സർക്കാർ ഞങ്ങൾക്കൊപ്പമുണ്ട്, ഇനിയും കൂടെയുണ്ടാവും

മിഥുന്റെ അച്ഛൻ മനോജ്
പടിഞ്ഞാറെ കല്ലട (കൊല്ലം) : ‘സർക്കാർ ഇതുവരെ ഞങ്ങൾക്കൊപ്പമുണ്ട്, ഇനിയും കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷ. നടപടികളിൽ തൃപ്‌തിയുണ്ട്. മന്ത്രിമാർ ഒപ്പംനിന്നു. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ഞായറാഴ്‌ച രാവിലെയും വിളിച്ചിരുന്നു’–-തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഷോക്കേറ്റു മരിച്ച മിഥുന്റെ അച്ഛൻ പടിഞ്ഞാറെ കല്ലട വലിയപാടം മനുഭവനിൽ എം മനോജിന്റെ വാക്കുകളിൽ ആത്മവിശ്വാസം.
‘‘ഞങ്ങൾക്ക് നഷ്‌ടമായത് മകനെയാണ്. അതിനുപകരംവയ്‌ക്കാൻ ഒന്നുമില്ല. സർക്കാർ എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. കെഎസ്‌ഇബി അഞ്ചുലക്ഷം രൂപ തന്നു. വീടുവച്ചുതരുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിട്ടുണ്ട്’’–- മനോജ് പറഞ്ഞു.
‘‘‘മോന്റെ ഓർമകൾക്കൊപ്പം ജീവിക്കണം. ഇളയവനെ നല്ലനിലയിൽ പഠിപ്പിക്കാൻ സർക്കാർ സഹായംവേണം. ആശ്വസിപ്പിച്ച എല്ലാവരോടും നന്ദിയുണ്ട്’’–- മിഥുന്റെ അമ്മ സുജ പറഞ്ഞു.
സ്‌കൂൾ
മാനേജ്‌മെന്റ്
10 ലക്ഷം നൽകും
കൊല്ലം : തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസ് വിദ്യാർഥി മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചു. ഞായറാഴ്‌ച രാവിലെ പ്രസിഡന്റ് വി ഗോവിന്ദപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തുക തിങ്കൾ പകൽ രണ്ടിന് കുടുംബാംഗങ്ങൾക്ക് കൈമാറും. ചൊവ്വാഴ്‌ച ക്ലാസ് പുനരാരംഭിക്കും. രണ്ടു ദിവസം കുട്ടികൾക്ക് കൗൺസലിങ് നൽകും. കെഎസ്‌ടിഎ പ്രഖ്യാപിച്ച 10 ലക്ഷം രൂപ 24ന് മന്ത്രി വി ശിവൻകുട്ടി പകൽ രണ്ടിന് വീട്ടിലെത്തി കൈമാറും.









0 comments