കലോത്സവ വേദിയെ സംഘർഷ ഭൂമിയാക്കുന്ന സമീപനത്തിൽ നിന്നും കെ എസ് യു പിന്മാറണം: പി എം ആര്‍ഷോ

മാള: കലോത്സവ വേദിയെ സംഘർഷ ഭൂമിയാക്കുന്ന സമീപനത്തിൽ നിന്നും കെ എസ് യു പിന്മാറണമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. കലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐയും യുഡിഎസ്എഫ് പ്രവർത്തകരും തമ്മിലല്ല സംഘർഷം നടന്നത്. ഡി സോൺ കലോത്സവത്തിന് വിവിധ ക്യാമ്പസുകളിൽ നിന്നെത്തിയ വിദ്യാർഥികളെ സംഘാടകരും കെ എസ് യു- എംഎസ് എഫിന്റെ നേതൃത്വവും ചേർന്ന് അക്രമിക്കുകയായിരുന്നു. നടന്ന സംഭവത്തിൽ പൊതു സമൂഹത്തോടും വിദ്യാർഥികളോടും കെ എസ് യു മാപ്പ് പറയാൻ തയാറാകണം. കലോത്സവം തുടങ്ങുന്നതിന് മുമ്പ് തന്നെ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് സംഘടകരെ എസ്എഫ്ഐ നേതൃത്വം അറിയിച്ചിരുന്നു. വിദ്യാർഥികളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ കെ എസ് യു സംഘടിപ്പിക്കുന്ന കലോത്സവങ്ങൾ മാറിയെന്നും പി എം ആര്‍ഷോ പറഞ്ഞു.
കലോത്സവത്തിന്റെ സംഘാടനത്തിൽ ആദ്യഘട്ടം മുതൽ പിഴവുകൾ ഉണ്ടായിരുന്നു. അത് വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. മത്സരളുടെ വിധി നിർണയത്തിലെ വലിയ അപാകതകൾ, മത്സരങ്ങൾ നടത്തപ്പെടുന്നതിലെ കാലതാമസം തുടങ്ങിയ പ്രശ്നങ്ങൾ വിദ്യാർഥികൾ ഉന്നയിച്ചിരുന്നു. സംഘാടനവുമായി ബന്ധപ്പെട്ട് നിരവധി അപ്പീലുകൾ സമർപ്പിച്ചിട്ടുണ്ട്. മത്സരം നടത്തിപ്പിലെ അപാകതകൾ ചോദ്യം ചെയ്തതിന് പിന്നാലെ കലോത്സവത്തിന് വിവിധ ക്യാമ്പസുകളിൽ നിന്നെത്തിയ വിദ്യാർഥികളെ സംഘാടകരും കെഎസ് യു- എംഎസ് എഫിന്റെ നേതൃത്വവും ചേർന്ന് അക്രമിക്കുകയായിരുന്നു. അത് എസ്എഫ്ഐയുമായി ബന്ധപ്പെട്ട് നടന്ന ഒരു സംഘർഷമല്ല. അക്രമത്തിന്റെ അതിക്രൂരമായ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ഇരുമ്പ് വടികൾ ഉൾപ്പെടെ മാരകമായ വസ്തുക്കൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയിട്ടുള്ളത്. കെ എസ് യു വിന്റെ തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ ഉൾപ്പെടെയുള്ള ആളുകളാണ് ആക്രമണത്തിലുണ്ടായിരുന്നത്.
ആക്രമണത്തിൽ കേരള വർമ കോളേജിലെ എസ് എഫ് ഐയുടെ യൂണിറ്റ് സെക്രട്ടറി ഉൾപ്പെയെ നിരവധി വിദ്യർഥികൾ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കലോത്സവത്തിൽ വിധി നിർണയവുമായി ബന്ധപ്പെട്ട് എസ്എഫ്ഐയാണ് ആക്ഷേപങ്ങൾ ഉന്നയിച്ചതെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പി എം ആർഷോ പറഞ്ഞു. മതിയായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കലോത്സവത്തിൽ വിധികർത്താക്കളെ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് വിവരം. എസ്എഫ്ഐക്ക് കോളേജ് യൂണിയനുള്ള ക്യാമ്പസുകളിലെ വിദ്യാർഥികൾ കലോത്സവ വേദിയിലെത്തുമ്പോൾ അവരെ ആക്രമിക്കുന്നത് പതിവാകുന്നുണ്ട്. ഒരു നിലയ്ക്കും വിദ്യാർഥികളോടുള്ള ധാർമിക ഉത്തരവാദിത്വം പാലിക്കാത്ത ആളുകളായി കെ എസ് യുവും സർവകലാശാല യൂണിയന്റെ നേതൃത്വവും മാറുന്നതായും ആർഷോ പറഞ്ഞു.









0 comments