കൊടുവള്ളി റെയിൽവെ മേൽപാലം തുറന്നു; ഇനി ഗതാഗതകുരുക്കിന് വിട

koduvally bridge
വെബ് ഡെസ്ക്

Published on Aug 12, 2025, 04:00 PM | 3 min read

തലശേരി: ഉത്സവാന്തരീക്ഷത്തിൽ തിങ്ങിനിറഞ്ഞ നാടിനെ സാക്ഷി നിർത്തി കൊടുവള്ളി റെയിൽവെ മേൽപാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. കൊടുവള്ളി റെയിൽവെ ഗേറ്റിൽ പതിറ്റാണ്ടുകളായി ജനം അനുഭവിച്ച കാത്തിരിപ്പിനോടും ഗതാഗതകുരുക്കിനോടും ഇനി സലാംപറയാം. ഉദ്‌ഘാടന ചടങ്ങിൽ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ അധ്യക്ഷനായി. സ്‌പീക്കർ എ എൻ ഷംസീർ വിശിഷ്‌ടാതിഥിയായി.


സ്‌റ്റീൽ കോൺക്രീറ്റ് കോമ്പസിറ്റ്‌ സ്‌ട്രെക്‌ചറിൽ സംസ്ഥാനത്ത്‌ നിർമിക്കുന്ന ആദ്യമേൽപാലമാണിത്‌. കിഫ്‌ബി ധനസഹായത്തോടെ 36.37 കോടി രൂപ ചെലവഴിച്ചാണ്‌ നിർമാണം. 26.31 കോടി രൂപ സംസ്ഥാനവും ബാക്കിതുക കേന്ദ്രവുമാണ്‌ വഹിച്ചത്‌. തലശേരി–പിണറായി റോഡിൽ ഇല്ലിക്കുന്നിൽ നിന്നാരംഭിച്ച്‌ കൊടുവള്ളി ആമുക്ക പള്ളിവരെയാണ്‌ പാലം. മേൽപാലത്തിന്റെ സമീപത്തുള്ള ഭൂവുടമകൾക്ക്‌ പാലത്തിൽ പ്രവേശിക്കാൻ നാല്‌ മീറ്റർ വീതിയിൽ ഡ്രെയിനേജോടെ 210 മീറ്റർ സർവീസ്‌ റോഡുമുണ്ട്‌.


27 ഭൂവുടമകളിൽ നിന്നായി 16.25 കോടി രൂപ ചെലവിൽ 123.6 സെന്റ്‌ സ്ഥലമാണ്‌ ഏറ്റെടുത്തത്‌. റെയിൽവെ സ്‌പാനിന്റെ നിർമാണം റെയിൽവെ നേരിട്ടാണ്‌ നിർവഹിച്ചത്‌. 3 കോടി രൂപ ഇതിന്‌ ചെലവായി. റെയിൽവെ ഭാഗം ഒഴിച്ചുള്ള നിർമാണത്തിന്‌ 17.12 കോടി രൂപയാണ്‌ ചെലവ്‌. ലെവൽക്രോസ്‌ വിമുക്ത കേരളം പദ്ധതിയിൽ റോഡ്‌ ആന്റ ബ്രിഡ്‌ജസ്‌ കോർപ്പറേഷൻ (ആർബിഡിസികെ) പൂർത്തിയാക്കുന്ന ഏഴാമത്തെ മേൽപാലമാണിത്‌. എസ്‌പിഎൽ ഇൻഫ്രാസ്‌ട്രക്‌ചർ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ആണ്‌ നിർമാണം. സെൻട്രലെൈസ്‌ഡ്‌ സോളാർ പാനലുകളും ബാറ്ററികളും ഉപയോഗിച്ചുള്ള വെളിച്ച സംവിധാനമാണ്‌ പാലത്തിൽ.


ഉദ്‌ഘാടന ചടങ്ങിൽ നഗരസഭ ചെയർമാൻ കെ എം ജമുനറാണി, വാർഡ്‌ ക‍ൗൺസിലർ ടി കെ സാഹിറ, വിവിധ രാഷ്‌ട്രീയ പാർടി പ്രതിനിധികളായ സി കെ രമേശൻ, സജീവ്‌മാറോളി, സി പി ഷൈജൻ, അഡ്വ കെ എ ലത്തീഫ്‌, കെ സുരേശൻ, സന്തോഷ്‌ വി കരിയാട്‌, ബി പി മുസ്‌തഫ,കെ മനോജ്‌, വി കെ ഗിരിജൻ എന്നിവർ സംസാരിച്ചു. ആർബിഡിസികെ മാനേജിങ്ങ്‌ ഡയരക്‌ടർ എസ്‌ സുഹാസ്‌ സ്വാഗതവും ഡപ്യൂട്ടി ജനറൽ മാനേജർ സി ദേവേശൻ നന്ദിയും പറഞ്ഞു.



ജനവിശ്വാസം വർധിക്കുന്നു: മുഖ്യമന്ത്രി


വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന സർക്കാരിലുള്ള ജനവിശ്വാസം വർധിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാട്‌ അർപ്പിച്ച വിശ്വാസം ഉലയാതെ കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധമായ നിലപാടാണ്‌ സർക്കാർ സ്വീകരിക്കുന്നത്‌. വാഗ്‌ദാനം നൽകുക മാത്രമല്ല, അവ സമയബന്ധിതമായി പൂർത്തിയാക്കുന്ന ഭരണസംവിധാനമാണ കേരളത്തിലുള്ളത്‌. പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കുമെന്ന വിശ്വാസം കൊണ്ടാണ്‌ ജനങ്ങൾ സ്ഥലം വിട്ടുനൽകാനും വികസനവുമായി സഹകരിക്കാനും തയാറാവുന്നത്‌. കൊടുവള്ളി റെയിൽവെ മേൽപാലം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ലെവൽക്രോസില്ലാത്ത കേരളം പദ്ധതിയിലൂടെ തടസ്സമില്ലാത്ത റോഡ് ഗതാഗതശൃംഖലയാണ്‌ സർക്കാർ ലക്ഷ്യമാക്കുന്നത്‌. സംസ്ഥാനത്ത്‌ 60 റെയിൽവെ മേൽപാലങ്ങൾ നിർമിക്കാൻ 2028 കോടി രൂപ സർക്കാർ വകയിരുത്തി. 1800 കോടി രൂപ കിഫ്‌ബി വഴിയാണ്‌ ചെലവഴിക്കുക. കിഫ്‌ബിയെ ചിലപ്പോഴെങ്കിലും ചിലർ എതിർക്കുന്നത്‌ കാണാറുണ്ട്‌. കൊടുവള്ളി മേൽപാലം ഉൾപ്പെടെ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ചാണ്‌ നിർമിച്ചത്‌. സംസ്ഥാനത്ത്‌ റോഡ്‌ ഗതാഗതത്തിന്റ വേഗത വർധിപ്പിക്കാൻ റെയിൽവെ മേൽപാലങ്ങൾ ഒഴിച്ചുകൂടാത്തതാണ്‌. ആ കാഴ്‌ചപ്പാടിലാണ്‌ ലെവൽ ക്രോസില്ലാത്ത കേരളം പദ്ധതി ആവിഷ്‌കരിച്ചത്‌.


തലശേരിക്കാരുടെ ചിരകാല അഭിലാഷമാണ് കൊടുവള്ളി മേൽപ്പാലത്തിലൂടെ യാഥാർഥ്യമാകുന്നത്. ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള വികസന പദ്ധതികൾ യാഥാർഥ്യമാക്കാൻ ആവശ്യമുള്ളത്ര പണം നമ്മുടെ കൈയിൽ ഉണ്ടായിരുന്നില്ല. സംസ്ഥാന ഖജനാവ് അത്രമാത്രം ശേഷിയുള്ളതല്ലെന്ന്‌ എല്ലാവർക്കും അറിയാം. എന്നാൽ ജനങ്ങൾ ആഗ്രഹിക്കുന്ന വിധം വികസനം നടപ്പാക്കാനാണ്‌ കിഫ്ബി പുനരുജ്ജീവിപ്പിച്ചത്. കൊടുവള്ളി മേൽപാലം നാടിന് ഉപകാരപ്രദമാണെങ്കിലും ചിലർ തടസ്സപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ പ്രതിസന്ധികളെ മറികടന്ന് സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.



തുറന്ന വാഹനത്തിൽ മുഖ്യമന്ത്രിയുടെ കന്നിയാത്ര


കൊടുവള്ളി മേൽപാലത്തിലൂടെ തുറന്ന വാഹനത്തിൽ കന്നിയാത്ര നടത്തി മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസും സ്‌പീക്കർ എ എൻ ഷംസീറും. ഉദ്‌ഘാടന ചടങ്ങിന്‌ ശേഷമാണ്‌ പ്രത്യേക വാഹനത്തിൽ വിശിഷ്‌ടാതിഥികൾ പാലത്തിലൂടെ സഞ്ചരിച്ചത്‌. അഭിവാദ്യം അർപ്പിച്ച്‌ നീങ്ങിയ മുഖ്യമന്ത്രിയെ ആഹ്ലാദാരവങ്ങളോടെ ജനങ്ങൾ അനുഗമിച്ചു. സ്വപ്‌നപദ്ധതി യാഥാർഥ്യമാക്കിയ സർക്കാറിനോടും മുഖ്യമന്ത്രിയോടുമുള്ള സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കുകയായിരുന്നു നാട്‌. പ്രതികൂല കാലാവസ്ഥയായിട്ടും മേൽപാലം ഉദ്‌ഘാടന ചടങ്ങിൽ അതിരാവിലെ മുതൽ ജനങ്ങൾ കൊടുവള്ളിയിലേക്ക്‌ ഒഴുകിയെത്തി.


അഞ്ച്‌ വർഷത്തിനകം നൂറ്‌പാലമാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ലക്ഷ്യമിട്ടതെന്നും എന്നാൽ ഇതിനകം 147 പാലം പൂർത്തിയായതായും മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. ഇ‍ൗ സർക്കാറിന്റെ കാലാവധി പൂർത്തിയാവും മുമ്പ്‌ 200 പാലം പൂർത്തിയാക്കാനുള്ള കഠിനപ്രയ്‌തനത്തിലാണ്‌ വകുപ്പ്‌. ലെവൽ ക്രോസില്ലാത്ത കേരളം സ്വപ്‌ന പദ്ധതിയല്ലെന്നും കൊടുവള്ളിയിൽ ദീർഘകാലമായുള്ള ആവശ്യമാണിപ്പോൾ യാഥാർഥ്യമാവുന്നതെന്നും മന്ത്രി പറഞ്ഞു. കൊടുവള്ളി റെയിൽവെ മേൽപാലം ഉദ്‌ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.


കൊടുവള്ളി മേൽപാലം നിർമാണത്തിന്‌ പലഘട്ടങ്ങളിലായി തടസ്സങ്ങൾ നേരിട്ടതായി സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞു. സ്ഥലമെടുക്കലായിരുന്നു വലിയ കടമ്പ. വലിയ തുക നഷ്‌ട പരിഹാരം നൽകിയാണ്‌ ഭൂമിയേറ്റെടുത്തത്‌. ഒരാൾക്ക്‌ നഗരസഭ ബദൽ സംവിധാനമടക്കം ഒരുക്കികൊടുത്തു. കോടിയേരി ബാലകൃഷ്‌ണന്റെയും ഇ നാരായണന്റെയും വലിയ സ്വപ്‌നമായിരുന്നു ഇ‍ൗ പാലം. പാലം യാഥാർഥ്യമാക്കാൻ മുഖ്യമന്ത്രിയും പൊതുമരാമത്ത്‌ മന്ത്രിയും വലിയ പിന്തുണയാണ്‌ നൽകിയതെന്നും സപീക്കർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home