കെഎസ്‍യു ആക്രമണം: നാളെ കലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ പഠിപ്പ് മുടക്കും

sfi
വെബ് ഡെസ്ക്

Published on Jan 28, 2025, 02:26 PM | 1 min read

തിരുവനന്തപുരം: കലിക്കറ്റ് സർവകലാശാലയിലെ ഡി സോൺ കലോത്സവത്തിനിടെയുണ്ടായ കെഎസ്‍യു ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ എസ്എഫ്ഐ പഠിപ്പുമുടക്കും. കെഎസ്‍യുവിന്റെ ആക്രമണ പരമ്പരയിൽ പ്രതിഷേധിച്ചുകൊണ്ടും വാരാനിരിക്കുന്ന കലോത്സവങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുമാണ് സൂചനാപരമായി പഠിപ്പ് മുടക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു. കലിക്കറ്റ് സർവകലാശാല കലോത്സവത്തിൽ നടന്ന ആക്രമണത്തെ തുടർന്ന് എസ്എഫ്ഐ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സർവകലാശാലയിൽ നാളെ ക്യാമ്പസ് യൂണിയനുകളുടെ പരാതി നൽകുമെന്നും ആർഷോ പറഞ്ഞു.


കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഉദ്ഘാടനം സർവകലാശാലയുടെ സെനറ്റ് ഹാളിലാണ് നടന്നത്. ഈ പരിപാടിക്ക് അഡ്വാന്‍സ് ഇനത്തില്‍ പോലും നല്‍കിയത് 5 ലക്ഷം രൂപയാണ്. ഇതിന്റെ കണക്കുപോലും അവതരിപ്പിക്കാന്‍ യൂണിയന്‍ തയാറായില്ലെന്നും ആര്‍ഷോ ആരോപിച്ചു. ഇത്തവണത്തെ യൂണിയനോട് വൈസ് ചാന്‍സലര്‍ ഉൾപ്പെടെയുള്ളവർക്ക് അകമഴിഞ്ഞ പിന്തുണയാണ്. വാരിക്കോരിയാണ് പണം നല്‍കുന്നത്. വിദ്യാര്‍ഥിവിരുദ്ധ സമീപനമാണ് വി സി നടത്തിക്കൊണ്ടിരിക്കുന്നതെന്നും കേരള സര്‍വകലാശാലയിലെ നിയമ പോരാട്ടവും സമരവും തുടരുമെന്നും പി എം ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.


ഇന്നലെയാണ് കലിക്കറ്റ്‌ സർവകലാശാലയിലെ ഡി സോൺ കലോത്സവ വേദിയിൽ കെഎസ്‍യു ജില്ലാ പ്രസിഡന്റ്‌ ഗോകുലിന്റെ നേതൃത്വത്തിലുള്ള സംഘം മത്സരാർഥികളെ ആക്രമിച്ചത്. ഇരുമ്പ്‌ വടിയടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ സംഘമാണ്‌ മത്സരാർഥികളെ ആക്രമിച്ചത്‌. ആക്രമണത്തിൽ കേരള വർമ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ആഷിക്കിന് ​തലയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റു. സംഘാടകരുടെ ആക്രമണത്തിൽ പരിക്കേറ്റ്‌ ഒൻപത്‌ വിദ്യാർഥികളെയാണ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Home