കെടിയുവില്‍ ചട്ടവിരുദ്ധ യോഗത്തിന് വിസി ; പ്രതിഷേധവുമായി സംഘടനകള്‍

തിരുവനന്തപുരം
സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി ബോർഡ് ഓഫ് ഗവർണേഴ്സ് (ബിഒജി) യോഗം ചേരാനുള്ള വൈസ് ചാൻസലറുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി അധ്യാപകരും ജീവനക്കാരും.
22ന് യോഗം ചേരുന്നുവെന്ന ചാൻസലറുടെ പേരിലുള്ള അറിയിപ്പ് ബിഒജി അംഗങ്ങളിൽ ചിലർക്ക്മാത്രം രജിസ്ട്രാർ അയച്ചിട്ടുണ്ട്. അതേസമയം മാർച്ച് മൂന്നിന് കാലാവധി പൂർത്തിയായ രജിസ്ട്രാറാണ് നോട്ടീസ് അയച്ചത്. ബിഒജിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മുൻ പാർലമെന്റ് അംഗമടക്കമുള്ളവർക്ക് നോട്ടീസ് നൽകിയിട്ടില്ല. സർവകലാശാല സിൻഡിക്കറ്റ് അവതരിപ്പിക്കേണ്ട ബജറ്റാണ് ബിഒജി യോഗത്തിന്റെ അജൻഡയായി അറിയിച്ചത്. എന്നാൽ, സർവകലാശാലയുടെ സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റിയോ സർവകലാശാല സിൻഡിക്കറ്റോ ഇതുവരെയും ബജറ്റ് രേഖകൾ തയ്യാറാക്കുകയോ അവതരിപ്പിക്കുകയും ചെയ്തിട്ടില്ല. അതിനാൽ, പ്രത്യേക ബിഒജി യോഗം വിളിച്ച് എന്തെങ്കിലും തീരുമാനമെടുത്താലും നിയമസാധുത ഉണ്ടാകില്ല. ഇത്തരം നിയമവിരുദ്ധ നീക്കങ്ങളിലും ഹൈക്കോടതിയും നിയമസഭയും ചാൻസലറും അംഗീകരിച്ച അംഗങ്ങളെ യോഗത്തിലേക്ക് ക്ഷണിക്കാത്തതിനെതിരെയും ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷനും യൂണിവേഴ്സിറ്റി എംപ്ലോയീസ് കോൺഫെഡറേഷനും പ്രതിഷേധം അറിയിച്ചു.









0 comments