നഴ്സിങ് കോളേജ് റാഗിങ്ങ്; എസ്‌എഫ്‌ഐക്കെതിരെ നടക്കുന്നത് വ്യാജപ്രചരണം: പി എം ആർഷോ

കോട്ടയം: കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങിന് നേതൃത്വം നൽകിയവർക്ക് എസ്‌എഫ്‌ഐയുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. കേസിലെ പ്രതികൾ എസ്എഫ്ഐ പ്രവർത്തകരെന്ന് വരുത്തിതീർക്കാൻ കെഎസ്‌യു-എംഎസ്‌ഫ് സഖ്യം ശ്രമിക്കുന്നതായും മാധ്യമങ്ങൾ കോൺഗ്രസ് അജണ്ടകൾക്കനുസരിച്ച് തുള്ളരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള ഒരു വിദ്യാർഥി സംഘടനകൾക്കും യൂണിറ്റില്ലാത്ത ക്യാമ്പസാണ് കോട്ടയം ഗവ. നഴ്‌സിങ് കോളേജ്. അവിടെ യൂണിയൻ പ്രവർത്തനവും ഇല്ല. ജനാധിപത്യമായ ഒരു പ്രവർത്തനവും നടക്കാത്ത ഈ ക്യാമ്പസിൽ നടന്ന ക്രൂരകൃത്യത്തിൽ ഉൾപ്പെട്ടവരെ എസ്‌എഫ്‌ഐ ആക്കി മാറ്റാൻ വലിയ ശ്രമം നടക്കുകയാണ്.
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്കെതിരെ ഇടപെടേണ്ട ഘട്ടത്തിൽ കെഎസ്‌യു, എംഎസ്‌എഫ് സംഘടനകൾ എവിടെ പോയാലും ഞങ്ങൾക്ക് ചോരവേണം എന്ന കൊതുകിന്റെയും മൂട്ടയുടേയും സമീപനമാണ് സ്വീകരിക്കുന്നത്. കെഎസ്‌യുവിനെ കൊതുക് സ്റ്റുഡന്റ്‌സ് യൂണിയൻ എന്നും എംഎസ്‌എഫിനെ മൂട്ട സ്റ്റുഡന്റ്‌സ് ഫെഡറേഷൻ എന്നുമാണ് വിളിക്കേണ്ടതെന്നും പി എം ആർഷോ പറഞ്ഞു. ഇവർ പറയുന്ന കള്ളങ്ങൾ മാധ്യമങ്ങൾ പ്രത്യക്ഷമായി ഇല്ലെങ്കിൽ പോലും പരോക്ഷമായി ഏറ്റെടുക്കുന്നുവെന്നും മാധ്യമങ്ങളോട് സംസാരിക്കവെ പി എം ആർഷോ പറഞ്ഞു.









0 comments