കെപിസിസി ചുമതലയേൽക്കൽ ആന്റോ ആന്റണിയും മുല്ലപ്പള്ളിയും ബഹിഷ്‌കരിച്ചു
അപസ്വരത്തോടെ തുടക്കം ; ഒളിയമ്പുമായി മുതിർന്ന നേതാക്കൾ

കെപിസിസി പ്രസിഡന്റായി ചുമതലയേൽക്കുന്ന ചടങ്ങിൽ സണ്ണി ജോസഫും കെപിസിസി മുൻ പ്രസിഡന്റ് കെ സുധാകരനും ഫോട്ടോ: നിലിയ വേണുഗോപാൽ
തിരുവനന്തപുരം
അതൃപ്‌തി വ്യക്തമാക്കിയും മുനവച്ച് സംസാരിച്ചും നേതാക്കൾ രംഗത്തുവന്നതോടെ ഇന്ദിരാ ഭവനിൽ കെപിസിസി ഭാരവാഹികളുടെ ചുമതലയേൽക്കൽ ചടങ്ങിൽത്തന്നെ ആദ്യവെടിപൊട്ടി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയശേഷം ഒതുക്കിയ ആന്റോ ആന്റണിയുടെയും മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും ബഹിഷ്‌കരണം വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചനയായി. എ കെ ആന്റണിയും എത്തിയില്ല.
അപമാനിച്ച് ഇറക്കിവിട്ടതിലുള്ള നീരസം യോഗാധ്യക്ഷൻ കെ സുധാകരന്റെ വാക്കുകളിൽ പ്രകടമായിരുന്നു. തന്റെ നേതൃത്വത്തിൽ കോൺഗ്രസിന് വലിയ നേട്ടങ്ങളുണ്ടായെന്നും തെരഞ്ഞെടുപ്പുകളിൽ തിളക്കമാർന്ന ജയം നേടിയെന്നും ഗ്രൂപ്പ് പോര് ഉണ്ടായിട്ടില്ലെന്നുമായിരുന്നു അവകാശവാദം.
പാർശ്വവൽകൃതരെ കോൺഗ്രസ് തഴയുകയാണെന്നും കേരളത്തിലെ കോൺഗ്രസ് ഇതുവരെ ദളിത് വിഭാഗക്കാരനെ പ്രസിഡന്റാക്കിയിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷ് തുറന്നടിച്ചു. ‘‘ഇന്ദിരാഭവന്റെ ചുവരിൽ കെപിസിസി പ്രസിഡന്റായ 37 പേരുടെ ചിത്രങ്ങളുണ്ടെന്നും അത് നോക്കിയാൽ കാര്യം വ്യക്തമാകും.’’
ഇന്ത്യ– പാക് സംഘർഷ വേളയായതിനാൽ പുതിയ പട്ടിക വന്നപ്പോൾ ബോംബ് പൊട്ടിയില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. ‘‘ശരിയായ സമയത്താണ് പട്ടിക വന്നത്. ഏറുപടക്കംപോലും ഉണ്ടായില്ല. വടകരയിലെത്തിയപ്പോൾ ഷാഫി പറമ്പിലിന്റെ ഗ്രാഫ് ഉയർന്നു. എന്നാൽ, തൃശൂരിൽ എന്റെയും ടി എൻ പ്രതാപന്റെയും ഗ്രാഫ് താണു.’’ എംപിയായിരിക്കുന്നത് വലിയ ഭാഗ്യമാണെന്ന് കൊടിക്കുന്നിൽ സുരേഷിന്റെ പേരെടുത്ത് മുരളീധരൻ പറഞ്ഞു.
ഇറക്കിവിട്ടതിലുള്ള രോഷം എം എം ഹസന്റെ ശരീരഭാഷയിലുണ്ടായിരുന്നു. മുൻ യുഡിഎഫ് കൺവീനർ എന്ന് വിളിക്കരുതെന്നും മുൻ കെപിസിസി പ്രസിഡന്റ് എന്ന് വിളിക്കണമെന്നും നിർദേശിച്ചു.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഉദ്‌ഘാടനം ചെയ്‌തത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷി, രമേശ് ചെന്നിത്തല, വി ഡി സതീശൻ, എം ലിജു, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ എ പി അനിൽകുമാർ, പി സി വിഷ്‌ണുനാഥ്, ഷാഫി പറമ്പിൽ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവരും സംസാരിച്ചു.









0 comments