്പതികൾ. ഫോണിലൂടെയും മറ്റുമാണ്‌ ആവശ്യക്കാർ കൂടുതലും ബന്ധപ്പെടുന്നത്‌. ഫോൺ: 6235442757.




deshabhimani section

Related News

View More
0 comments
Sort by

Home