പോളി ഹോസ്‌റ്റലിൽ കഞ്ചാവ് ; കെഎസ്‌യു പ്രവർത്തകരെ പുറത്താക്കി

കൊച്ചി : കളമശേരി ഗവ. പോളിടെക്‌നിക് ഹോസ്‌റ്റലിൽനിന്ന് കഞ്ചാവ് പിടിച്ച കേസിൽ മൂന്ന് കെഎസ്‌യു പ്രവർത്തകരടക്കം നാല് വിദ്യാർഥികളെ കോളേജിൽനിന്ന് പുറത്താക്കി. കൊല്ലം കുളത്തൂപ്പുഴ വില്ലുമലയിൽ എം ആകാശ് (21), ഹരിപ്പാട് വെട്ടുവേണി കാട്ടുകോയിക്കൽ ആദിത്യൻ കെ സുനിൽ (20), കരുനാഗപ്പള്ളി പുന്നക്കുളം മഠത്തിൽ വീട്ടിൽ ആർ അനുരാജ് (21), കരുനാഗപ്പള്ളി തൊടിയൂർ പാണംതറയിൽ ആർ അഭിരാജ് (21) എന്നിവരെയാണ് പുറത്താക്കിയത്.
നാലുപേർക്കും സ്വഭാവ സർട്ടിഫിക്കറ്റ് അനുവദിക്കില്ല. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പ്രിൻസിപ്പൽ ഐജു തോമസ് പറഞ്ഞു. മാർച്ച് 15നാണ് ഹോസ്‌റ്റൽമുറിയിൽനിന്ന് പൊലീസ് കഞ്ചാവ് പിടിച്ചത്. ആകാശ്, ആദിത്യൻ, അഭിരാജ് എന്നിവരെ അറസ്‌റ്റ് ചെയ്‌തു. തുടരന്വേഷണത്തിൽ ഹോസ്‌റ്റലിൽ കഞ്ചാവ് എത്തിച്ച കെഎസ്‌യു നേതാക്കൾ കെ എസ് ഷാലിഖ്, ആഷിഖ് എന്നിവരെയും അറസ്‌റ്റ് ചെയ്‌തു. കോളേജിലെ കെഎസ്‌യു യൂണിറ്റ് സെക്രട്ടറിയായിരുന്നു ഷാലിഖ്. ഇവരെ ചോദ്യംചെയ്‌തതിനെത്തുടർന്ന്, കഞ്ചാവ് വിതരണം ചെയ്‌ത പശ്ചിമബംഗാൾ സ്വദേശികളായ സൊഹൈൽ ഷെയ്‌ഖ് (24), ഐഹിന്റ മണ്ഡൽ (26) എന്നിവരെയും പിടികൂടി.
പുതിയ അധ്യയനവർഷംമുതൽ കോളേജ് പ്രവേശനസമയത്ത് വിദ്യാർഥികളിൽനിന്ന് ലഹരിവിരുദ്ധ സത്യവാങ്‌മൂലം വാങ്ങും. ഹോസ്‌റ്റലിലെ സുരക്ഷാസംവിധാനം കൂടുതൽ ശക്തമാക്കാൻ പുതുതായി സുരക്ഷാജീവനക്കാരെ നിയോഗിക്കും. ക്യാമ്പസിനകത്തും ഹോസ്‌റ്റൽവളപ്പിലും വിദ്യാർഥികൾക്ക് വാഹനം ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം കർശനമാക്കും.









0 comments