പുഴുക്കുത്തുകളായ 144 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട സംസ്ഥാന സർക്കാരാണിത്: കെ ടി ജലീൽ

തിരുവനന്തപുരം: പുഴുക്കുത്തുകളായ 144 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട സംസ്ഥാന സർക്കാരാണിതെന്നും ഒരുകാലത്തും നടപടി എടുക്കാത്തത് യുഡിഎഫ് ആയിരുന്നുവെന്നും അടിയന്തരപ്രമേയ ചർച്ചയിൽ കെ ടി ജലീൽ എംഎൽഎ.
കേരളത്തിൽ ആദ്യമായി പൊലീസുകാരെ ഡിസ്മിസ് ചെയ്യണമെന്ന് തീരുമാനിച്ച മുഖ്യമന്ത്രിയാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നത്. എല്ലാ രംഗത്തും പുഴുക്കുത്തുകളുണ്ട്. ഭ്രൂണത്തിൽവെച്ച് കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പോലെയാണ് എല്ലാ യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും എന്ന് കരുതുന്നില്ല. പാർട്ടി പ്രവർത്തനം നാട്ടിൽ നടത്തുകയും അഞ്ചേകാൽ ലക്ഷം രൂപ ഗൾഫിൽ നിന്ന് ശമ്പളം പറ്റുകയും ചെയ്യുന്ന മായാവിയായ രാഷ്ട്രീയക്കാരൻ പി കെ ഫിറോസിനെ പോലെയല്ല യൂത്ത് ലീഗ് അംഗങ്ങളും പ്രവർത്തകരും. ഇതേപോലെയാണ് പൊലീസിന്റെയും കാര്യം. പുഴുക്കുത്തുകളെ ചൂണ്ടിക്കാട്ടി പൊലീസാകെ പ്രശ്‌നമാണെന്ന് പറയരുത്.
പൊലീസ് സേന രൂപീകൃതമായത് 2016 ആദ്യ എൽഡിഎഫ് സർക്കാർ വന്നപ്പോഴാണ് എന്ന തരത്തിലാണ് പ്രതിപക്ഷ അംഗങ്ങളുടെ ചർച്ച. ചർച്ചക്കൊടുവിൽ മുഖ്യമന്ത്രി മറുപടി പറയാൻ എണീക്കുന്നതിന് മുന്നേ പ്രതിപക്ഷം ചർച്ച ബഹിഷ്കരിച്ച് പോകരുത്. ഏറ്റവുമധികം ലോക്കപ്പ് മർദ്ദനം ഏറ്റവർ ഏത് വശത്ത് ഇരിക്കുന്നവരാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അതിക്രമം ഇവിടെ പലരും പറഞ്ഞു. അന്നത്തെ യുവ എംഎൽഎ ആയിരുന്ന പിണറായി വിജയൻ സഭയിലെത്തി പറഞ്ഞ കാര്യങ്ങളിൽ എന്ത് നടപടിയാണ് യുഡിഎഫ് സ്വീകരിച്ചത്. മന്ത്രി വാസവൻ, മുൻ മന്ത്രി ടിപി രാമകൃഷ്ണൻ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, നന്ദകുമാർ, ഹരീന്ദ്രൻ എന്നിവരൊക്കെ ക്രൂരതകൾ നേരിട്ടു. ഒരുനടപടിയും യുഡിഎഫ് സർക്കാർ എടുത്തില്ല. കസ്റ്റഡി മരണം പൊലീസ് അന്വേഷിക്കേണ്ട, പകരം ബാഹ്യ ഏജൻസികൾക്ക് ചുമതല നൽകിയ സർക്കാരാണ് ഇന്ന് കേരളത്തിലുള്ളത്.
റീജിയണൽ എൻജിനീയറിങ് കോളജിലെ മിടുക്കനായ വിദ്യാർഥിയായിരുന്ന രാജനെ ഉരുട്ടികൊന്ന് മൃതദേഹം പോലും വീട്ടുകാർക്ക് നൽകാഞ്ഞ പൊലീസാണ് യുഡിഎഫിന് ഉണ്ടായിരുന്നത്. ആലപ്പുഴയിൽ നടന്ന വലിയ നബിദിന റാലിക്ക് നേരെ പൊലീസ് വെടിവെച്ചു. രണ്ട് പേർ അതിൽ മരിച്ചുവീണു. ഇന്നൊക്കെയാണ് അതെങ്കിൽ നിങ്ങൾ കേരളം കത്തിച്ചേനെ. 11 വയസ് തികയാത്ത സിറാജുനീസ എന്ന കുട്ടിയെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിലാണ് പൊലീസ് വെടിവെച്ചു കൊന്നത്. ബിജെപി അഖിലേന്ത്യ പ്രസിഡന്റ് മുരളി മനോഹർ ജോഷി നടത്തിയ ഏകതാ യാത്രയുടെ ഉപജാഥയ്ക്ക് മുസ്‌ലിം സാന്ദ്രീകൃത മേഖലയിലൂടെ അനുവാദം നൽകിയതായിരുന്നു ആ കുഞ്ഞ് കൊല്ലപ്പെടാൻ കാരണം-കെ ടി ജലീൽ പറഞ്ഞു.









0 comments