പുതിയ നേതാക്കളെ വാഴിക്കലായിരുന്നു ലക്ഷ്യമെങ്കിലും ഇന്ദിരാഭവനിൽ നടന്നത് കോൺഗ്രസിന്റെ പതിവ് വിഴുപ്പലക്കൽ
ഞെട്ടി പുതിയ നേതൃത്വം ; പല തട്ടിലെന്ന് തെളിയിച്ച ‘ഒറ്റക്കെട്ട് ’

തിരുവനന്തപുരം
കോൺഗ്രസിന്റെ ചരിത്രത്തിൽ അത്യപൂർവമായി സംഭവിച്ച അഞ്ച് പ്രധാനഭാരവാഹികളുടെ ചുമതലയേൽക്കൽ ചടങ്ങ്, പാർടിക്കുള്ളിൽ പുകയുന്ന അസംതൃപ്തി കയർപൊട്ടിച്ച വേദിയായി. സൗമ്യരെന്നും ഗ്രൂപ്പുകൾക്കതീതരെന്നും പുതിയ നേതാക്കളെ ചിലർ വാതോരാതെ വിശേഷിപ്പിക്കേ ഒരു വിഭാഗം നേതാക്കൾ അത് സത്യമല്ലെന്ന് തുറന്നടിച്ചു.
സംസ്ഥാന കോൺഗ്രസിന്റെ അവസാനവാക്ക് കെ സി വേണുഗോപാൽ ആണെന്ന് പറയുന്ന പരിപാടി, വി ഡി സതീശനുള്ള മുന്നറിയിപ്പുമായി. വലിയ ചടങ്ങാണെങ്കിലും പ്രതിപക്ഷ നേതാവിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കലാണ് കോൺഗ്രസിന്റെ രീതി. ഉമ്മൻചാണ്ടിവരെ അതിൽ മാറ്റമുണ്ടായിട്ടില്ല. എന്നാൽ, ഇപ്പോൾ കാര്യമായ റോൾ കിട്ടാത്ത സതീശനും ആഹ്ലാദവാനായല്ല പരിപാടിയിൽ പങ്കെടുത്തത്.
പാർടിയിൽ യോജിപ്പോ പ്രവർത്തകരുടെ വികാരം മാനിച്ചുള്ള തെരഞ്ഞെടുപ്പോ അല്ല ഉണ്ടായതെന്ന് കെ സുധാകരൻ, കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എം എം ഹസ്സൻ, രമേശ് ചെന്നിത്തല എന്നിവരുടെ വാക്കുകൾ തെളിയിച്ചു. നേട്ടങ്ങളുണ്ടാക്കിയ തന്നെ എന്തിന് മാറ്റിയെന്നാണ് സുധാകരൻ ചോദിക്കുന്നത്. ആ വാദത്തെ ചെന്നിത്തലയും പിന്തുണയ്ക്കുന്നു.
ഒഴിവാക്കിയതിലും പുതിയ സ്ഥാനം നൽകാത്തതിലും അസംതൃപ്തനല്ലേയെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ‘അത് നിങ്ങളോട് പറയില്ല’ എന്നായിരുന്നു എം എം ഹസന്റെ കമന്റ്. സണ്ണി ജോസഫ് സുധാകരന്റെ ഉറ്റ അനുയായിയാണെന്ന് ഗ്രൂപ്പില്ലാ വാദക്കാർക്ക് ഹസൻ മറുപടി കൊടുത്തു.
എപ്പോഴും ഇങ്ങനെ ‘ ഒറ്റക്കെട്ട് ’ എന്ന് പറയുന്നത് തന്നെ പലകെട്ടാണെന്നതിന്റെ തെളിവല്ലേയെന്ന് മുരളീധരൻ.
പാർശ്വവൽകൃതരോട് കോൺഗ്രസ് സമീപനം എന്ന് മാറുമെന്ന് ചോദിച്ച കൊടിക്കുന്നിൽ സുരേഷ് തിരുവനന്തപുരത്തെ അവഗണിച്ചതിലുള്ള രോഷവും പ്രകടിപ്പിച്ചു. മുതിർന്ന പല നേതാക്കളും കോൺഗ്രസിനെ പ്രതിരോധത്തിലാക്കുകയാണെന്ന ഷാഫി പറമ്പിലിന്റെ പ്രതികരണം അവരുടെ വരുംകാല നിലപാടുകളിലേക്കുള്ള കൃത്യമായ സൂചനയുമായി.കോൺഗ്രസിന്റെ പതിവ് വിഴുപ്പലക്കലാണ് ഇന്ദിരാഭവനിൽ നടന്നത്.
പെരുമാറ്റച്ചട്ടം മറന്നു; തിക്കിത്തിരക്കി നേതാക്കൾ
കോൺഗ്രസ് പരിപാടികളിൽ കർശനമായി പാലിക്കാൻ പ്രഖ്യാപിച്ച പെരുമാറ്റച്ചട്ടം കെപിസിസി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽതന്നെ തെറ്റി. തിങ്കളാഴ്‌ച ഇന്ദിരാഭവനിൽ സണ്ണി ജോസഫ് ഉൾപ്പെടെ ഉള്ളവരുടെ സ്ഥാനമേൽക്കൽ ചടങ്ങിൽ സ്‌റ്റേജിലേക്ക് കയറിപ്പറ്റാനും നേതാക്കൾ പ്രസംഗിക്കുമ്പോൾ പിന്നിൽ ഇടംപിടിക്കാനും കൂട്ടയിടിയായിരുന്നു.
വേദിയിൽ അമ്പതിലധികം പേർക്കായിരുന്നു ഇരിപ്പിടം. ശേഷിക്കുന്നവർ വേദിയുടെ വശങ്ങളിലും മുന്നിലുമായി തിക്കിത്തിരക്കി. നേതാക്കൾക്കായി ഗ്രൂപ്പ് തിരിഞ്ഞ് ജയ്‌വിളിക്കാനും ആളെ കൂട്ടി. ‘സ്വന്തം’ നേതാക്കൾക്ക് ഷാൾ അണിയിക്കാനും കൂട്ടയിടി. വേദിയിൽ പക്ഷേ, സ്‌ത്രീകളുടെ എണ്ണം കുറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷി ഉൾപ്പെടെ നാല് സ്‌ത്രീകൾ മാത്രമാണ് ഇടംപിടിച്ചത്. അടുത്തിടെ കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്‌ഘാടന പരിപാടിയിൽ മുതിർന്ന നേതാക്കളുടെ കൂട്ടയിടി വലിയ ചർച്ചയായിരുന്നു. ഇതേ തുടർന്നാണ് പരിപാടികളിൽ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ കെപിസിസി തീരുമാനിച്ചത്.









0 comments