കൂടൽമാണിക്യത്തിൽ കഴകം നിയമനത്തിനുള്ള വിലക്ക് നീട്ടി ; നിയമനം നിയമപരമെന്ന് ദേവസ്വം ബോർഡ്

കൊച്ചി : ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ റാങ്ക് പട്ടികയിൽനിന്ന് നിയമനം നടത്തുന്നത് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി മെയ് ആറുവരെ നീട്ടി. കഴകത്തിന് പാരമ്പര്യാവകാശമുന്നയിച്ച് ഇരിങ്ങാലക്കുട തെക്കേ വാരിയത്ത് ടി വി ഹരികൃഷ്ണനടക്കം നൽകിയ ഹർജിയിൽ ജസ്റ്റിസ് ജി ഗിരീഷ്, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ചാണ് നീട്ടിയത്. സർക്കാരിനോടടക്കം സത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചു.
കൂടൽമാണിക്യം ക്ഷേത്രത്തിലെ മാലക്കഴകത്തിന് പാരമ്പര്യമായി തങ്ങൾക്ക് കിട്ടിയ അവകാശം വിഭജിക്കുകയാണ് ദേവസ്വം ഭരണസമിതി ചെയ്തതെന്ന് ഹർജിക്കാർ ആരോപിച്ചു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മുഖേനയുള്ള നിയമനം അംഗീകരിക്കാനാകില്ലെന്നും ക്ഷേത്രത്തിൽ മെയ് എട്ടിന് ഉത്സവം തുടങ്ങാനിരിക്കേ തിടുക്കത്തിൽ തീരുമാനമെടുക്കരുതെന്നുമാണ് ഹർജിക്കാരുടെ വാദം. ഉദ്യോഗാർഥിയായ കെ എസ് അനുരാഗ് ഹർജിയിൽ കക്ഷിചേരാൻ നൽകിയ അപേക്ഷയെയും ഹർജിക്കാർ എതിർത്തു.
അതേസമയം, അനുരാഗിന് നിയമന ഉത്തരവ് നൽകിയത് നിയമപരമായാണെന്ന് ദേവസ്വംബോർഡ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഹർജിക്കാരന്റെ കുടുംബത്തിന് പാരമ്പര്യ അവകാശമായി വർഷം രണ്ടുമാസത്തെ കഴകം അനുവദിച്ചിട്ടുണ്ട്. ശേഷിക്കുന്ന 10 മാസത്തേക്കാണ് നേരിട്ടുള്ള നിയമനമെന്നും പാരമ്പര്യ അവകാശികളെ തെരഞ്ഞെടുക്കുന്നത് തന്ത്രിയുടെ സമ്മതത്തോടെയാണെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
കഴകക്കാരെ നിശ്ചയിക്കാൻ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് ഏകപക്ഷീയമായ അധികാരമില്ലെന്ന് കേസിൽ കക്ഷിചേർന്ന തന്ത്രികുടുംബം ബോധിപ്പിച്ചു.
ഹർജി വീണ്ടും മെയ് ആറിന് പരിഗണിക്കും. റിക്രൂട്ട്മെന്റ് ബോർഡ് വഴി ആദ്യം നിയമനം നേടിയ ബി എ ബാലു, തന്ത്രിമാരുടെ നിസ്സഹകരണത്തെ തുടർന്ന് രാജിവച്ചിരുന്നു. റാങ്ക് ലിസ്റ്റിൽ അടുത്ത റാങ്കുകാരനായ അനുരാഗിന് നിയമനശുപാർശ അയച്ച സാഹചര്യത്തിലാണ് ഹർജി നൽകിയത്.









0 comments