കലോത്സവ വേദിയിലെ അക്രമം ; കെഎസ്‌യു ലക്ഷ്യമിട്ടത് കൊല്ലാൻതന്നെ , റിമാൻഡ് റിപ്പോർട്ട് പുറത്ത്

തൃശൂർ : ഡി സോൺ കലോത്സവത്തിനിടെ ബോധപൂർവം സംഘർഷമുണ്ടാക്കി എസ്‌എഫ്‌ഐ പ്രവർത്തകരെ വധിക്കലായിരുന്നു കെഎസ്‌യു അക്രമി സംഘത്തിന്റെ ലക്ഷ്യമെന്ന് റിമാൻഡ് റിപ്പോർട്ട്. മാളയിൽ ഡി സോൺ കലോത്സവ നടത്തിപ്പിലെ അപാകം ചോദ്യം ചെയ്‌ത എസ്‌എഫ്‌ഐ പ്രവർത്തകരെ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുലും സംഘവുമാണ് മാരകായുധങ്ങളുമായി ആക്രമിച്ചത്.
ഒന്നാംവേദിയിൽ നടത്തിപ്പിലെ അപാകം സംബന്ധിച്ച് പരാതിപ്പെട്ട എസ്‌എഫ്‌ഐ കേരളവർമ യൂണിറ്റ് സെക്രട്ടറി ആശിഷ് കൃഷ്‌ണയെ കെഎസ്‌യുക്കാരനായ ആദിത്യനാണ് ആദ്യം ആക്രമിച്ചത്. പിന്നാലെ ഒന്നാംപ്രതി ഗോകുൽ ‘ഒരാളെയും കാമ്പസിന് പുറത്തുവിടില്ലെന്നും കൊല്ലുമെന്നും’ ആക്രോശിച്ച് ആശിഷിനെ തലയ്‌ക്കടിച്ച് വീഴ്‌ത്തി. ‘നിന്നെ ഇന്ന് കൊല്ലുമെടാ, ഒരു എസ്‌എഫ്‌ഐക്കാരനെയും പുറത്തുവിടില്ല’ എന്ന് പറഞ്ഞ് കഴുത്തിലും ചെവിയുടെ പിന്നിലും അടിച്ചു. ഈ സമയം രണ്ടാംപ്രതി അശ്വിൻ ഇരുമ്പുപൈപ്പുകൊണ്ട് ആശിഷിന്റെ വലതുതോളെല്ല് അടിച്ചുതകർത്തു. മറ്റുപ്രതികൾ നിലത്തിട്ട് ചവിട്ടി.
ഡി സോൺ സംഘാടക സമിതി അംഗങ്ങളായ 14 പേർ ചേർന്നായിരുന്നു ആക്രമണമെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഗുരുതരമായി പരിക്കേറ്റ ആശിഷ് കൃഷ്‌ണ ചികിത്സയിലാണ്. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ അഗ്നിവേശിന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കേസിൽ മൂന്നുപ്രതികളെ ആലുവ യുസി കോളേജ് പരിസരത്തുനിന്ന് മാള എസ് ഐ സജിൻ ശശി അറസ്റ്റ് ചെയ്‌തു. കൃത്യത്തിന് ഉപയോഗിച്ച ഇരുമ്പ് പൈപ്പുൾപ്പെടെ ആയുധങ്ങൾ കണ്ടെടുത്തു. മറ്റു പ്രതികൾക്കുള്ള അന്വേഷണം തുടരുകയാണ്.
പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനും ഒളിവിൽ പോകാനും സാധ്യതയുള്ളതിനാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതികളെ ചാലക്കുടി ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാൻഡ്ചെയ്‌തു.
2 കെഎസ്‌യുക്കാരെ സസ്‌പെൻഡ് ചെയ്‌തു
ഡി സോൺ കലോത്സവവേദിയിൽ എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ ഒന്നാംപ്രതി കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിനെ കേരളവർമ കോളേജിൽനിന്ന് സസ്‌പെൻഡ് ചെയ്‌തു. കേസിലെ ആറാംപ്രതി കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് അക്ഷയിനെയും രണ്ടാഴ്‌ചത്തേക്ക് സസ്‌പെൻഡ് ചെയ്‌തു. കോളേജ് സ്റ്റാഫ് കൗൺസിൽ ചേർന്നാണ് നടപടി. ബിഎ സംസ്‌കൃതം ഒന്നാംവർഷ വിദ്യാർഥിയാണ് ഗോകുൽ. അക്ഷയ് മൂന്നാംവർഷ വിദ്യാർഥിയും.









0 comments