ഒരുങ്ങുന്നത് 50ലക്ഷം മീറ്ററുകളുടെ പ്രവർത്തന കേന്ദ്രം
സ്മാർട്ടല്ല, സൂപ്പർ സ്മാർട്ട് മീറ്റർ , നൂറിലധികം വിവരങ്ങൾ തൽസമയം


സ്വാതി സുജാത
Published on Aug 11, 2025, 12:51 AM | 2 min read
തിരുവനന്തപുരം
വൈദ്യുതി ബില്ല് എത്ര, എത്ര ഉപയോഗിക്കുന്നു, എങ്ങനെ ഉപയോഗം ക്രമീകരിക്കണം തുടങ്ങി വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മൊബൈൽ ആപ്പിലൂടെ നിങ്ങളിലെത്തും. ഉപഭോക്താക്കൾക്കും കെഎസ്‌ഇബിക്കും ഉപകാരമാകുന്ന നൂറിലധികം സവിശേഷതകളുള്ള സ്മാർട്ട് മീറ്റുകൾ സൂപ്പർ സ്മാർട്ടാണ്.
മീറ്ററിലെ സിം വഴി ഡാറ്റാ സെന്ററിലേക്ക് തുടർച്ചയായി വിവരം ലഭിക്കും. ട്രാൻസ്ഫോർമറുകളിലും ഫീഡറുകളിലും സ്ഥാപിക്കുന്നവ വൈദ്യുതി മുടക്കമടക്കമുള്ള വിവരം കെെമാറും. ഇതിലൂടെ വൈദ്യുതി തടസ്സം തത്സമയം കെഎസ്‌ഇബിക്ക് പരിഹരിക്കാനാകും. എത് സെക്‌ഷൻ പരിധിയിലാണ് ഉൗർജ നഷ്‌ടമെന്നും കണ്ടെത്താം.
മീറ്ററിന്റെ കവർ തുറന്നാലോ കാന്തം ഘടിപ്പിച്ചാലോ സീൽ പൊട്ടിച്ചാലോ അപായവിവരവും നൽകും. വൈദ്യുതി ആവശ്യം മുൻകൂട്ടികണ്ട് ഉൽപാദനവും വാങ്ങലും ആസൂത്രണം ചെയ്യാം.
കേന്ദ്ര സർക്കാർ പദ്ധതികൾ, ധനസഹായം,സബ്‌സിഡി മറ്റ് ആനുകൂല്യം തുടങ്ങിയവ ലഭ്യമാകണമെങ്കിൽ മീറ്റർ സ്ഥാപിക്കണം. മീറ്ററിന്റെ വില, ഹെഡ് എൻഡ് സിസ്‌റ്റം, മീറ്റർ ഡാറ്റാ മാനേജ്മെന്റ്, കമ്യൂണിക്കേഷൻ സിസ്‌റ്റം, ക്ലൗഡ് സ്റ്റോറേജ് ചാർജ്, മറ്റ് സോഫ്‌റ്റ്‌വെയർ ടെസ്‌റ്റിങ്ങിനും സൈബർ സെക്യൂരിറ്റിക്കുമുള്ള ചാർജ്, 93 മാസത്തേക്കുള്ള ഓപറേഷൻ ആൻഡ് മെയിന്റനൻസ് ചാർജ് ഉൾപ്പെടെയുള്ള ചെലവുകൾ ഗഡുക്കളായി ഉപഭോക്താക്കളിൽനിന്ന് കൂടിയ നിരക്കിൽ ഈടാക്കുന്ന ടോട്ടക്സ് മാതൃകയ്‌ക്കാണ് കേന്ദ്രം നിർദേശിച്ചത്. എന്നാൽ, ബദൽ മാതൃകയിൽ സ്മാർട്ട് മീറ്റർ സ്ഥാപിച്ച് പൊതു ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ പദ്ധതി നടപ്പാക്കുകയാണ് സംസ്ഥാന സർക്കാർ.
ഒരുങ്ങുന്നത് 50ലക്ഷം മീറ്ററുകളുടെ പ്രവർത്തന കേന്ദ്രം
തിരുവനന്തപുരത്ത് നിർമാണത്തിലുള്ള സ്മാർട്ട് മീറ്റർ ഓപറേഷൻ കേന്ദ്രത്തിൽ (എസ്‌എംഒസി) 50 ലക്ഷം മീറ്റുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും കഴിയും. ഉപഭോക്താക്കളുടെ വിവരങ്ങളെല്ലാം ലഭ്യമാകുന്നത് ഇൗ കേന്ദ്രത്തിലായിരുക്കും. ആദ്യ ഘട്ടത്തിൽ മൂന്ന് ലക്ഷം സ്മാർട്ട് മീറ്ററാണ് കേരളത്തിൽ സ്ഥാപിക്കുന്നതെങ്കിലും അടുത്ത ഘട്ടത്തിൽ 50 ലക്ഷമാക്കാനുള്ള പദ്ധതി കെഎസ്ഇബി തയ്യാറാക്കുന്നുണ്ട്.

വൈദ്യുതി നിരക്ക് വർധിപ്പിക്കില്ല: മന്ത്രി കെ കൃഷ്ണൻകുട്ടി
സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വർധിപ്പിക്കുകയോ ലോഡ് ഷെഡിങ് ഏർപ്പെടുത്തുകയോ ചെയ്യില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് കൂട്ടുമെന്നും ലോഡ് ഷെഡിങ് ഏർപ്പെടുത്തുമെന്നുമുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. നിലവിൽ അത്തരം തീരുമാനം എടുത്തിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി ബോർഡുകളുടെ കുടിശ്ശിക തീർക്കാൻ സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിരക്ക് വർധിപ്പിക്കാതെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.









0 comments