ബജറ്റും പാസാക്കിയില്ല ; സാങ്കേതിക സർവകലാശാലയിൽ ഭരണസ്‌തംഭനം

തിരുവനന്തപുരം : വൈസ് ചാൻസലറുടെ നിരുത്തരവാദപരമായ നടപടികളെ തുടർന്ന് എ പി ജെ അബ്ദുൽകലാം സാങ്കേതിക സർവകലാശാല സമ്പൂർണ ഭരണസ്‌തംഭനത്തിലേക്ക്. വിസി സിൻഡിക്കറ്റ് യോഗം ബഹിഷ്‌കരിച്ചശേഷം ഭരണസമിതി യോഗങ്ങളൊന്നും ചേർന്നിട്ടില്ല. സർവകലാശാലയുടെ ബജറ്റ് പാസാക്കാത്തതിനാൽ ഈ സാമ്പത്തിക വർഷം പണം ചെലവഴിക്കാനാകാത്ത സ്ഥിതികൂടിയായതോടെ ഭരണം പൂർണമായും സ്‌തംഭിച്ച നിലയിലാണ്. വിസി താൽക്കാലിക ചുമതല നൽകിയ രജിസ്ട്രാർ, കൺട്രോളർ തസ്‌തികകളിലെ ഉദ്യോഗസ്ഥർക്ക് 30 ദിവസം മാത്രമേ ചുമതലയിൽ തുടരാൻ കഴിയൂ. ഇനി പുതിയ ചുമതലകൾ നൽകേണ്ടത് സിൻഡിക്കറ്റാണ്.
അതിനിടെ സസ്‌പെൻഷനിലായിരുന്ന ഉദ്യോഗസ്ഥരെ സർവീസിൽ തിരികെ പ്രവേശിപ്പിച്ച് പ്രൊമോഷൻ നൽകി രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവിറങ്ങിയതും പ്രൊമോഷൻ നൽകാൻ വകുപ്പ് പ്രൊമോഷൻ കമ്മിറ്റി ചേർന്നതും രജിസ്ട്രാറുടെ കാലാവധി കഴിഞ്ഞശേഷമാണ്. അതിനാൽ സാങ്കേതികമായി ഈ ഉത്തരവുകളുടെ സാമ്പത്തിക ബാധ്യത ഉത്തരവിറക്കിയ ഉദ്യോഗസ്ഥർക്ക് വന്നുചേരും. അന്യത്ര സേവനവ്യവസ്ഥയിൽ സർവകലാശാലയിൽ തുടരുന്ന ഉദ്യോഗസ്ഥർ ഏപ്രിലോടെ മാതൃസ്ഥാപനങ്ങളിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. ഈ മാസം ആരംഭിക്കേണ്ട പരീക്ഷകളും ഇതോടെ പ്രതിസന്ധിയിലാകും. നൂറുകണക്കിന് വിദ്യാർഥികളുടെ ഭാവിയെ ഇതു ബാധിക്കും.
ഹൈക്കോടതി വിധി മറികടന്നും സർവകലാശാല നിയമങ്ങൾ പാലിക്കാതെയുമാണ് കെ ശിവപ്രസാദിനെ മുൻ ഗവർണർ വിസിയായി നിയമിച്ചത്. ഇദ്ദേഹം ചുമതലയേറ്റശേഷം സർവകലാശാല ചട്ടങ്ങൾ മറികടന്നും സിൻഡിക്കറ്റ് തീരുമാനങ്ങൾ മുഖവിലയ്‌ക്കെടുക്കാതെയുമാണ് നിയമനങ്ങൾ നടത്തിയത്. സംഘപരിവാർ അനുകൂല സംഘടനാപ്രവർത്തകരെ വിസിയുടെ ഓഫീസിലേക്ക് നിയമിച്ചതും വിവാദമായിരുന്നു.









0 comments