ശ്രുതിപോൽ മനോഹരമീ മഹതി

mahathi story.png

ചിരിമഹതി; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനിച്ച ആദ്യ ടെസ്റ്റ്‌ട്യൂബ് ശിശു മഹതി അമ്മ ലതയ്ക്കും അച്ഛൻ സേതുരാമനുമൊപ്പം. ഫോട്ടോ : ജിഷ്ണു പൊന്നപ്പൻ

avatar
അതുല്യ ഉണ്ണി

Published on Jul 13, 2025, 01:45 AM | 1 min read

കോട്ടയം: ‘ പന്ത്രണ്ട്‌ വർഷത്തെ കാത്തിരിപ്പിനൊടുവിൽ മെഡിക്കൽ കോളേജ്‌ ആശുപത്രി സമ്മാനിച്ച നിധിയാണ്‌ ഞങ്ങളുടെ മഹതി. അസ്തമിച്ച പ്രതീക്ഷകൾക്ക്‌ പുതുജീവനേകിയത്‌ ആശുപത്രി അധികൃതരും.’ തമിഴ്‌നാട്‌ സ്വദേശികളായ സേതുരാമന്റെയും -ലതയുടെയും വാക്കുകളിൽ നിറയുകയാണ്‌ ഈ ആതുരാലയത്തോടുള്ള കടപ്പാട്‌. ടെസ്റ്റ്‌ട്യൂബ്‌ ചികിത്സയിലൂടെ കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യം പിറന്ന കൺമണിയാണ്‌ മഹതി. 2016 നവംബർ 18ന്‌ ആണ്‌ പിറവി. 20 വർഷം മുമ്പ്‌ തിരുനെൽവേലിയിൽനിന്ന്‌ കോട്ടയത്ത്‌ എത്തിയതണ്‌ സേതുരാമനും ലതയും. കുട്ടികളുണ്ടാകാൻ നിരവധി സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ ചെലവഴിച്ച ഇവർ പത്രവാർത്ത കണ്ടാണ്‌ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഡോ. അജയകുമാറിന്റെ ചികിത്സ തേടിയത്‌. തുടക്കത്തിൽ ഐയുഐയും പിന്നീട്‌ ഐവിഎഫ്‌ ചികിത്സയും നൽകി. ആറുമാസത്തെ ചികിത്സക്കുശേഷം മഹതി പിറന്നു. ചികിത്സക്ക്‌ വേണ്ടിവന്നതാകട്ടെ 40,000 രൂപ. ഒന്നാം പിറന്നാൾ മെഡിക്കൽ കോളേജ്‌ അങ്കണത്തിൽ വൻ ആഘോഷമാക്കിയിരുന്നു. കർണാടക സംഗീതജ്ഞ മഹതിയോടുള്ള ആരാധനയിലാണ്‌ മകൾക്കും അതേ പേരുനൽകിയതെന്ന്‌ സേതുരാമൻ പറഞ്ഞു. ഇതറിഞ്ഞ്‌ സംഗീതജ്ഞ മഹതിയും കുഞ്ഞിനെ കാണാനെത്തി. ഗായികയാകാനാണ്‌ കുഞ്ഞ്‌ മഹതിയുടെയും ആഗ്രഹം. കർണാടക സംഗീതം പഠിക്കുന്നതിനൊപ്പം നൃത്തത്തിലും ചിത്ര രചനയിലും കഴിവ്‌ തെളിയിച്ചു. കോട്ടയം ലൂർദ്‌ പബ്ലിക്‌ സ്‌കൂളിലെ മൂന്നാം ക്ലാസ്‌ വിദ്യാർഥിയാണ്‌. സേതുരാമൻ ജൈവ പലവ്യഞ്ജന കട നടത്തുന്നു. അമ്മ ലത ബ്യൂട്ടിഷനാണ്‌. തിരുനക്കര ചിറയിൽപാടത്താണ്‌ താമസം. മഹതിയടക്കം 30 ടെസ്റ്റ്‌ ട്യൂബ്‌ ശിശുക്കളാണ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഉണ്ടായത്‌.



deshabhimani section

Related News

View More
0 comments
Sort by

Home