കെടിയു സിൻഡിക്കറ്റ് യോഗം ; വിസിക്ക് വീണ്ടും തിരിച്ചടി അപ്പീൽ ഡിവിഷൻബെഞ്ചും തള്ളി

കൊച്ചി
സാങ്കേതിക സർവകലാശാല (കെടിയു) വെെസ് ചാൻസലർ ഡോ. കെ ശിവപ്രസാദിന് ഹെെക്കോടതിയിൽനിന്ന് വീണ്ടും തിരിച്ചടി. സിൻഡിക്കറ്റ് യോഗത്തിൽ പങ്കെടുക്കാൻ ഗവ. സെക്രട്ടറിമാർക്ക് നിർദേശം നൽകണമെന്ന ഇടക്കാല ആവശ്യം അനുവദിക്കാത്ത സിംഗിൾബെഞ്ച് ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലും ഡിവിഷൻബെഞ്ച് തള്ളി.
ഇടക്കാല ഉത്തരവിനുമേൽ അപ്പീൽ നിലനിൽക്കില്ലെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
വകുപ്പ് സെക്രട്ടറിമാർ യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നതിനാൽ സർവകലാശാലയിൽ ഭരണസ്തംഭനമാണെന്നും അവർ യോഗത്തിൽ പങ്കെടുക്കാൻ നിർദേശിക്കണമെന്നുമാണ് താൽക്കാലിക വിസി ശിവപ്രസാദ് ആവശ്യപ്പെട്ടത്. ഒമ്പതംഗ സിൻഡിക്കറ്റ് യോഗത്തിൽ ക്വാറം തികയുന്നില്ലെന്നും ആരോപിച്ചിരുന്നു.
സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം സ്ഥിരം വിസിയെ കണ്ടെത്തുന്നതിനുള്ള സെർച്ച്-കമ്മിറ്റിയുടെ ചെയർമാനായി മുൻ സുപ്രീംകോടതി ജഡ്ജിയെ നിയമിച്ചെന്നും അതിനാൽ സിൻഡിക്കറ്റ് യോഗം സംബന്ധിച്ച് നിർദേശങ്ങൾ നൽകാൻ താൽക്കാലിക വിസിക്ക് അധികാരമില്ലെന്നും വ്യക്തമാക്കിയാണ് സിംഗിൾബെഞ്ച് ആവശ്യം നിരസിച്ചത്. സാങ്കേതിക സർവകലാശാലയുടെ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് സർക്കാരും വാദിച്ചു. ഇതംഗീകരിച്ചാണ് അപ്പീൽ തള്ളിയത്. സിംഗിൾബെഞ്ച് പരിഗണിക്കുന്ന റിട്ട് ഹർജിയിലെ തീർപ്പിന് ഈ ഉത്തരവ് തടസ്സമാകില്ലെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.









0 comments