അരി നിഷേധിച്ച കേന്ദ്ര നിലപാടിൽ കെഎസ്‌കെടിയു പ്രതിഷേധം; ഏരിയ കേന്ദ്രങ്ങളിൽ നാളെ പ്രകടനം

ksktu
വെബ് ഡെസ്ക്

Published on Jul 03, 2025, 07:01 PM | 2 min read

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തിന് പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം തള്ളിയ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് കെഎസ്കെടിയു. ജൂലൈ നാല്, അഞ്ച് തീയതികളിൽ കെഎസ്കെടിയു ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു.


മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന് റേഷനരി നിഷേധിക്കുന്ന കേന്ദ്രസർക്കാരിന്റെ സമീപനം അങ്ങേയറ്റം ജനവിരുദ്ധമാണ്. ബിജെപി നേതൃത്വത്തിന്റെ അറിവോടെയുള്ള ഈ ജനവിരുദ്ധ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം. ഓണത്തിന് എല്ലാ വിഭാഗം റേഷൻ ഗുണഭോക്താക്കൾക്കും കാർഡ് ഒന്നിന് അഞ്ച് കിലോ അരി വീതം വിതരണം ചെയ്യണമെന്നും മുടങ്ങിക്കിടക്കുന്ന ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ വിഹിതങ്ങൾ ലഭ്യമാക്കണമെന്നുമാണ് എൽഡിഎഫ് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ നിഷേധാത്മക സമീപനമാണ് കേന്ദ്ര സർക്കാർ നിലകൊണ്ടത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളോട് അനുകൂല സമീപനവും കേരളത്തോട് ചിറ്റമ്മനയവും കാണിക്കുന്ന കേന്ദ്രമനോഭാവം ഫെഡറൽ മൂല്യങ്ങൾക്ക് എതിരാണ്.


കേരള സർക്കാരിന് റേഷനരി വിതരണം നടത്തി ജനങ്ങളുടെ കൂടെ നിൽക്കണമെന്ന് നിർബന്ധമാണെങ്കിൽ അധികവില നൽകി അരി വാങ്ങി നൽകണമെന്നാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറയുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം നിബന്ധനകളില്ല. കേരളത്തിലെ എല്ലാ കാർഡ് വിഭാഗങ്ങൾക്കും 2014 വരെ റേഷൻ വിഹിതം ലഭിച്ചിരുന്നു. എന്നാലിപ്പോൾ മഞ്ഞ, പിങ്ക് മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രമുള്ള റേഷൻ ഭക്ഷ്യധാന്യങ്ങളേ കേന്ദ്ര സർക്കാർ നൽകുന്നുള്ളൂ. ഇതുകൂടാതെ ടൈഡ് ഓവറായി ലഭിക്കുന്ന വിഹിതത്തിൽ നിന്നാണ് മുൻഗണനേതര വിഭാഗങ്ങൾക്ക് കേരള സർക്കാർ റേഷൻ നൽകുന്നത്.


ഓണക്കാലത്ത് കേരളത്തിൽ ഭക്ഷ്യവില കുതിച്ചുയരാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് കേന്ദ്രം മുന്നോട്ടു പോകുന്നത്. പാവപ്പെട്ട ജനവിഭാഗങ്ങളുടെ വയറ്റത്തടിക്കുന്ന നിലപാടാണ് മോദി സർക്കാരിന്റേത്. ഈ പശ്ചാത്തലത്തിൽ ഭക്ഷ്യവില കുതിച്ചുയരുന്ന സാഹചര്യത്തെ അതിജീവിക്കാൻ സംസ്ഥാന സർക്കാർ കാര്യക്ഷമമായി വിപണിയിൽ ഇടപെടണം. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയുൂം ഒരുകാരണവശാലും അനുവദിക്കാൻ പാടില്ല. അതിസമ്പന്നർക്ക് വാരിക്കോരി ആനുകൂല്യങ്ങൾ നൽകുന്ന കേന്ദ്രസർക്കാർ സാധാരണക്കാരായ മലയാളികളുടെ ജീവിതത്തിന് മുകളിൽ കുതിരകയറുന്നത് അത്യന്തം പ്രതിഷേധാർഹമാണ്. കേന്ദ്രസർക്കാരിന്റെ ഈ കേരളവിരുദ്ധ സമീപനത്തിനെതിരെ കേരളമാകെ ജനരോഷമുയർന്നുവരണമെന്ന് കെഎസ്കെടിയു ഭാരവാഹികൾ അഭ്യർത്ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home