കൊലവിളിയുമായി കെഎസ്‌യു ; അക്രമം നയിച്ച് ജില്ലാ പ്രസിഡന്റ്

പൊലീസിനെ കൈയേറ്റം ചെയ്‌ത് ലാത്തി പിടിച്ചു വാങ്ങിയ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ
കെ എ നിധിൻ നാഥ്
Published on Jan 29, 2025, 12:00 AM | 1 min read
മാള
കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികളുടെ കൈയും കാലും തല്ലിയൊടിക്കാൻ അഹ്വാനം ചെയ്‌താണ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ ആക്രമണത്തിന് തുടക്കമിട്ടത്. വേണമെങ്കിൽ നിങ്ങൾ അവരെ കൊന്നോ ഞാൻ ജയിലിൽ പോയ്‌ക്കൊള്ളാം എന്നാണ് ആക്രമണത്തിനിടയിൽ ഗോകുൽ വിളിച്ച് പറഞ്ഞത്. ഇതിനു പിന്നാലെയാണ് സംഘാടക സമിതി ഓഫീസിലും സ്‌റ്റേജിന് പിറകിലുമായി ഒളിപ്പിച്ച് വച്ചിരുന്ന മാരകായുധങ്ങളുമായി ക്രിമിനൽ സംഘം വിദ്യാർഥികളെ ആക്രമിച്ചത്. വലിയ ഇരുമ്പ് വടികളും ദണ്ഡുകളും ഉപയോഗിച്ചാണ് പെൺകുട്ടികളടക്കമുള്ളവരെ ആക്രമിച്ചത്.
ആക്രമണം തടയാൻ ശ്രമിച്ച പൊലീസിനെയും ആക്രമിച്ചു. പൊലീസിന്റെ ലാത്തി പിടിച്ച് വാങ്ങിയും കസേര ഉപയോഗിച്ചും അക്രമം നടത്തി. രണ്ട് മണിക്കൂറോളം കെഎസ്‌യുവിന്റെ നേതൃത്വത്തിലുള്ള ക്രമിനിൽ സംഘം അഴിഞ്ഞാടി. പെൺകുട്ടികളെ കസേര കൊണ്ട് അടിച്ചുവീഴ്‌ത്തി. കേരള വർമ കോളേജിലെ യുയുസി അഗ്‌നിവേശിനെ ഗോകുൽ, അക്ഷയ് ഉൾപ്പെടെ 10 ഓളം പേരാണ് നിലത്തിട്ട് ചവിട്ടുകയും ആയുധങ്ങളും കസേരയടക്കം കൈയിൽ കിട്ടിയതെല്ലാം ഉപയോഗിച്ച് അടിക്കുകയും ചെയ്‌തത്. ക്യാമ്പസുകളിൽ പിന്തുണ നഷ്ടപ്പെട്ട കെഎസ്‌യു അതിന് പ്രതികാരം എന്ന രീതിയിലാണ് കലോത്സവ വേദിയിൽ വിദ്യാർഥികളെ മർദിച്ചത്. സംഘാടകർ എന്നതിന്റെ മറവിൽ പുറത്ത് നിന്നടക്കം ആളുകളെ ഇറക്കിയിരുന്നു. ഇവരിൽ അധികവും യൂത്ത് കോൺഗ്രസുകാരടക്കമുള്ളവരാണ്. ക്രിമിനലുകൾക്ക് ഒഫീഷ്യൽ ബാഡ്‌ജും നൽകി. ശനിയാഴ്‌ച രാത്രിയിൽ പരാതിയുമായി എത്തിയ പെൺകുട്ടിയെ ബാഡ്‌ജ് ധരിച്ചയാൾ കൈയേറ്റം ചെയ്‌തിരുന്നു. കലോത്സവ വേദികളിൽ കൊലക്കത്തിയും മാരകായുധങ്ങളുമായി വരുന്ന കെഎസ്‌യുവിന്റെ രാഷ്‌ട്രീയമാണ് മാളയിലും കണ്ടത്. 1992 ഫെബ്രുവരി 29നാണ് തൃശൂരിൽ കലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിനിടെ കൊച്ചനിയനെ കെഎസ്‌യുക്കാർ കുത്തിക്കൊന്നത്.











0 comments