2019 വരെയുള്ള വിവര
ശേഖരണമാണിത്

കേരളത്തിലെ 
95% പേർക്കും സ്വന്തം വീട്‌ ; പരിഷത്തിന്റെ പഠനറിപ്പോർട്ട്

kssp report
avatar
സി പ്രജോഷ്‌ കുമാർ

Published on Jul 25, 2025, 02:24 AM | 1 min read


മലപ്പുറം

കേരളത്തിലെ 95 ശതമാനം കുടുംബങ്ങൾക്കും സ്വന്തമായി വീടുണ്ടെന്ന്‌ പഠന റിപ്പോർട്ട്‌. സർക്കാർ തലത്തിലും അല്ലാതെയുമുള്ള പിന്തുണയാണ്‌ ഈ നേട്ടത്തിന്‌ പിന്നിലെന്ന്‌ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ 2019വരെയുള്ള വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ‘കേരള പഠനം’ റിപ്പോർട്ട്‌ പറയുന്നു.


എണ്ണത്തിൽ മാത്രമല്ല, വലിപ്പത്തിലും സൗകര്യങ്ങളിലും കേരള വീടുകൾ മുന്നിലാണ്‌. 2004ൽ സമ്പൂർണ വീടുകൾ 82.9 ശതമാനമായിരുന്നു. 2019ൽ ഇത്‌ 93.6 ആണ്. ഓല മേഞ്ഞവ ഓടിലേക്കും ഓടുമേഞ്ഞവ കോൺക്രീറ്റിലേക്കും മാറി. നിലവിൽ മൂന്നിൽ രണ്ട് ഭാഗവും കോൺക്രീറ്റാണ്‌.


വീടിന്റെ തറ സിമന്റ്, കോൺക്രീറ്റ് എന്നിവയ്ക്കുപകരം മാർബിൾ, ഗ്രാനൈറ്റ്, ടൈൽ എന്നിവയായി. സെറാമിക് ടൈൽ ഉപയോഗം 2004ലെ 9.5 ശതമാനത്തിൽ നിന്നും 38.4 ആയി. കേരളത്തിൽ 96.3 ശതമാനം വീടുകളിലും അടുക്കളയ്ക്കായി പ്രത്യേക മുറിയുണ്ട്‌. ഇന്ത്യയിലാകെ ഇത്‌ 56 ശതമാനമാണ്‌. പാചകവാതക ഗ്യാസിന്റെ ഉപയോഗം 1987ലെ 49 ശതമാനത്തിൽനിന്ന്‌ 82 ആയി ഉയർന്നു. ആഡംബരമായി കരുതിയിരുന്ന പല ഉൽപ്പന്നങ്ങളും സാധാരണമായി. ഇൻഡക്‌ഷൻ കുക്കറിന്റെ കടന്നുവരവോടെ പാചക വാതകത്തിന്റെ ഉപയോഗം 97.6ൽ (2004) നിന്ന്‌ 95.1 ശതമാനമായി. സാങ്കേതിക വിദ്യയുടെ വളർച്ചയിൽ ലാൻഡ്ഫോൺ, കാമറ, റേഡിയോ എന്നിവയുടെ ഉപയോഗം കുറഞ്ഞു. 65 ശതമാനം വീടുകളിലും റഫ്രിജറേറ്ററെത്തി. 2004ൽ ഇത് 32 ശതമാനമായിരുന്നു. 51 ശതമാനം പേർക്ക്‌ സ്വന്തമായി ഇരുചക്രവാഹനമുണ്ട്‌. കാറുടമകൾ ഏഴിൽ നിന്ന്‌ 20 ശതമാനമായി വർധിച്ചു.


സുരക്ഷിതമല്ലാത്ത കുടിവെള്ള ഉപയോഗം 1987ലെ 34.1 ൽ നിന്ന്‌ 8.7 ശതമാനമായി കുറഞ്ഞു. പൈപ്പുവെള്ള ഉപയോഗം ഏഴിരട്ടിയായി കൂടി. കക്കൂസ് ഉപയോഗം 48.3ൽ (1987) നിന്ന്‌ 98.9 ശതമാനമായി.



Tags
deshabhimani section

Related News

View More
0 comments
Sort by

Home