അമ്മയെത്തി, പൊന്നുമകന് അന്ത്യചുംബനമേകാൻ

കൊല്ലം
ഈ അമ്മയുടെ നെഞ്ചുരുകിയുള്ള തേങ്ങലിന്റെ ആഴം ആർക്കുമറിയില്ല. നോവിന്റെ വേദനയുടെ അമ്മയാഴം ആർക്ക് അളക്കാനാകും. അത്രയ്‌ക്കായിരുന്നു മിഥുന്റെ അമ്മ സുജയുടെ നിലയ്‌ക്കാത്ത കണ്ണീർ. ഇതു കണ്ടുനിന്നവരുടെയും നെഞ്ചുലഞ്ഞു. കുവൈത്തിൽനിന്നും ശനി പകൽ രണ്ടോടെയാണ് പടിഞ്ഞാറെകല്ലട വിളന്തറയിലെ വീട്ടിൽ സുജയെത്തിയത്. അഞ്ചുമാസംമുമ്പ് കെട്ടിപ്പിടിച്ച് മുത്തംനൽകിയായിരുന്നു അമ്മയെ മിഥുൻ യാത്രയാക്കിയത്.
വീട്ടുമുറ്റത്ത് നിശ്‌ചലനായി കിടന്ന മകനെ വാരിപ്പുണർന്ന് വിങ്ങിപ്പൊട്ടിയ സുജയെ ആർക്കും ആശ്വസിപ്പിക്കാനായില്ല. കരഞ്ഞുകലങ്ങിയ കണ്ണുമായി തൊട്ടടുത്തായി അച്ഛൻ മനുവും സഹോദരൻ സുജിനും. മക്കളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനാണ് ജോലിക്കായി സുജ കുവൈത്തിലേക്ക്പോയത്. അവിടെ അറബിയുടെ വീട്ടിലായിരുന്നു ജോലി. സംഭവസമയത്ത് അറബിയുടെ കുടുംബത്തിനൊപ്പം തുർക്കിയിലായിരുന്നു. മകന്റെ മരണവിവരമറിഞ്ഞത് വ്യാഴം രാത്രിയിലാണ്. നാട്ടിലേക്കു വരാൻ നടപടി വേഗത്തിലാക്കാൻ അറബിയും ജനപ്രതിനിധികളും ഇടപെട്ടു. ശനി രാവിലെ എട്ടരയോടൈ കൊച്ചിയിലെത്തി. വിമാനത്താവളത്തിൽ നടപടികൾ പൂർത്തീകരിച്ച് സുജയെ വേഗം വീട്ടിലെത്തിക്കാൻ സർക്കാർ സംവിധാനം ഒരുക്കിയിരുന്നു.









0 comments