മണ്ണിടിഞ്ഞ് മരണം: തൊഴിലാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

കോഴിക്കോട്: തൊണ്ടയാട് ദേശീയപാതയിൽ നെല്ലിക്കോട് ഭാഗത്ത് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പശ്ചിമബംഗാൾ സ്വദേശി എലിയസർ എക്ക (34) ആണ് മരിച്ചത്. തിങ്കൾ ഉച്ചയോടെ ബന്ധുക്കളെത്തിയാണ് കൊണ്ടുപോയത്. ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഞായറാഴ്‌ചയായിരുന്നു അപകടം. രണ്ടുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോറൽ ഹെവൻ എന്ന ഫ്ലാറ്റ് നിർമാണത്തിനിടെയാണ് അപകടം. കൂടെ തൊഴിലെടുത്ത അലക്‌സി, ആദേശി എന്നീ ബംഗാൾ സ്വദേശികൾ പരിക്കോടെ രക്ഷപ്പെട്ടു.
നെല്ലിക്കോട് വില്ലേജിലെ ആറുകണ്ടത്തിൽനിന്ന് കുറ്റികുത്തിയ പറമ്പിലേക്കുള്ള റോഡിനോട് ചേർന്ന് 16 മീറ്ററോളം ഉയരത്തിൽ മണ്ണെടുത്താണ് ലോറൽ ഹെവൻ എന്ന ഫ്ലാറ്റ് നിർമിക്കുന്നത്. പില്ലറുകൾ കോൺക്രീറ്റ് ചെയ്യുന്നതിന്റെ അനുബന്ധ ജോലിയിലായിരുന്നു മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്. മുകളിൽനിന്ന് വലിയ മൺകൂന വീണതോടെ എലിയസർ ഇതിനുള്ളിൽ അകപ്പെടുകയായിരുന്നു. മറ്റു രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
നിരവധി തവണ പ്രതിഷേധമുയർന്നിട്ടും മണ്ണെടുത്ത ഭാഗത്ത് സംരക്ഷണ മതിൽ നിർമിക്കുന്നതിൽ നിർമാതാക്കൾ കാണിച്ച അലംഭാവമാണ് തൊഴിലാളിയുടെ മരണത്തിനിടയാക്കിയത്. സംഭവത്തിൽ ഉടമകൾക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. രണ്ടാഴ്‌ച മുമ്പും ഇവിടെ മണ്ണിടിഞ്ഞ് വീണിരുന്നു. പ്രദേശവാസികളുടെ പരാതിയിൽ വില്ലേജ് ഓഫീസിൽനിന്നും കോർപറേഷനിൽനിന്നും ഉദ്യോഗസ്ഥരെത്തി സംരക്ഷണ ഭിത്തി നിർമിക്കാൻ നിർദേശം നൽകിയതാണ്. റീഗേറ്റാണ് 44 മീറ്റർ ഉയരത്തിലുള്ള 17 നില ഫ്ലാറ്റിന്റെ നിർമാണം.









0 comments