എത്തുന്നു, അഞ്ച് ലക്ഷം ട്രാവൽകാർഡ്
വിദ്യാർഥികൾക്കും സ്‌മാർട്ട് കാർഡ് ; മാസത്തിൽ 25 ദിവസം യാത്ര

തിരുവനന്തപുരം
കെഎസ്‌ആർടിസിയുടെ സ്മാർട്ട് ഓൺലൈൻ കൺസഷൻ കാർഡ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് മാസം 25 ദിവസം യാത്ര നടത്താം. ട്രാവൽ കാർഡ് പോലെ സ്മാർട്ട് കാർഡുരൂപത്തിലാണ് ഇവയും. നിർദിഷ്ട റൂട്ടുകളിലും ഒന്നിലധികം റൂട്ടുകളിലുമായി യാത്ര ചെയ്യാനാവും. ദിവസം രണ്ടു തവണയിൽ കൂടുതൽ കാർഡുകൾ ഉപയോഗിച്ചാൽ അത്രയും 25ൽനിന്ന് കുറയും. രണ്ടാം ശനിയും ഞായറും കൺസഷൻ അനുവദിക്കില്ല.
റൂട്ട് വിവരങ്ങളും യാത്രാദിവസങ്ങളുടെ എണ്ണവും കാർഡുകളിൽ രേഖപ്പെടുത്തും. കണ്ടക്ടർമാർ ടിക്കറ്റിങ് മെഷീനിൽ കാർഡ് സ്‌കാൻ ചെയ്യും. ഒന്നാം ക്ലാസ് മുതൽ കോളേജുതലംവരെയുള്ളവർക്ക് സൗകര്യം ലഭ്യമാണ്. കാലാവധി കഴിഞ്ഞാൽ കാർഡ് കണ്ടക്ടർക്ക് നൽകി പുതുക്കാം. പ്ലസ് വൺ വിദ്യാർഥികൾക്ക് രണ്ടു വർഷത്തേക്കുള്ള കാർഡിനാണ് അർഹത.
www.concessionksrtc.com എന്ന വെബ്സൈറ്റ് മുഖേനയും കെഎസ്ആർടിസി കൺസഷൻ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചും അപേക്ഷിക്കാം. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യാനാവും. തുക ഓൺലൈൻ വഴിയും അടയ്ക്കാം. ഇതുവരെ 73,281 വിദ്യാർഥികൾ സ്‌മാർട്ട് കാർഡിന് അപേക്ഷിച്ചിട്ടുണ്ട്. ഉടൻ ലഭ്യമായി തുടങ്ങും.
എത്തുന്നു, അഞ്ച് ലക്ഷം ട്രാവൽകാർഡ്
അഞ്ചുലക്ഷം ട്രാവൽ കാർഡുകൂടി പുറത്തിറക്കാൻ കെഎസ്‌ആർടിസി. ഇതുവരെ 1,00,961 പേർ വാങ്ങി. അപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് വീണ്ടും ഇറക്കുന്നത്. യാത്രകൾ കൂടുതൽ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നതാണ് കാർഡ്. 100 രൂപയാണ് ചാർജ്. കാർഡ് ലഭിച്ച ശേഷം റീചാർജ് ചെയ്ത് ഉപയോഗിക്കാം. ഒരു വർഷമാണ് കാലാവധി.
കുറഞ്ഞത് 50 രൂപയ്ക്കും പരമാവധി 3000 രൂപയ്ക്കും ചാർജ് ചെയ്യാം. 1000 രൂപ ചാർജ് ചെയ്താൽ 40 രൂപയും 2000 രൂപ ചാർജ് ചെയ്താൽ 100 രൂപയും അധികമായി ലഭിക്കും.









0 comments