കെഎസ്‌ഇബി ജീവനക്കാരുടെ അനിശ്ചിതകാല പ്രക്ഷോഭം തുടങ്ങി

നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്‌സ് അനിശ്ചിതകാല പ്രക്ഷോഭം വൈദ്യുതിഭവനുമുന്നിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് വൈദ്യുതി തൊഴിലാളികൾ, ഓഫീസർമാർ, പെൻഷൻകാർ എന്നിവരുടെ സംയുക്തസംഘടനയായ നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്‌സ് (എൻസിസിഒഇഇഇ) അനിശ്ചിതകാല പ്രക്ഷോഭം തുടങ്ങി.
വൈദ്യുതിഭവനുമുന്നിൽ നടക്കുന്ന സമരത്തിന്റെ ആദ്യദിനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. തൊഴിലാളിദ്രോഹ നിലപാട് തിരുത്തി അടിയന്തരമായി അർഹതപ്പെട്ട ആനുകൂല്യം അനുവദിക്കാൻ കെഎസ്‌ഇബി മാനേജ്‌മെന്റ് തയ്യാറാകണമെന്നും വൈദ്യുതിമന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജീവനക്കാർക്കും പെൻഷൻകാർക്കും അർഹമായ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നൽകാമെന്നു തീരുമാനിച്ച കുടിശ്ശിക ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നിവ നൽകുക, 2016–21ൽ നടപ്പാക്കിയ ശമ്പളപരിഷ്കരണ കരാറുകൾക്ക് സർക്കാർ അംഗീകാരം നൽകുക, പെൻഷൻ മാസ്റ്റർട്രസ്റ്റിലേക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം. കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എ എം ഷിറാസ് അധ്യക്ഷനായി.
പെൻഷനേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി ശശികുമാർ, എൻസിസിഒഇഇഇ കൺവീനർ എച്ച് ഹരിലാൽ, കെഎസ്‌ഇബിഡബ്ല്യുഎ (സിഐടിയു) ജനറൽ സെക്രട്ടറി പ്രദീപ് ശ്രീധരൻ, വൈസ് പ്രസിഡന്റ് സി ഉണ്ണിക്കൃഷ്ണൻ, കെഎസ്‌ഇബിഒഎ പ്രസിഡന്റ് മനോജ്, പിഡബ്ല്യുസി (ഐഎൻടിയുസി) അസിസ്റ്റന്റ് സെക്രട്ടറി വിനോദ് മണി, എസ്‌ടിയു ട്രഷറർ ഷാഫി, കെഎസ്‌ഇബിഒഎഫ് ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, സിഡബ്ല്യുഎ (സിഐടിയു) ഓർഗനൈസിങ് സെക്രട്ടറി- ഗിരിജാകുമാരി, പെൻഷനേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് രമാഭായ്, കെഎസ്‌ഇബിഒഎ സംസ്ഥാന ഭാരവാഹി ഷൈൻ രാജ്, കെഎസ്‌ഇബിഡബ്ല്യുഎഫ് (എഐടിയുസി) ഓർഗനൈസിങ് സെക്രട്ടറി ഷാജികുമാർ, കെഎസ്‌ഇബി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എ എച്ച് സജു തുടങ്ങിയവർ സംസാരിച്ചു.









0 comments