ആഴം കൂട്ടാനുള്ളത്‌ ഒമ്പത്‌ കിലോമീറ്റർമാത്രം , 280 കിലോമീറ്ററാണ്‌ ജലപാതയുടെ നീളം

കോവളം–ബേക്കൽ ജലപാത ; ആദ്യഘട്ട കമീഷനിങ്‌ നവംബറിൽ

kovalam bekal route
avatar
സുനീഷ്‌ ജോ

Published on Aug 31, 2025, 03:37 AM | 1 min read


തിരുവനന്തപുരം

പശ്‌ചിമതീര കനാലിന്റെ ഭാഗമായ തിരുവനന്തപുരം ജില്ലയിലെ ആക്കുളം മുതൽ തൃശൂർ ജില്ലയിലെ ചേറ്റുവവരെയുള്ള ജലപാത നവംബറിൽ പൂർത്തിയാകും. കോവളം–ബേക്കൽ ജലപാതയുടെ ആദ്യഘട്ടമാണ്‌ കമീഷനിങ് ചെയ്യുക. 280 കിലോമീറ്ററാണ്‌ നീളം. ഇതിൽ മൊത്തം ഒമ്പത്‌ കിലോമീറ്ററർ മാത്രമാണ്‌ ആഴം കൂട്ടാനുള്ളത്‌. വർക്കലയിൽ അഞ്ചരകിലോമീറ്ററും അനക്കപിള്ളയിൽ മൂന്നരകിലോമീറ്ററും. ആക്കുളം–കൊല്ലം, കൊല്ലം–കോട്ടപ്പുറം, കോട്ടപ്പുറം–ചേറ്റുവ എന്നീ റീച്ചുകൾ അടങ്ങിയതാണ്‌ ഇ‍ൗ ഭാഗം.

ആക്കുളം മുതൽ കൊല്ലംവരെ ജലപാത ഗതാഗതയോഗ്യമാക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്‌. ആക്കുളം മുതൽ പുത്തൻതുറ വരെയുള്ള ആറര കിലോമീറ്റർ വീതിയും ആഴവും കൂട്ടൽ പൂർത്തിയായി. സെന്റ്‌ ആൻഡ്രൂസ്‌ പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്‌. അപ്രോച്ച്‌ റോഡിന്റെയും പാലത്തിന്റെയും റോഡ്‌ ടാറിങ്ങ്‌ ഒരുമാസത്തിനകം പൂർത്തിയാക്കും.


കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള ജലപാതയിൽ രണ്ടിടത്താണ്‌ തടസ്സമുള്ളത്‌. ഇതിൽ ചവറ കോവിൽതോട്ടം ഭാഗത്ത്‌ ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സാമ്പത്തികസഹായത്തോടെ ഹാർബർ എൻജിനീയറിങ്‌ വകുപ്പ്‌ പാലം നിർമിക്കുകയാണ്‌. പണികൾ അതിവേഗം പുരോഗമിക്കുന്നു. തൃക്കുന്നപ്പുഴ ഭാഗത്തും നാവിഗേഷൻ ലോക്ക്‌ കം ബ്രിഡ്‌ജിന്റെ പണി ഉൾനാടൻ ജലഗതാഗത വകുപ്പ്‌ നടത്തി വരികയാണ്‌. ഇത്‌ പൂർത്തിയാകുന്നതോടെ തൃക്കുന്നപ്പുഴ മുതൽ തൃശൂർ ജില്ലയിലെ കോട്ടപ്പുറംവരെ ജലഗതാഗതം സുഗമമാകും.


തൃശൂർ–കാട്ടൂർ സെക്‌ഷനിൽ മധുരംപള്ളി ഭാഗത്ത്‌ അഞ്ച്‌ കിലോമീറ്റർ ദൂരത്തിൽ ആഴവും വീതിയും കൂട്ടി ദേശീയജലപാത നിലവാരത്തിലേക്ക്‌ എത്തിച്ചു. തൃപ്രയാർ, കണ്ടശ്ശാങ്കടവ്‌, ഏനാമാവ്‌ എന്നിവിടങ്ങളിലായി മൂന്ന്‌ ബോട്ട്‌ ജെട്ടികളുടെ നിർമാണം ആരംഭിച്ചു. ചേറ്റുവ–ചാവക്കാട്‌ ഭാഗത്ത്‌ ആഴവും വീതിയും കൂട്ടി. കോട്ടപ്പുറം മുതൽ കോഴിക്കോട്‌വരെയുള്ള 160 കിലോമീറ്റർ ഭാഗത്ത്‌ ചെറുതും വലുതുമായ 15 പാലം നിർമിക്കേണ്ടതുണ്ട്‌.


ആക്കുളം –കൊല്ലം ഭാഗത്ത്‌ 578 കുടുംബങ്ങളെയാണ്‌ പദ്ധതിയുടെ ഭാഗമായി മാറ്റി പാർപ്പിക്കേണ്ടിയിരുന്നത്‌. അതിനായി സംസ്ഥാന സർക്കാർ 247.2 കോടി രൂപയാണ്‌ സംസ്ഥാന സർക്കാർ വകയിരുത്തിയത്‌. ഇനി 19 കുടുംബങ്ങളെയാണ്‌ മാറ്റി പാർപ്പിക്കേണ്ടത്‌. അതിനുള്ള എല്ലാനടപടികളും പൂർത്തിയായി.



deshabhimani section

Related News

View More
0 comments
Sort by

Home