തീപ്പന്തം എറിഞ്ഞതിന് പിന്നാലെ അക്രമവുമായി കെഎസ്‍യു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് കലാപശ്രമങ്ങൾക്ക് പിന്നാലെ പൊലീസിന് നേരെ അക്രമം അഴിച്ചുവിട്ട് കെഎസ്‍യു. കെഎസ്‍യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിജിപി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പ്രവർത്തകർ പൊലീസിനെ കൈയേറ്റം ചെയ്തു. പൊലീസ് ആസ്ഥാനം അതീവ സുരക്ഷാമേഖലയായതിനാൽ കെഎസ്‍യു പ്രവർത്തകരെ വെള്ളയമ്പലം ആൽത്തറ ഭാഗത്ത് ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. പ്രവർത്തകർ പൊലീസിനെ കൈയേറ്റം ചെയ്തതോടെ ജലപീരങ്കി പ്രയോഗിച്ചു.
പലരും വടികളുമായാണ് മാർച്ചിന് എത്തിയത്. എട്ടുതവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിന്തിരിഞ്ഞില്ല. ബാരിക്കേഡ് ചാടിക്കടന്ന സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. ഇതിനിടെ പ്രവർത്തകർ ഓണാഘോഷവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ഫ്ലക്‌സ്ബോർഡുകളും മറ്റ് സാമഗ്രികളും നശിപ്പിച്ചു. അക്രമസമരത്തെ തുടർന്ന് രണ്ടരമണിക്കൂറോളം വെള്ളയമ്പലം- വഴുതക്കാട് റോഡിൽ ഗതാഗതം മുടങ്ങി.









0 comments