നവംബറിൽ ഒരുലക്ഷം സ്‌മാർട്ട് മീറ്റർകൂടി , വീടുകളിൽ സ്ഥാപിക്കൽ രണ്ടാംഘട്ടത്തിൽ
അരലക്ഷം സർക്കാർ ഓഫീസുകളിൽക്കൂടി സ്മാർട്ട് മീറ്റർ


സ്വാതി സുജാത
Published on Oct 06, 2025, 03:36 AM | 2 min read
തിരുവനന്തപുരം
സംസ്ഥാനത്തെ 50,000 സർക്കാർ ഓഫീസുകളിൽക്കൂടി സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നു. രണ്ടാഴ്‌ചകൊണ്ട് ഇവ സ്ഥാപിക്കും. നവംബറിൽ ഒരുലക്ഷം മീറ്ററുകൾകൂടി സ്ഥാപിക്കും. തിരുവനന്തപുരത്തും കളമശേരിയിലും നടപ്പാക്കിയ പദ്ധതി വിജയമായതോടെയാണ് കെഎസ്‌ഇബി ഇതിനുള്ള നടപടിയാരംഭിച്ചത്. 12 സർക്കാർ സ്ഥാപനങ്ങളിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചു. വിവിധ സബ് സ്‌റ്റേഷനുകളിലായി 1,000 സ്മാർട്ട് ഫീഡർ മീറ്ററുകളും സ്ഥാപിച്ചു. മീറ്ററുകളും ഫീഡർ മീറ്ററുകളും സ്ഥാപിക്കുന്ന ജോലികളും നവംബറിൽ പൂർത്തിയാക്കും.
2026 മാർച്ച് 31നകം ഹൈടെൻഷൻ കണക്‌ഷൻ ഒഴികെയുള്ളവയ്‌ക്കും 2026 ആഗസ്തിനകം ഹൈടെൻഷൻ കണക്‌ഷനും സ്മാർട്ട് മീറ്റർ സ്ഥാപിക്കും. ഗാർഹിക ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുക അടുത്തഘട്ടത്തിലാകും.
മിക്ക സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാർ നിർദേശിച്ച ടോട്ടക്സ് മാതൃകയിലാണ് സ്മാർട്ട് മീറ്റർ. എന്നാൽ, ചെലവുകുറച്ച് കാപ്പെക്സ് മാതൃകയിൽ നടപ്പാക്കാനാണ് കേരളത്തിന്റെ തീരുമാനം. മൂന്നുലക്ഷം സ്മാർട്ട് മീറ്റർ സ്ഥാപിക്കാനാണ് കെഎസ്‌ഇബി നടപടിയെടുത്തത്. ഇസ്‌ക്രാമെക്കോ ഇന്ത്യാ ലിമിറ്റഡ്, ഈസിയസോഫ്റ്റ് ടെക്നോളജീസ് ലിമിറ്റഡ് എന്നിവയാണ് കുറഞ്ഞ നിരക്കിൽ ടെൻഡർ നൽകിയത്.
മീറ്ററുകളുടെ എണ്ണം കുറവായിട്ടും ടോട്ടക്സ് അടിസ്ഥാനത്തിലുള്ള സ്മാർട്ട് മീറ്റർ പദ്ധതിയേക്കാൾ വളരെ കുറഞ്ഞ നിരക്കാണ് കാപ്പെക്സ് മാതൃകയ്‌ക്ക് ലഭിച്ചത്. മീറ്റർ സ്ഥാപിക്കുന്ന കന്പനികൾക്ക് 72 മാസം ഇവയുടെ പരിപാലനച്ചുമതലയും ഉണ്ടാകും. വൈദ്യുതി ഉപഭോഗം ഡിജിറ്റലായി നിരീക്ഷിക്കാനും ബിൽ പിഴവ് ഒഴിവാക്കാനും കഴിയുമെന്നതാണ് സ്മാർട്ട് മീറ്ററിന്റെ ആകർഷണം.
ബദൽ മാതൃക വിജയം
സ്‌മാർട്ട് മീറ്റർ സ്ഥാപിക്കലും മീറ്റർ റീഡിങ്ങും തുക ശേഖരിക്കലും ഉൾപ്പെടെ സ്വകാര്യ കുത്തക കമ്പനികൾക്ക് കൈമാറുന്നതാണ് കേന്ദ്ര സർക്കാരിന്റെ ടോട്ടക്‌സ് (ടോട്ടൽ എക്സ്‌പെൻഡിച്ചർ) രീതി. മീറ്ററിന്റെ വില, ഹെഡ് എൻഡ് സിസ്‌റ്റം, മീറ്റർ ഡാറ്റാ മാനേജ്മെന്റ്, കമ്യൂണിക്കേഷൻ സിസ്‌റ്റം, ക്ലൗഡ് സ്റ്റോറേജ് ചാർജ്, മറ്റ് സോഫ്‌റ്റ്‌വെയർ ടെസ്‌റ്റിങ്ങിനും സൈബർ സുരക്ഷയ്‌ക്കുമുള്ള ചാർജ്, 93 മാസത്തേക്കുള്ള ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ചാർജ് എന്നിവ ഗഡുക്കളായി ഉപഭോക്താക്കളിൽനിന്ന് ഈടാക്കാനായിരുന്നു കേന്ദ്ര സർക്കാർ നിർദേശം.
ഇതിൽ ഉപഭോക്താക്കൾക്ക് പ്രതിമാസം കുറഞ്ഞത് 80 രൂപ അധികഭാരം വരും. കേരള സർക്കാർ നേരിട്ട് പണം മുടക്കുന്ന കാപ്പെക്‌സ് (ക്യാപിറ്റൽ എക്സ്‌പെൻഡിച്ചർ) രീതിയിൽ, മീറ്റർ സ്ഥാപിക്കുന്നതുൾപ്പടെയുള്ള ജോലി കെഎസ്‌ഇബി ജീവനക്കാർ ചെയ്യുന്നതിനാൽ ചെലവ് കുറവാണ്.









0 comments