print edition മാനത്തോളം വിസ്‌മയം


സ്വാതി സുജാത
Published on Nov 17, 2025, 02:45 AM | 2 min read
തിരുവനന്തപുരം
കാൽനൂറ്റാണ്ടു പിന്നിടുന്പോൾ ആകാശത്തോളം വളർന്ന്, മറ്റൊരു കേരളാ മോഡലായി വിസ്‌മയം തീർക്കുകയാണ് കുടുംബശ്രീ. ദാരിദ്ര്യനിർമാർജനത്തിനുള്ള വേറിട്ട വഴിയായിരുന്ന കുടുംബശ്രീ, ഇന്ന് കേരളത്തിന്റെ സമഗ്ര സമൂഹ്യവികസനത്തിൽ വഴിവിളക്കായി തെളിയുന്നു. ഇ കെ നായനാർ മന്ത്രിസഭയുടെ കാലത്ത് 1998 മെയ് 17ന്‌മലപ്പുറത്താണ് പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്. പാലോളി മുഹമ്മദ്‌കുട്ടിയായിരുന്നു തദ്ദേശ മന്ത്രി.
സ്‌ത്രീ കേന്ദ്രീകൃത പദ്ധതികൾ ആവിഷ്‌കരിച്ചാൽ കുടുംബവും അതുവഴി സമൂഹവും മുന്നേറുമെന്ന ആശയമായിരുന്നു സർക്കാരിന്. 27 സുവർണ വർഷം പിന്നിട്ട് ജൈത്രയാത്ര തുടരുമ്പോൾ 1,070 സിഡിഎസുകളിലായി 19,470 എഡിഎസുകളും 3.17ലക്ഷം അയൽക്കൂട്ടങ്ങളും 48 ലക്ഷം അംഗങ്ങളുമുള്ള സാമൂഹ്യ ശൃംഖലയായി.

യുഡിഎഫ് ഭരണത്തിലെത്തിയപ്പോഴെല്ലാം കുടുംബശ്രീയെ തകർക്കാൻ ശ്രമമുണ്ടായി. ഫണ്ട് വെട്ടിക്കുറച്ചും പദ്ധതികൾക്ക് രൂപംനൽകാതെയും ഭരണതലത്തിൽ ശ്വാസംമുട്ടിച്ചു. ജനശ്രീ എന്ന പേരിൽ ബദൽ സംഘടനയ്‌ക്ക് കോൺഗ്രസ് രൂപം നൽകി. ബിജെപിയും സമാന്തര സ്വാശ്രയസംഘവുമായി എത്തി. കുടുംബശ്രീക്ക് അർഹതപ്പെട്ട കേന്ദ്രഫണ്ട് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. അതിദാരിദ്ര്യലഘൂകരണത്തിനടക്കമുള്ള കേന്ദ്രഫണ്ടുകൾ ഇവർ സ്വന്തമാക്കിയെങ്കിലും മുന്നോട്ടുപോയില്ല.

തകർക്കാനെത്തിയ ജനശ്രീ ഒലിച്ചുപോയി
കുടുംബശ്രീയെ തകർക്കാനായി കോൺഗ്രസ് കൊണ്ടുവന്ന ജനശ്രീയുടെ അവസ്ഥയെക്കുറിച്ച് ചെയർമാൻ എം എം ഹസ്സൻ ഒടുവിൽ പറഞ്ഞു– ‘ അത് കോവിഡിലും, പ്രളയത്തിലും ഒലിച്ചു പോയി’. യുഡിഎഫ് ഭരണത്തിൽ 2006ൽ രൂപംകൊണ്ട ജനശ്രീ കേന്ദ്രസർക്കാരിൽനിന്ന് 2012ൽ രാഷ്ട്രീയ കൃഷിവികാസ് യോജനയുടെ പേരിൽ 14 കോടി രൂപ വാങ്ങി. കുടുംബശ്രീ മിഷൻവഴി നടപ്പാക്കേണ്ട പദ്ധതികളുടെ ഫണ്ട് ജനശ്രീവഴി തിരിച്ചുവിട്ടു. ലക്ഷ്യം കുടുംബശ്രീയെ തകർക്കണം. പണ ‘ശ്രീ’ അടിക്കുകയുംചെയ്യാം.
2010ലാണ് ജനശ്രീക്ക് ബാങ്കിങ് ഇതര സാമ്പത്തിക ഇടപാടുകൾക്ക് അനുമതി നേടിയത്. റിസർവ് ബാങ്ക് രേഖയിൽ കന്പനി എം എം ഹസന്റെ സ്വന്തം പേരിലാണ്. മൈക്രോ ഫിനാൻസ് തുടങ്ങി യുഡിഎഫ് കാലത്ത് ജനശ്രീ വാരിക്കോരി പണവും പദ്ധതികളും നേടി. ഇതിനൊപ്പം ഉദ്യോഗസ്ഥരെ പിൻവലിച്ച് കുടുംബശ്രീ പൊളിക്കാനും ശ്രമിച്ചു. കുടുംബശ്രീ ഫണ്ട് 100 കോടിയിൽനിന്ന് 50 കോടിയാക്കി. നാലു ശതമാനം പലിശയ്ക്ക് വായ്പാപദ്ധതി നിർത്തി. ഭവനശ്രീ പദ്ധതിയും തള്ളി.
എന്നാൽ, അധികം വൈകാതെ ജനശ്രീയിൽ വ്യാപക വായ്പാവെട്ടിപ്പായി. ഒടുവിൽ നെല്ലനാട് മണ്ഡലസഭയിൽ ഉമ്മൻചാണ്ടി സർക്കാരിന് റെയ്‌ഡ് നടത്തേണ്ടിവന്നു. പാതിവില തട്ടിപ്പിൽ കോഴിക്കോട്ടെ ജനശ്രീ യൂണിറ്റും പങ്കാളിയായി. കടംമൂലം നിൽക്കക്കള്ളിയില്ലാതെ സംഘങ്ങൾ പൂട്ടി. പ്രവർത്തകർ കടക്കെണിയിലായി.

വെറുംവാക്കല്ല, നടപ്പാക്കിയതാണ്
•പട്ടികവര്‍ഗമേഖലയിലെ ഉന്നമനത്തിനായി പത്തോളം പദ്ധതികൾ. 7135 പട്ടികവര്‍ഗ അയല്‍ക്കൂട്ടങ്ങളിലായി 1.24 ലക്ഷം അംഗങ്ങൾ. പുതിയ 6,844 അയല്‍ക്കൂട്ടങ്ങള്‍ക്ക് കോര്‍പ്പസ് ഫണ്ട്.
• ഒന്പത് വര്‍ഷത്തിനിടെ 96,023 അയല്‍ക്കൂട്ടങ്ങളിലായി 11.50 ലക്ഷം അംഗങ്ങളായി. പ്രത്യേക പരിഗണന ലഭിക്കേണ്ട വിഭാഗങ്ങളുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി "റിലേഷന്‍ഷിപ്പ് കേരള' പരിപാടിക്ക് തുടക്കമിട്ടു.
48 ട്രാന്‍സ്ജെന്‍ഡര്‍ (550 അംഗങ്ങള്‍) അയല്‍ക്കൂട്ടവും 3,352 ഭിന്നശേഷി (32,860 അംഗങ്ങള്‍) അയല്‍ക്കൂട്ടവും 25,992 വയോജന അയല്‍ക്കൂട്ടവും (2,83,615 അംഗങ്ങള്‍) രൂപീകരിച്ചു.
• മുണ്ടക്കൈ മൈക്രോ പ്ലാന്‍
മുണ്ടക്കൈ ദുരിത ബാധിതര്‍ക്കായി മൈക്രോ പ്ലാന്‍ തയ്യാറാക്കി. 20.5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ നല്‍കി.
• കെ ലിഫ്റ്റ്
ഒരു വർഷം മൂന്ന് ലക്ഷം പേർക്ക് ഉപജീവനം ഉറപ്പുവരുത്താനായി 2024-–25 ൽ കെ- ലിഫ്റ്റ് നടപ്പാക്കി. 3,05,027 പേർക്ക് സ്വയം തൊഴിലടക്കം ഉപജീവന മാർഗമുണ്ടാക്കി.
• യുവതികളുടെ സാമൂഹ്യ–സാംസ്‌കാരിക വളർച്ചയും ഉപജീവനവും ലക്ഷ്യമാക്കി 18-നും 45-നും ഇടയില്‍ പ്രായമുള്ളവർക്കായി ഓക്സിലറി ഗ്രൂപ്പ് രൂപീകരിച്ചു. 19,472 ഗ്രൂപ്പുകളിലായി മൂന്നു ലക്ഷം അംഗങ്ങൾ.









0 comments