മദ്യലഹരിയിൽ മർദിച്ചു; കെഎസ്‍യു എറണാകുളം ജില്ലാ പ്രസിഡന്റിനെതിരെ മലപ്പുറം ജില്ലാ സെക്രട്ടറി

എറണാകുളം : മദ്യലഹരിയിൽ കെഎസ്‍യു എറണാകുളം ജില്ലാ പ്രസിഡന്റ് മർദിച്ചതായി മലപ്പുറം ജില്ലാ സെക്രട്ടറി. കെഎസ്‍യു മലപ്പുറം ജില്ലാ സെക്രട്ടറിയും മഹാരാജാസ് മുൻ കെഎസ്‍യു യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദ് നിയാസിനെ കെഎസ്‍യു എറണാകുളം ജില്ലാ പ്രസിഡന്റ് കൃഷ്ണലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മർദിച്ചത്. മദ്യ ലഹരിയിലായിരുന്നു മർദനം.
കെഎസ്‍യു സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ യാത്ര നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് മദ്യലഹരിയിൽ നേതാക്കൾ ജില്ലാ സെക്രട്ടറിയെ മർദിച്ചത്. കഴിഞ്ഞദിവസം മഹാരാജാസ് കോളേജിൽ നടന്ന യൂണിറ്റ് കമ്മിറ്റി തെരഞ്ഞെടുപ്പിന്റെ ഭാഗമായുണ്ടായ തർക്കത്തെ തുടർന്നാണ് മർദനം. ഫ്രറ്റേണിറ്റിയുമായി ബന്ധപ്പെട്ട വിദ്യാർഥിയെ പുതിയ പ്രസിഡന്റാക്കാൻ അധ്യക്ഷൻ ശ്രമിക്കുകയും എന്നാൽ മറ്റു ചിലർ അതിനെ എതിർക്കുകയുമായിരുന്നു. ഇതേത്തുടർന്ന് കമ്മിറ്റിയിൽ വാക്കു തർക്കം ഉണ്ടായിരുന്നു. തുടർന്ന് പുറത്തിറങ്ങിയ മുൻ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് നിയാസിനെ എറണാകുളം ജില്ലാ പ്രസിഡന്റ് കെ എം കൃഷ്ണ ലാലും സംഘവും വാഹനത്തിൽ കയറ്റി കൊണ്ടുപോയി ആളൊഴിഞ്ഞിടത്ത് വച്ച് മർദിക്കുകയുമായിരുന്നു. എറണാകുളം ജില്ലയിലെ സംഘടനാകാര്യത്തിൽ എന്തിനാണ് ഇടപെടുന്നത് എന്ന് ചോദിച്ച് ക്രൂരമായി മർദിച്ചതായി മുഹമ്മദ് നിയാസ് പറയുന്നു.
സംഭവത്തിൽ നിയാസ് കെഎസ്‍യു സംസ്ഥാന പ്രസിഡന്റിനും കോൺഗ്രസ് നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്.









0 comments