ഗ്രീൻഫീൽഡ് ഹൈവേ 9 കിലോമീറ്റർ വനത്തിൽ; സർവേ ഉടൻ പൂർത്തിയാകും


സ്വന്തം ലേഖകൻ
Published on Jun 11, 2025, 09:47 AM | 1 min read
കൊല്ലം: നിർദിഷ്ട കൊല്ലം– ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ ഒമ്പതുകിലോമീറ്റർ ദൂരം വനത്തിനുള്ളിലൂടെ. അയിരനല്ലൂർ, ഇടമൺ, ഏരൂർ, ആര്യങ്കാവ്, തെന്മല വില്ലേജുകളിലാണ് പാതയുടെ അലൈൻമെന്റ് വനത്തിനുള്ളിലൂടെ കടന്നുപോകുന്നത്. പദ്ധതിയുടെ വനത്തിനുള്ളിലെ സർവേ രണ്ടാഴ്ചയ്ക്കകം പൂർത്തിയാകും. ഉത്തരേന്ത്യൻ കൺസ്ട്രക്‌ഷൻ കമ്പനിയാണ് സർവേ നടത്തുന്നത്. വനത്തിനുള്ളിലൂടെ ഗ്രീൻഫീൽഡ് പാത കടന്നുപോകുന്നതിന്റെ ഭാഗമായി നേരത്തെ നിശ്ചയിച്ച അലൈൻമെന്റിലും മാറ്റംവരുത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് ആര്യങ്കാവിൽനിന്ന് ചെങ്കോട്ടയിലേക്ക് പാത കടന്നുപോകുന്നത് റെയിൽവേ പാതയുടെ ഇടതുവശത്തുകൂടിയാണ്. കൂടുതൽ ആഘാതമുണ്ടാക്കുന്ന ആദ്യത്തെ അലൈൻമെന്റ് വനം വകുപ്പ് അംഗീകരിച്ചിരുന്നില്ല.
വനത്തിന്റെ അരികിലൂടെ പോകുന്ന തരത്തിൽ അലൈൻമെന്റ് പരിഷ്കരിക്കണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടു. അങ്ങനെയാണ് ആര്യങ്കാവിൽനിന്ന് ചെങ്കോട്ടയിലേക്ക് റെയിൽവേ പാതയുടെ ഇടതുവശത്തുകൂടി പാത മാറ്റിയത്. തിരുവനന്തപുരം ജില്ലയിലെ കടമ്പാട്ടുകോണത്തുനിന്ന് ആരംഭിച്ച് കൊല്ലം ജില്ലയിലെ മലയോര മേഖലയിലൂടെ ചെങ്കോട്ട വരെ 79 കീലോമീറ്റർ നീളമുള്ള പാതയാണ് നിർമിക്കുന്നത്. അതിനിടെ പാതയുടെ അലൈൻമെന്റ് അന്തിമമായി ദേശീയപാത അതോറിറ്റി നിശ്‌ചയിക്കണമെന്ന് ഭൂ ഉടമകൾ ആവശ്യപ്പെടുന്നു. അലൈൻമെന്റിലെ ചില ഭാഗത്തെ അനിശ്ചിതത്വം മൂലം ദേശീയപാത അതോറിറ്റിക്ക് വിശദ വിലനിർണയ റിപ്പോർട്ട് സമർപ്പിച്ച വില്ലേജുകളിലെയും നഷ്ടപരിഹാരം വൈകുകയാണ്. അയിരനല്ലൂർ, ഇടമൺ, ഏരൂർ വില്ലേജുകളിൽനിന്ന് ഏറ്റെടുക്കുന്ന ഭൂമി ഉൾപ്പെടുത്തിയുള്ള ത്രി ഡി വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടില്ല.
നഷ്ടപരിഹാരത്തിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന നിലപാടിലായിരുന്നു നേരത്തെ കേന്ദ്ര സർക്കാർ. അത് സംസ്ഥാന സർക്കാർ അംഗീകരിച്ചില്ല. മറ്റൊരു സംസ്ഥാനവും ഇങ്ങനെ നഷ്ടപരിഹാരത്തിന്റെ വിഹിതം നൽകുന്നില്ലെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് പാതയുടെ നിർമാണ സാമഗ്രികൾക്ക് ജിഎസ്ടിയും റോയൽറ്റിയും ഒഴിവാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇക്കാര്യം സംസ്ഥാന സർക്കാർ സമ്മതിച്ചു. ഇതോടെയാണ് സ്ഥലം ഏറ്റെടുക്കൽ നടപടികൾ പുനരാരംഭിച്ചത്. സെപ്തംബറോടെ ഹൈവേ പദ്ധതി അടുത്ത ഘട്ടത്തിലേക്ക് കടക്കും.









0 comments