പുത്തൻ ബസുകൾ എത്തി ; കെഎസ്‌ആർടിസിയില്‍ യാത്ര ക്ലാസാകും

കെഎസ്ആർടിസിയുടെ പുതിയ എസി സീറ്റർ ബസ്
തിരുവനന്തപുരം
പുത്തന്‍ ബസുമായി യാത്ര അടിപൊളിയാക്കാന്‍ കെഎസ്‌ആർടിസി. ബിഎസ് 6 വിഭാഗത്തിലുള്ള നൂറ്റിനാൽപ്പതോളം ബസുകളാണ് ഓണത്തിനുമുമ്പ് നിരത്തിലിറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ്‌ഓഫ് ചെയ്യും. കെഎസ്‌ആർടിസിക്ക് 2019 നുശേഷം ഫാസ്‌റ്റ്, സൂപ്പർഫാസ്‌റ്റ്, ലിങ്ക് ബസുകൾ എന്നിവ ലഭിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. തുടർവർഷങ്ങളിലും ബസുകൾ വാങ്ങിയിരുന്നെങ്കിലും അവ കെഎസ്‌ആർടിസി സ്വിഫ്‌റ്റിനാണ് നൽകിയിരുന്നത്. ഇത്തവണ സ്വിഫ്‌റ്റിലും ബസുകൾ ലഭിക്കും. എസി സീറ്റർ കം സ്ലീപ്പർ, എസി സ്ലീപ്പർ, എസി സീറ്റർ എന്നീ മൂന്നുവിഭാഗത്തിലാണ് ബസുകൾ.
ദേശീയപതാകയുടെ കളര്‍ തീമില്‍ ഒരുക്കിയ ബോഡിയില്‍ കഥകളി ചിത്രം ആലേഖനം ചെയ്താണ് സീറ്റര്‍ കം സ്ലീപ്പര്‍, സ്ലീപ്പര്‍ ബസുകള്‍. പുഷ്ബാക്ക് സംവിധാനത്തിനൊപ്പം ഇരു നിറത്തിലുള്ള ലെതര്‍ സീറ്റുകളാണ്. ഓരോ സീറ്റിലും ചാര്‍ജര്‍, ഹാന്‍ഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയുമുണ്ട്. ആംബിയൻ ലൈറ്റിങ്ങുമുണ്ട്.

സ്ലീപ്പർ ബസിലെ ബെര്‍ത്തിൽ എസി വെന്റുകള്‍, റീഡിങ് ലൈറ്റുകള്‍, മൊബൈല്‍ ഹോള്‍ഡര്‍, പ്ലഗ് പോയിന്റ്, ബോട്ടിൽ ഹോള്‍ഡര്‍, ലഗേജ് സ്‌പേസ് എന്നിവയുമുണ്ട്. ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസിനും വ്യത്യസ്‌ത നിറമാണ്. ഫാസ്‌റ്റ്, സൂപ്പർഫാസ്‌റ്റുകളിൽ 50 സീറ്റുണ്ടാകും. മൊബൈൽ ചാർജിങ് പോയിന്റുകൾ, വൈഫൈ കണക്‌ഷൻ നൽകാവുന്ന ടിവി, പുറത്തും അകത്തുമായി അഞ്ച് കാമറയും സ്ഥാപിച്ചിട്ടുണ്ട്. കെഎസ്‌ആർടിസിയുടെ നിറമാണെങ്കിലും ഡിസൈനിൽ മാറ്റമുണ്ട്. മൾട്ടി ആക്‌സിൽ വോൾവോ എസി സീറ്റർ, ഒമ്പത് മീറ്ററിന്റെ ഓർഡിനറി ബസ് എന്നിവയും ഉടൻ എത്തും.
ബസ് വാങ്ങാൻ 108 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. കൂടുതൽ ബസുകൾ എത്തുന്നതോടെ എട്ടരക്കോടിക്ക് അടുത്ത് വരുമാനം എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതോടെ ലാഭത്തിൽ എത്തുമെന്ന് അധികൃതർ പറഞ്ഞു.









0 comments