എംഡിഎംഎയും കഞ്ചാവുമായി കൊണ്ടോട്ടിയിൽ യുവാവ് പിടിയിൽ

കൊണ്ടോട്ടി: കൊണ്ടോട്ടി പരിസര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി. കൊണ്ടോട്ടി മുതുവല്ലൂർ നെല്ലിക്കുന്നു വീട്ടിൽ ആകാശ് (22) ആണ് പിടിയിലായത്. ഇയാളിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന 550 ഗ്രാം എംഡിഎംഎയും 895 ഗ്രാം കഞ്ചാവും പിടികൂടി.
മുതുവല്ലൂർ നെല്ലിക്കുന്ന് ഭാഗത്തു നിന്നും ചൊവ്വാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയത്. രണ്ട് ഇലക്ട്രോണിക്ക് ത്രാസുകളും ഇയാളിൽ നിന്നും പിടികൂടി. രണ്ട് വർഷത്തോളമായി ലഹരി കടത്ത് സംഘത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന ആളാണ് ആകാശ്. ഇയാൾ ഉൾപ്പെട്ട സംഘം ബംഗളുരുവിൽ നിന്നും ചെന്നൈയിൽ നിന്നും എത്തിക്കുന്ന മയക്കുമരുന്ന് മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തി വരികയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ സോഷ്യൽ മീഡിയയിയിലെ വിവിധ ആപ്പുകൾ ഉപയോഗിച്ച് അതി വിദഗ്ധമായാണ് ആവശ്യക്കാരെ കണ്ടെത്തി ലഹരി മരുന്ന് വില്പന നടത്തി വന്നിരുന്നത്.
ആകാശിൽ നിന്ന് ലഹരി കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടുന്നതിനുള്ള അന്വേഷണം ഊർജ്ജിതമാക്കി. ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി പി കെ സന്തോഷ്, നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി സിബി, കൊണ്ടോട്ടി ഇൻസ്പക്ടർ പി എം ഷമീർ എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി സബ് ഇൻസ്പക്ടർ ജിഷിൽ ഡാൻസാഫ് ടീമംഗങ്ങളായ പിസഞ്ജീവ്, രതീഷ് ഒളരിയൻ, മുഹമ്മദ് മുസ്തഫ, സുബ്രഹ്മണ്യൻ, സബീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.









0 comments