ഹിറ്റായി കുടുംബശ്രീ കേരള ചിക്കൻ : 
വിറ്റുവരവ്‌ 400 കോടി

kudumbashree kerala chicken
വെബ് ഡെസ്ക്

Published on Aug 15, 2025, 01:48 AM | 1 min read


തിരുവനന്തപുരം

വിറ്റുവരവിൽ 400 കോടി പിന്നിട്ട് കുടുംബശ്രീ കേരള ചിക്കൻ. ആറ് വർഷംകൊണ്ടാണ് ഈ നേട്ടം. ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിലാണ്‌ പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌. 482 ബ്രോയ്‌ലർ ഫാമുകളും 141 ഔട്ട്‌ലെറ്റുകളുമാണ്‌ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്‌. കോഴിയിറച്ചിയുടെ വില നിയന്ത്രിക്കാനും ഗുണനിലവാരം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ്‌ കുടുംബശ്രീ കേരള ചിക്കൻ സംരംഭം ആരംഭിച്ചത്‌. പദ്ധതിയിൽ ഗുണഭോക്താക്കളായ കോഴി കർഷകർക്ക് ഫാം ഇന്റഗ്രേഷൻ വഴി രണ്ടുമാസത്തിലൊരിക്കൽ 2.5 ലക്ഷം രൂപവരെ വരുമാനം കിട്ടുന്നു. പതിനായിരം കോഴികളെയെങ്കിലും വളർത്തുന്നവർക്കാണ് ഈ നേട്ടം.


കോഴിക്കർഷകർക്ക് 38.27 കോടി രൂപവരെ ഇതിനകം വരുമാനമായി ലഭിച്ചിട്ടുണ്ട്. കേരള ചിക്കൻ വിൽപനശാലകൾക്കും മികച്ച നേട്ടം ഉറപ്പുവരുത്താൻ കഴിയുന്നു. ശരാശരി ഒരു ലക്ഷം രൂപവരെ മാസവരുമാനം വിൽപനശാലകൾക്ക്‌ ലഭിക്കുന്നു. ഇതുവരെ 54.60 കോടി രൂപ 141 വിൽപനശാലകളിലായി നേടാനായി. എഴുനൂറോളം കുടുംബങ്ങൾക്ക് നേരിട്ടും മുന്നൂറോളം കുടുംബങ്ങൾക്ക് പരോക്ഷമായും തൊഴിലും വരുമാനവും ഉറപ്പാക്കുന്നു.


ചിക്കൻ ഉൽപ്പാദനത്തിലും ഗണ്യമായ വർധനവുണ്ട്. കേരളത്തിന്റെ ആകെ കോഴിയിറച്ചി ഉൽപ്പാദനത്തിന്റെ എട്ടു ശതമാനവും ഉൽപ്പാദിപ്പിക്കുന്നത്‌ കേരള ചിക്കൻ ആണ്‌. നേരത്തെ രണ്ടു ശതമാനമായിരുന്നു. 25 ശതമാനമാക്കി ഉയർത്തുകയാണ് ലക്ഷ്യം. 2021-ൽ ദിവസം ആറ് മെട്രിക്‌ ടൺ ചിക്കൻ വിപണനം ചെയ്തിരുന്നത് 2025ൽ 58 മെട്രിക് ടണ്ണായി ഉയർന്നു.

"കുടുംബശ്രീ കേരള ചിക്കൻ' എന്ന ബ്രാൻഡിൽ ശീതീകരിച്ച ചിക്കൻ ഉൽപ്പന്നങ്ങളും വിപണിയിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home