അഞ്ഞൂറോളം പേർക്ക് തൊഴിൽ ലഭിക്കും എല്ലാ ബസുകളും ദിവസവും കഴുകും
കെഎസ്‌ആർടിസി ബസ് വൃത്തിയാക്കാൻ കുടുംബശ്രീ

സുനീഷ് ജോ
Published on Oct 12, 2025, 02:52 AM | 1 min read
തിരുവനന്തപുരം
ഇനി കെഎസ്‌ആർടിസി ബസുകൾ ശുചീകരിക്കാനും കുടുംബശ്രീയുണ്ടാകും. ഇത് സംബന്ധിച്ച് കുടുംബശ്രീയുമായി ധാരണയായി. തുടക്കത്തിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ശുചീകരണമാണ് ഏറ്റെടുക്കുക. കൂടുതൽ പ്രീമിയം ബസുകളും ദീർഘദൂര ബസുകളും ഇവിടെനിന്നാണ് പുറപ്പെടു ന്നത്.
തിരുവനന്തപുരം കോർപറേഷനിലെ സിഡിഎസുകളിൽനിന്നുള്ള 20 അംഗങ്ങളെ ഇതിനായി നിയോഗിക്കും. ഒരു ബസിന് 150 രൂപ നൽകും. പകലും രാത്രിയും ക്ലീനിങ് ഉണ്ടാകും. എല്ലാ ബസുകളും ദിവസവും കഴുകും. നിലവിൽ ഇടവിട്ടാണ് ശുചീകരണം. കെഎസ്‌ആർടിസിക്ക് തിരുവനന്തപുരം ജില്ലയിൽ ആയിരത്തോളം ബസുകളുണ്ട്. അതുകഴിഞ്ഞാൽ കൂടുതൽ ബസുകൾ കൊല്ലത്താണ്.
93 ഡിപ്പോകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ ചിലയിടങ്ങളിൽ ശുചീകരണത്തിന് സ്വകാര്യ ഏജൻസികള-ുണ്ട്. ബസുകളുടെ ശുചീകരണം തൃപ്‌തികരമല്ലെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ബസുകൾ വൃത്തിയുള്ളതാണെങ്കിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാമെന്നാണ് കരുതുന്നത്. പദ്ധതിയിലൂടെ 500 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് കുടുംബശ്രീയുടെ പ്രതീക്ഷ.
ആയിരത്തിലധികം ബസുകളിൽ വേസ്‌റ്റ് ബാസ്‌കറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പ്രധാന ഡിപ്പോകളിലും ബാസ്‌കറ്റുകൾ സജ്ജീകരിച്ചു. വിവിധ ഡിപ്പോകളുടെ നവീകരണവും പുരോഗമിക്കുകയാണ്. പ്രീഫാബ് സ്റ്റീൽ സ്ട്രക്ചറിലാണ് ബസ് സ്റ്റാൻഡുകൾ നിർമിക്കുന്നത്.ചങ്ങനാശേരി, ആറ്റിങ്ങൽ, വിഴിഞ്ഞം, പേരൂർക്കട, കൊല്ലം, കൊട്ടാരക്കര, എറണാകുളം, തൃശൂർ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ഇൗ ടെക്‌നോളജി ഉപയോഗിച്ചാകും നിർമാണം. കൂടുതൽ സൗകര്യപ്രദമെന്നതിനൊപ്പം ശുചിത്വം നിലനിർത്താനും കഴിയും. അടുത്തിടെ ഹരിതകേരള മിഷന്റെ ഹരിതപദവി വിവിധ ഡിപ്പോകൾക്ക് ലഭിച്ചിരുന്നു.









0 comments