ബൽറാം പാർടിയെ നശിപ്പിക്കുന്നുവെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് അംഗം

പാലക്കാട്
തൃത്താല മുൻ എംഎൽഎയും കെപിസിസി വൈസ് പ്രസിഡന്റുമായ വി ടി ബൽറാം പാർടിയെ നശിപ്പിക്കുകയാണെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് അംഗം സി വി ബാലചന്ദ്രൻ. അഹങ്കാരവും ധാർഷ്ട്യവുമാണ് ബൽറാമിന്റെ കൈമുതൽ. പാർടിക്കുവേണ്ടി ഒരു പ്രവർത്തനവും നടത്താതെ, ചില്ലിക്കാശിന്റെ അധ്വാനമില്ലാതെ നൂലിൽക്കെട്ടി ഇറക്കി എംഎൽഎ ആയ നേതാവാണ്. പ്രവർത്തകരെ കണ്ടാൽ മിണ്ടില്ല, ഫോൺ എടുക്കില്ല. പാർടിയല്ല ഞാനാണ് വലുത് എന്ന് പറഞ്ഞാല്‍ അത് ഈ നാട്ടില്‍ നടക്കില്ല. അത് അവസാനിപ്പിച്ചേ അടങ്ങൂ. ആളെ കാണാൻ നല്ല സുന്ദരനാണ്. പ്രവൃത്തി വിരുദ്ധമായാൽ എന്തുചെയ്യും. ആപ്പിൾ കാണാനും ആരോഗ്യത്തിനും നല്ലതാണെങ്കിലും അതിനകത്ത് വണ്ട് കയറിയാൽ പിടിച്ച് പുറത്തിടുകയല്ലാതെ എന്തുചെയ്യാൻ കഴിയുമെന്നും ബാലചന്ദ്രൻ ചോദിച്ചു. എരിതീയിൽ എണ്ണയൊഴിക്കുകയാണ് പ്രധാനപണി. തങ്ങളൊക്കെ ഗ്രൂപ്പിന്റെ ആളുകളാണ്. എന്നാൽ ആരോടും പകയോ, ശത്രുതയോ പുലർത്താറില്ല. സ്ഥാനാർഥിയാകാൻ ആരുടെയും കൈയും കാലും പിടിക്കാറുമില്ല. എന്നാൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ വിജയിപ്പിക്കാനാണ് പണിയെടുക്കുകയെന്നും മുൻ ഡിസിസി പ്രസിഡന്റുകൂടിയായ സി വി ബാലചന്ദ്രൻ പറഞ്ഞു. കപ്പൂർ പഞ്ചായത്തിലെ കൊഴിക്കരയിൽ കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.









0 comments