എംഎസ്എഫ് വർഗീയ ചിന്തകളുടെ അപ്പോസ്തലന്മാർ; മതം പറഞ്ഞ് വിദ്യാർഥികളെ വേർതിരിക്കുന്നുവെന്ന് കെഎസ്‍യു നേതാവ്

തിരുവനന്തപുരം: എംഎസ്എഫിന്റെ വർഗീയനിലപാടിനെതിരെ ആഞ്ഞടിച്ച് കെഎസ്‍യു നേതാവ്. മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളർത്തുന്ന ഇത്തിൾക്കണ്ണികളാണ് എംഎസ്എഫ് എന്ന് കെഎസ്‍യു കണ്ണൂർ ജില്ലാ സെക്രട്ടറി സി എച്ച് മുബാസ് പറഞ്ഞു. ക്യാമ്പസുകളിൽ വർഗീയ ചിന്തകളുടെ അപ്പോസ്തലന്മാരായി പ്രവർത്തിക്കുകയാണ് എംഎസ്എഫ്. മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണ്. മുഖംമറച്ച് ക്യാമ്പസിൽ മതം പറഞ്ഞ് വിദ്യാർഥി സമൂഹത്തെ വേർതിരിക്കുന്നവരാണ് എംഎസ്എഫ് എന്നും മുബാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
എം എം കോളേജിൽ കെഎസ്‍യു സ്ഥാനാർഥിയായി മത്സരിക്കാനാരുന്ന വിദ്യാർഥിയെ പള്ളി കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചത് എംഎസ്എഫാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത എംഎസ്എഫ് സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുമെന്നും മുബാസ് പറഞ്ഞു.

മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് എംഎസ്എഫ് നടത്തുന്ന വർഗീയ പ്രചരണങ്ങൾ എസ്എഫ്ഐ തുറന്നുകാട്ടുമ്പോഴാണ് കെഎസ്‍യു നേതാവിന്റെയും പ്രതികരണം.
കഴിഞ്ഞ ദിവസം കണ്ണൂരിൽ കെഎസ്‌യു പ്രവര്‍ത്തകനെ എംഎസ്എഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. തളിപ്പറമ്പ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കെഎസ്‌യു പ്രവര്‍ത്തകനായ അജ്മല്‍ റോഷനാണ് മര്‍ദ്ദനമേറ്റത്. കോളേജ് തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കാന്‍ എംഎസ്എഫ് നേതാക്കൾ അനുവദിച്ചില്ല. നോമിനേഷൻ നൽകാൻ ശ്രമിച്ചപ്പോൾ അജ്മലിനെ എംഎസ്എഫുകാർ പിന്തുടര്‍ന്ന് തടഞ്ഞ് നിർത്തി മര്‍ദിക്കുകയായിരുന്നു.









0 comments