കോതമംഗലത്തെ ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ; റമീസിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ

പ്രതീകാത്മക ചിത്രം
കോതമംഗലം: കോതമംഗലത്ത് ടിടിസി വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ റിമാൻഡിലായ റമീസിന്റെ മാതാപിതാക്കളായ റഹിമിനെയും ഷെറിനേയും പ്രത്യേക അന്വേഷണസംഘം സേലത്തു നിന്നും കസ്റ്റഡിയിലെടുത്തു. തിങ്കൾ പുലർച്ചെ ആറിനാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. റമീസ് പിടിയിലായതിന് പിന്നാലെ ഇവർ വീടുപൂട്ടി ഒളിവിൽ പോവുകയായിരുന്നു.
മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മാതാപിതാക്കളെ അറസ്‌റ്റ് രേഖപ്പെടുത്തുന്നതോടെ റമീസിനെ അഞ്ചുദിവസത്തേക്ക് പൊലിസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പും ചോദ്യം ചെയ്യലും നടത്തും. അന്വേഷണ പുരോഗതി അനുസരിച്ച് ഇവർക്കെതിരെ ആവശ്യമെങ്കിൽ വഞ്ചന കുറ്റം, ഗൂഢാലോചന ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ ചുമത്തും.
മരിച്ച വിദ്യാർഥിനിയുടെ കൂട്ടുകാരിയുടെ മൊഴിയുടെയും റമീസിന്റെ മൊബൈൽ ഫോണിൽ നിന്നു ലഭിച്ച വാട്സ്ആപ്പ് സന്ദേശങ്ങളുടെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് കൂടുതൽ നടപടികളിലേക്ക് പ്രത്യേകം അന്വേഷണസംഘം കടക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ
നിർദ്ദേശത്തെ തുടർന്ന് മാതാപിതാക്കളെയും സുഹൃത്തിനെയും പിടികൂടാൻ കേസന്വേഷണം പൊലീസ് ഊർജിതമാക്കിയിരുന്നു. മൊബൈൽ ടവർ കേന്ദ്രമാക്കിയും, ഇവരുടെ അടുത്ത ബന്ധുക്കളുടെ വീടുകൾ കേന്ദ്രമാക്കിയുള്ള അന്വേഷണത്തിലാണ് പ്രതികൾ കസ്റ്റഡിയിൽ ആയത്.









0 comments