കലിക്കറ്റ് സർവകലാശാലയ്‌ക്ക് കീഴിലെ കോളേജുകളിൽ ഇന്ന് പഠിപ്പുമുടക്ക്
കലോത്സവവേദികളിൽ കെഎസ്‌യു സംഘർഷം സൃഷ്‌ടിക്കുന്നു: എസ്‌എഫ്‌ഐ

തിരുവനന്തപുരം : കലോത്സവ വേദികളിൽ സംഘർഷം സൃഷ്‌ടിക്കാനാണ് കെഎസ്‌യു –- എംഎസ്‌എഫ് ശ്രമമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു.
തൃശൂർ മാളയിൽ നടന്ന കലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ കെഎസ്‌യു നേതൃത്വത്തിൽ അതിക്രൂരമായ ആക്രമണമാണ് ഉണ്ടായത്. ഇതിൽ പ്രതിഷേധിച്ച് ബുധനാഴ്‌ച കലിക്കറ്റ് സർവകലാശാലയ്‌ക്ക് കീഴിലെ മുഴുവൻ കോളേജുകളിലും എസ്‌എഫ്‌ഐ പഠിപ്പു മുടക്കുമെന്നും ആർഷോ പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകളാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. കെഎസ്‌യു–-എംഎസ്‌എഫ് നേതൃത്വത്തിൽ ഏകപക്ഷീയമായി ആക്രമണമാണ് അഴിച്ചുവിട്ടത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ആണ് നേതൃത്വം നൽകിയത്. എസ്‌എഫ്‌ഐ കേരള വർമ കോളേജ് യൂണിറ്റ് സെക്രട്ടറി ആഷിഷ് ഗുരുതരാവസ്ഥയിലാണ്. സംഘാടനവും വിധിനിർണയവുമായി ബന്ധപ്പെട്ട് വലിയ വീഴ്‌ച കലോത്സവത്തിന്റെ തുടക്കത്തിൽതന്നെ മത്സരാർഥികൾ ഉന്നയിച്ചിരുന്നു.
വിധികർത്താക്കളെക്കുറിച്ച് ഉൾപ്പെടെ വ്യാപക പരാതി ഉയർന്നു. വിദ്യാർഥികളോട് യാതൊരു ഉത്തരവാദിത്വവുമില്ലാതെയാണ് സർവകലാശാല യൂണിയൻ പെരുമാറിയത്. എസ്‌എഫ്‌ഐക്ക് യൂണിയൻ ഉള്ള കോളേജുകളിൽ നിന്നുള്ള വിദ്യാർഥികളെ ആക്രമിച്ചു.
കലോത്സവത്തിനു മുമ്പ് തന്നെ സംഘാടകരെ വിളിച്ച് എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌തിരുന്നു. ഡി സോൺ കലോത്സവത്തിൽ വർഷങ്ങൾക്കു മുമ്പ് ആർ കെ കൊച്ചനിയനെ കൊലപ്പെടുത്തിയത് കെഎസ്‌യുക്കാരാണ്. വരാനുള്ള കലോത്സവങ്ങളും ഇതേനിലയിൽ ആയാൽ പ്രതിരോധിക്കേണ്ട നിലയിലേക്ക് പോകും.
എസ്‌എഫ്‌ഐ പ്രവർത്തകർ ആരെയും തടയുകയോ സംഘർഷത്തിലേക്ക് പോകുകയോ ചെയ്‌തിട്ടില്ല. ആംബുലൻസ് തടഞ്ഞത് എസ്‌എഫ്‌ഐ പ്രവർത്തകരല്ല. വാഹനത്തിൽ ഉണ്ടായിരുന്നത് പരിക്കേറ്റവരല്ല എന്നാണ് അറിയാൻ കഴിഞ്ഞതെന്നും ആർഷോ മാധ്യമങ്ങളോട് പറഞ്ഞു.









0 comments